ADVERTISEMENT

ലോകത്തിന്റെ അറ്റത്തേയ്‌ക്കൊരു ട്രെയിന്‍യാത്ര, ഏതെങ്കിലും കഥയിലായിരിക്കും എന്നാണോ? എങ്കില്‍ ഇങ്ങനെയൊരു തീവണ്ടിയാത്രയുണ്ട്. ‌തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത്, ആന്‍ഡീസിനപ്പുറത്ത്, മനോഹരവും വര്‍ണാഭമായതുമായൊരു നഗരമുണ്ട്, ഉഷുവിയ. ഈ നഗരം ലോകത്തിന്റെ തെക്കേ അറ്റത്തുള്ള നഗരമായി കണക്കാക്കുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തിനപ്പുറത്ത് സ്ഥിതിചെയ്തിരുന്ന ജയില്‍ കോളനിയിലേക്ക് പോകാനായി നിർമിച്ച ഒരു ചെറിയ സ്റ്റീം റെയില്‍വേയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും അറ്റത്തേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ട്രെയിൻ. ഈ സതേണ്‍ ഫ്യൂജിയന്‍ റെയില്‍വേ വിനോദ സഞ്ചാരികളെ മനോഹരമായ പിക്കോ താഴ്‌വരയിലൂടെ, കനത്ത വനപ്രദേശമായ ടോറോയുടെ അതിശയകരമായ ദേശീയ ഉദ്യാനത്തിലൂടെ  കൊണ്ടുപോകുന്നു. ഇന്നുവരെ കാണാത്ത പ്രകൃതിദൃശ്യങ്ങളിലൂടെ വിസ്മയ യാത്ര. ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിന്‍യാത്രകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. 

the-train-of-end-of-world-2
The Train of The End of The World, Goran Jakus/Shutterstock

അമേരിക്കയിലെ കോളനിവല്‍ക്കരണത്തിന്റെ അവസാന പ്രദേശങ്ങളിലൊന്നാണ് ഉഷുവിയ. 1520 ല്‍ ഫെര്‍ഡിനാന്റ് മഗല്ലന്‍ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്, ദ്വീപുകളിലെ നേറ്റീവ് സെറ്റില്‍മെന്റുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന എല്ലാ തീപിടുത്തങ്ങളില്‍ നിന്നും പുകയില്‍ നിന്നും ഇവിടുത്തെ ദ്വീപുകള്‍ക്ക് ''ടിയറ ഡെല്‍ ഫ്യൂഗോ'' എന്ന് പേരിട്ടത് മഗല്ലനാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ആദ്യത്തെ കുടിയേറ്റക്കാരും മിഷനറിമാരും ഇവിടെയെത്തുകയും ഇന്ന് നമുക്കറിയാവുന്നതുപോലെയുള്ള നഗരം രൂപപ്പെടാനും തുടങ്ങി.

റെയില്‍വേയുടെ ചരിത്രം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഉഷുവിയ സ്ഥിതിചെയ്യുന്ന ഇസ്ലാ ഗ്രാന്‍ഡെ ഡി ടിയറ ഡെല്‍ ഫ്യൂഗോയെന്ന ദ്വീപ് അര്‍ജന്റീന സര്‍ക്കാര്‍ അപകടകരമായ കുറ്റവാളികളെ പാര്‍പ്പിക്കുന്നതിനുള്ള ശിക്ഷാ കോളനിയായി മാറ്റി. പനോപ്റ്റിക്കോണ്‍ ശൈലിയിലാണ് ജയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ദ്വീപിന്റെ ഒറ്റപ്പെടല്‍ കാരണം, ഇവിടെ നിന്ന് രക്ഷപ്പെടല്‍ ഏതാണ്ട് അസാധ്യമായിരുന്നു. ജയിലിനു ചുറ്റുമുള്ള വനത്തില്‍ നിന്നുളള തടികൊണ്ടാണ് അവര്‍ നഗരം പണിതത്. നഗരനിര്‍മാണത്തിനുള്ള സെറ്റില്‍മെന്റ്, ട്രാന്‍സ്‌പോര്‍ട്ട് നിര്‍മാണ സാമഗ്രികള്‍ എന്നിവ കൊണ്ടുവരുന്നതിനായിട്ടായിരുന്നു ഈ റെയില്‍വേ നിർമിച്ചത്. തടി റെയിലുകള്‍ ഉപയോഗിച്ചായിരുന്നു ആദ്യം റെയില്‍വേ നിര്‍മ്മിച്ചത്. 1909-ല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഈ പാത സ്റ്റീല്‍ റെയിലുകളും സ്റ്റീം ലോക്കോമോട്ടീവും ഉപയോഗിച്ച് നവീകരിച്ചു. തടവുകാര്‍ക്ക് പാചകം ചെയ്യാനും വിറകും കെട്ടിട നിർമാണത്തിനുള്ള തടിയും കൊണ്ടുവരാന്‍ ജയിലില്‍ നിന്ന് ഫോറസ്ട്രി ക്യാമ്പിലേക്ക് ട്രെയിന്‍ ഓടി. അങ്ങനെ അത് ട്രെന്‍ ഡി ലോസ് പ്രെസോസ് അഥവാ തടവുകാരുടെ ട്രെയിന്‍ എന്നറിയപ്പെട്ടു.

the-train-of-end-of-world-1
The Train of The End of The World, dsaprin/Shutterstock

മരം തീര്‍ന്നു തുടങ്ങിയപ്പോള്‍ റെയില്‍വേ ക്രമേണ വനത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇത് പൈപ്പോ നദിയുടെ താഴ്‌വരയെ പിന്തുടര്‍ന്ന് ഉയര്‍ന്ന പ്രദേശത്തേക്ക് പോയി. അങ്ങനെയാണ് ഇന്ന് സഞ്ചാരികളുടെ മനംകവരുന്ന ഈ മനോഹര റയില്‍പാത രൂപമെടുത്തത്. ജയില്‍ 1947 ല്‍ അടച്ചു,1982 ലെ ഫോക്ലാന്‍ഡ് യുദ്ധം അവസാനിക്കുകയും അര്‍ജന്റീനയില്‍ ജനാധിപത്യം പുനസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഈ നഗരം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടുനിന്നു. ഏറെക്കാലം വിസ്മൃതിയിലായിരുന്ന റെയില്‍വേ റൂട്ട് പിന്നീട് 500 എംഎം ഗേജില്‍ പുനര്‍നിര്‍മിക്കുകയും ടൂറിസ്റ്റ് റെയില്‍വേയായി വീണ്ടും പുനര്‍സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ സതേണ്‍ ഫ്യൂജിയന്‍ റെയില്‍വേ അല്ലെങ്കില്‍ ട്രെന്‍ ഡെല്‍ ഫിന്‍ ഡെല്‍ മുണ്ടോ ലോകാവസാനത്തിന്റെ ട്രെയിന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

ട്രെന്‍ ഡെല്‍ ഫിന്‍ ഡെല്‍ മുണ്ടോ റയില്‍വേ, ടിയറ ഡെല്‍ ഫ്യൂഗോ ദേശീയ ഉദ്യാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയിലൂടെ, ഹരിത വയലുകളിലൂടെ, കട്ടിയുള്ള വനത്തിലൂടെയും ജലം ഒഴിഞ്ഞ നദികളിലൂടെയും യാത്രക്കാരെ കൊണ്ടുപോകുന്നു. യാത്രക്കാര്‍ക്ക് പഴയ ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഈ യാത്രയില്‍ ലഭിക്കും.16 പേര്‍ക്ക് യാത്രചെയ്യാന്‍ ശേഷിയുള്ള കോച്ചുകളാണ് ഈ ട്രെയിനുള്ളത്. അതില്‍ കയറി കറുത്ത പുക തുപ്പി വനാന്തരങ്ങളിലൂടെ ഓടുന്ന കല്‍ക്കരി വണ്ടി മണ്‍മറഞ്ഞുപോയ സുവര്‍ണ കാലഘട്ടത്തിലേയ്ക്കു കൂടിയാണ് സഞ്ചാരികളെ നയിക്കുന്നത്.

English Summary: The Train of The End of The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com