ഇന്ത്യയില്‍ നിന്നു കുറഞ്ഞ ചെലവില്‍ പോയി വരാന്‍ പറ്റുന്ന 5 രാജ്യങ്ങള്‍
Mail This Article
ലോകം മുഴുവന്‍ ചുറ്റി വരാന്‍ മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും സാധാരണക്കാരായ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അതിനു വേണ്ടിവരുന്ന ചെലവ് ഒരു വലിയ പ്രശ്നമാണ്. ഇന്ത്യന്‍ കറന്‍സിക്ക് മറ്റു പല രാജ്യങ്ങളിലെയും കറന്‍സിയെക്കാള്‍ മൂല്യം കുറവാണ് എന്നതും യാത്ര ദുഷ്കരമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. തുടക്കത്തില്‍ അധികം ചെലവില്ലാതെ പോയി വരാന്‍ കഴിയുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് എപ്പോഴും നല്ലത്. അത്തരത്തിലുള്ള അഞ്ചു രാജ്യങ്ങള്‍ ഇതാ...
1. ശ്രീലങ്ക
ഇന്ത്യയില്‍ നിന്നും കുറഞ്ഞ ചെലവില്‍ പോയി വരാവുന്നതും അടുത്തുള്ളതുമായ രാജ്യങ്ങളില്‍ ഒന്നാണ് ശ്രീലങ്ക. ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പോവുകയാണെങ്കില്‍ സഞ്ചാരികള്‍ക്ക് അധിക ഇളവുകള്‍ ലഭിക്കും. സമ്പന്നമായ ബുദ്ധമത സംസ്കാരത്തിന്‍റെ ഭാഗമായ ചരിത്ര നിര്‍മിതികള്‍ക്കൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിസുന്ദരമായ നിരവധി സ്ഥലങ്ങളും ശ്രീലങ്കയിൽ ഉണ്ട്.
2. നേപ്പാള്‍
മനോഹരമായ ബാക്ക്പാക്കിങ് അനുഭവം സഞ്ചാരികള്‍ക്ക് നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ശരിയായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്നു നേപ്പാളിലേക്കുള്ള യാത്രക്ക് ഏകദേശം 15000 രൂപ മതിയാകും.
3. മാലദ്വീപ്
ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ സ്വര്‍ഗമാണ് മാലദ്വീപ്. കേരള തീരത്ത് നിന്ന് അടുത്താണ് എന്നതിനാല്‍ മാലദ്വീപുകാര്‍ ചികിത്സയ്ക്കും ഷോപ്പിങ്ങിനുമായി തിരുവനന്തപുരത്തേക്ക് വരാറുണ്ട്. രുചികരമായ വിഭവങ്ങളും സുന്ദരമായ കാലാവസ്ഥയും പഞ്ചാരമണല്‍ ബീച്ചുകളും മാലിദ്വീപിനെ എല്ലാ ഋതുക്കളിലും സഞ്ചാരികള്‍ക്ക് ഒരേപോലെ പ്രിയപ്പെട്ടതാക്കുന്നു.
കൊച്ചിയില്‍ നിന്നും മാലിദ്വീപിലേക്ക് 17000 രൂപ മുതലാണ് വിമാനചാര്‍ജ് വരുന്നത്. കൂടാതെ മാലിദ്വീപിലേക്ക് കൊച്ചി, മുംബൈ, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും ക്രൂയിസ് സൗകര്യങ്ങളും ഉണ്ട്.
4. വിയറ്റ്നാം
ബാക്ക്പാക്കര്‍മാര്‍ക്ക് പാട്ടും പാടി പോയി വരാവുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്നാം. സമ്പന്നമായ ചരിത്രവും ആരെയും മയക്കുന്ന പ്രകൃതിസൗന്ദര്യവും ഇഴചേരുന്ന വിയറ്റ്നാമിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യമാണ് ചെലവ് കുറവാണ് എന്നുള്ളത്. ഹോചിമിന്‍ സിറ്റി, ഹാനോയ്, ഹാലോംഗ് ബേ തുടങ്ങി ലോകപ്രശസ്തമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. തെക്കുകിഴക്കനേഷ്യയിലെ എട്ടോളം യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളും വിയറ്റ്നാമിലുണ്ട്.
5. മ്യാൻമാര്‍
ഇന്ത്യയില്‍ നിന്ന് റോഡ് വഴിയും മ്യാൻമാറില്‍ എത്താം. മണിപ്പൂരിന്‍റെ തലസ്ഥാന നഗരമായ ഇംഫാലിൽ നിന്നും റോഡ് വഴി ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് നേരിട്ട് കടക്കാം. രണ്ട് മോറെ, തമു എന്നീ ഗ്രാമങ്ങള്‍ യഥാക്രമം ഇന്ത്യയുടെയും മ്യാൻമാറിന്‍റെയും അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്നു.
ഇംഫാലിൽ നിന്ന് മോറെ വരെ ടാക്സി കിട്ടും, അവിടെ നിന്നും നടന്ന് തമുവിലേക്ക് കടക്കാം. വിമാനത്തില്‍ ആണെങ്കില്‍ സീസണ്‍ അനുസരിച്ച് 8,500 രൂപ മുതല്‍ മുകളിലേക്കാണ് ടിക്കറ്റ് ചാര്‍ജ്. ഇന്ത്യന്‍ സഞ്ചാരികള്‍ യാത്രക്ക് മുന്‍പേ ഇ വീസയ്ക്ക് അപേക്ഷിക്കണം.
English Summary: Budget Friendly Countries to Visit From India