ADVERTISEMENT

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട രാജ്യമാണ് തായ്‌ലന്‍ഡ്. പ്രകൃതിവൈവിദ്ധ്യവും സാംസ്‌കാരികത്തനിമയും മാത്രമല്ല, ഹൃദ്യമായ ആതിഥേയത്വവും സഞ്ചാരികളെ ഇവിടേക്ക് വീണ്ടും ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ഷവും ഏകദേശം 34 ലക്ഷം സന്ദര്‍ശകരാണ്‌ തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്യുന്നതെന്നാണ് കണക്ക്. ഇത്രയും പേര്‍ എത്തുന്ന ഇടമായതിനാല്‍, പ്രകൃതിദത്തമായ അദ്ഭുതങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാനും തായ്‌ലന്‍ഡ് മുന്‍കയ്യെടുക്കുന്നുണ്ട്. കേടുപാടുകള്‍ കൂടാതെ തലമുറകളോളം നിലനില്‍ക്കാനായി അവയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ ഇതിനോടകം തന്നെകൈക്കൊണ്ടിട്ടുണ്ട്. ഇങ്ങനെ, സംരക്ഷിക്കപ്പെട്ട അനേകം അപൂര്‍വ്വ മനോഹര ദൃശ്യങ്ങള്‍ തായ്‌ലാന്‍ഡിലുണ്ട്. അതിലൊന്നാണ് ത്രീ വെയ്ല്‍ റോക്ക്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്നതും തായ്‌ലന്‍ഡിലെ ഏറ്റവും പുതിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളുടെ പട്ടികയില്‍ വരുന്നതുമായ ഒന്നാണ് ഇത്. പേര് സൂചിപ്പിക്കുന്നതു പോലെ, ആകാശക്കാഴ്ചയില്‍, പച്ച നിറമുള്ള ഒരു കടലിലൂടെ നീന്തുന്ന തിമിംഗലങ്ങളുടെ ആകൃതിയിലുള്ള മൂന്നു പാറകളാണ് ഇവിടെയുള്ളത്. 'ഹിന്‍ സാം വാന്‍' എന്നാണ് പ്രാദേശികഭാഷയില്‍ ഇവയ്ക്ക് പേര്. പർവതങ്ങള്‍ക്കിടയില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈ പാറകള്‍ക്ക് 75 ദശലക്ഷം വർഷം പഴക്കമുണ്ട്.

Three-Whale-Rock-in-Thailand1
By Panwasin seemala/shutterstock

ബ്യൂംഗ് കാൻ പ്രവിശ്യയിലുള്ള ഫു സിംഗ് വനത്തിനുള്ളിലാണ് ഈ പാറകള്‍ ഉള്ളത്. ഫോര്‍വീലറുകള്‍ മാത്രമാണ് ഇവിടെ അനുവദനീയം. വനംവകുപ്പുമായി ബന്ധപ്പെട്ട് യാത്രക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ സൗകര്യമുണ്ട്. ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര ചെയ്യാം. വനംവകുപ്പിന്‍റെ ഷെയര്‍ ടാക്സികളും ലഭ്യമാണ്. 

പാറകളുടെ മുകളിലേക്കെത്താനായി ഒന്‍പതു വഴികളുണ്ട്. വെള്ളച്ചാട്ടങ്ങളും സസ്യജന്തു വൈവിദ്ധ്യങ്ങളുമെല്ലാം കണ്ടും അനുഭവിച്ചും, അങ്ങേയറ്റം ശാന്തമായ അന്തരീക്ഷത്തിലൂടെയുള്ള ഒരു യാത്രയാണിത്‌. ഈ പാറകള്‍ക്ക് മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന, ചുറ്റുമുള്ള വനപ്രദേശങ്ങളുടെ കാഴ്ച അതിമനോഹരമാണ്. കൂടാതെ, ദൂരെയായി മെക്കോംഗ് ബീച്ചും പക്കാഡിംഗ് ജില്ലയും ഫു വാ വനവുമെല്ലാം കാണാം. തായ്‌ലന്‍ഡിനു മുകളിലായി സൂര്യന്‍ അസ്തമിക്കുന്ന കാഴ്ച കാണുന്നതും അവിസ്മരണീയമായ അനുഭവമായിരിക്കും. 

2011-ലാണ് ജില്ലയിൽ നിന്നും പ്രവിശ്യയിലേക്ക് ബ്യൂംഗ് കാന് സ്ഥാനക്കയറ്റം കിട്ടിയത്. തായ്ലാന്റിന്‍റെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് സോങ്‌ക്രാൻ ഉത്സവം, തായ് ന്യൂ ഇയർ, റോക്കറ്റ് ഫെസ്റ്റിവൽ, ലോംഗ്-ബോട്ട് റേസിംഗ് തുടങ്ങി നിരവധി ആഘോഷങ്ങള്‍ അരങ്ങേറാറുണ്ട്. കൂടാതെ, ഫു വുവ വന്യജീവി സങ്കേതം, ചെറ്റ് സി, ടാഡ് കിനാരി, ടാഡ് വിമാന്റിഷിപ്പ് വെള്ളച്ചാട്ടം, ബ്യൂങ് ഖോംഗ് ലോംഗ്, ഫു ടോക്ക് തുടങ്ങിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. 

English Summary: Three Whale Rock in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com