താമരയില്‍ ഇരിക്കുന്ന വെള്ള ബുദ്ധൻ, ഇത് കാണേണ്ട കാഴ്ച
Mail This Article
പഗോഡകള്‍ക്ക് പേരു കേട്ട നഗരമാണ് വിയറ്റ്‌നാം. നഗരത്തിന്റെ ഏതു കോണിലേക്ക് നോക്കിയാലും ആരെയും ആകര്‍ഷിക്കുന്ന പഗോഡകള്‍ കാണാം. വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളുമായ ഇത്തരം പഗോഡ സന്ദര്‍ശനം എല്ലാ വിനോദസഞ്ചാരികളും ആഗ്രഹിക്കുന്നതാണ്. വിയറ്റ്‌നാമിലെത്തിയാല്‍ ഇനി തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പഗോഡയെ അറിയാം. വിയറ്റ്‌നാമിന്റെ സമീപ നഗരങ്ങളില്‍ നിന്നുനോക്കിയാല്‍ കാണാന്‍ കഴിയും വിധം വലിയൊരു കുന്നിന്‍ മുകളിലായി സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ. ആ പ്രതിമ തേടി എല്ലാവര്‍ഷവും ഇവിടെ എത്തുന്നത് പതിനായിരങ്ങളാണ്.
വിയറ്റ്‌നാമിലെ തെക്കന്‍ മധ്യ തീരത്തുള്ള നാ ട്രാങ് നഗരത്തിലെ ബുദ്ധക്ഷേത്രമാണ് ലോംഗ് സാന്‍ പഗോഡ. ഹായ് ഡക്ക് ക്ഷേത്രത്തിനൊപ്പം നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണിവിടം. കുന്നിന്‍മുകളില്‍ വലിയൊരു താമരയില്‍ ഇരിക്കുന്ന വിധമാണ് ബുദ്ധന്റെ പ്രതിമ. ഇതിനെ വൈറ്റ് ബുദ്ധപ്രതിമ എന്നും വിളിക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ലോംഗ് സോണ്‍ പഗോഡ (ചിയ ലോംഗ് സാന്‍) അതിശയകരമായ മുഖച്ഛായ, പരമ്പരാഗത ശൈലി, അലങ്കരിച്ച മൊസൈക് ഡ്രാഗണുകള്‍ തുടങ്ങി മനോഹര വാസ്തുവിദ്യയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. വളരെ സമാധാനം നിറഞ്ഞൊരു അന്തരീക്ഷമാണിവിടെ എന്നതാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകം.
വിയറ്റ്‌നാമിലെ ട്രായ് തുയ് എന്ന അറിയപ്പെടുന്ന കുന്നിന്‍മുകളിലായാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 193 പടികള്‍ കയറിവേണം മുകളിലെത്താന്‍. പടവുകൾ കയറിചെല്ലുമ്പോള്‍ ശാന്തനായി ചരിഞ്ഞുകിടന്നുറങ്ങുന്ന ബുദ്ധന്റെ മനോഹരമായ പ്രതിമ കാണാം. അതിന് ചുറ്റും 45 ശിഷ്യന്‍മാര്‍ നില്‍ക്കുന്ന കൊത്തുപണിയുമുണ്ട്. ഇതിനടുത്തായി പ്രാര്‍ത്ഥിക്കാനും സമയം ചെലവഴിക്കാനും പ്രത്യേകം സ്ഥലം ക്രമീകരിച്ചരിച്ചിട്ടുണ്ട്. മുകളിലേക്ക് കയറിചെല്ലുമ്പോള്‍ പഗോഡയുടെ പ്രവേശനകവാടത്തിലുള്ള രണ്ടു മാര്‍ബിള്‍ സിംഹങ്ങള്‍ ആയിരിക്കും സന്ദർശകരെ സ്വാഗതം ചെയ്യുക. ക്ഷേത്രത്തിന്റെ അകത്തളം അത്യന്തം ശാന്തസുന്ദരമാണ്. പരിശുദ്ധമായ സ്ഥലത്ത് ആരാധിക്കാനും സമാധാനം കണ്ടെത്താനും നിരവധി സഞ്ചാരികളും പ്രദേശവാസികളും ലോംഗ് സോണ്‍ പഗോഡയിലേക്ക് എത്തിച്ചേരാറുണ്ട്.
English Summary: Long Son Pagoda Vietnam