ADVERTISEMENT

സിനിമയിലും സീരിയലിലുമായി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഷഫ്ന. ഭർത്താവ് സജിൻ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലെ സ്റ്റാറാണ്. പുത്തന്‍ യാത്രാവിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് ഈ താരകുടുംബം. യാത്രകൾക്കു ചിറകുവിടർന്നത് വിവാഹശേഷമാണെന്നും ഇഷ്ടപ്പെട്ടയാളോടൊപ്പമുള്ള ഒാരോ യാത്രയും മധുരമുള്ള ഓർമകളാണെന്നും യാത്രയെ പ്രണയിക്കുന്ന സജ്ന പറയുന്നു. കല്യാണത്തിനുമുമ്പ് ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ലാത്ത ഷഫ്ന വിവാഹശേഷം സജിനൊപ്പം യാത്രകളുടെ തിരക്കിലായിരുന്നു.

shafna-trip5

ടെൻഷനിൽനിന്നു യാത്രയിലേക്ക്

നല്ല ടെന്‍ഷനടിച്ച് നടന്ന കല്യാണമായിരുന്നു ഞങ്ങളുടേത്. അന്നത്തെ ആ അന്തരീക്ഷത്തില്‍നിന്നു മാറാനും മനസ്സ് ശാന്തമാകാനും ഞങ്ങൾ പ്ലാൻ ചെയ്തത് യാത്രയായിരുന്നു. സജിനും അദ്ദേഹത്തിന്റെ ചേട്ടനും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ച് കൊടൈക്കനാലിലേക്കായിരുന്നു  ട്രിപ്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ യാത്രയും. പിന്നീട് ഒറ്റയ്ക്കുള്ള ആദ്യയാത്ര ഗോവയിലേക്കായിരുന്നു. എല്ലാവരും സ്ഥിരമായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളേക്കാൾ, അധികം അറിയപ്പെടാത്തതും തിരക്കില്ലാത്തതുമായ ഇടങ്ങളിലേക്കു യാത്രപോകാനാണ് ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇഷ്ടം. ഗോവ തിരക്കേറിയ സ്ഥലമാണെങ്കിലും അവിടെ എപ്പോഴും ഒരു ഹാപ്പി വൈബുണ്ട്. അതുകൊണ്ടാണ് ആദ്യ യാത്ര അങ്ങോട്ടേക്കാക്കാമെന്ന് കരുതിയത്. വീണ്ടും പോകാന്‍ താല്‍പര്യമുള്ള ഒരു ഡെസ്റ്റിനേഷന്‍ കൂടിയാണ് ഗോവ.

shafna-travel1

എപ്പോഴും മാടിവിളിക്കുന്ന ഹിമാലയം

ഹിമാലയത്തോടുള്ള ആവേശം ഒരിക്കലും തീരില്ല. സജിനും എനിക്കും ഒരുപാടിഷ്ടമാണ് ഹിമാലയം. ഏറ്റവും ആഗ്രഹിച്ച യാത്രയും അതുതന്നെ. ട്രെക്കിങ് എനിക്ക് ഇഷ്ടമാണ്. ഹിമാലയം വളരെ ശാന്തമായൊരിടമാണ്, അവിടുത്തെ തണുപ്പും മനോഹര കാഴ്ചകളുമൊക്കെ എത്ര കണ്ടാലും മതിവരില്ല. ഞാന്‍ രണ്ടോ മൂന്നോ പ്രാവശ്യം പോയിട്ടുണ്ട്. സജിന്‍ എത്രവട്ടം പോയിട്ടുണ്ടെന്നു കണക്കെടുക്കാന്‍ പോലുമാകില്ല. എപ്പോള്‍ യാത്രയ്ക്കു സമയം കിട്ടിയാലും ആദ്യം ഹിമാലയമാണ് മനസ്സില്‍ നിറയുന്നത്.

shafna1

കഴിഞ്ഞ വര്‍ഷം ആദ്യം ഹിമാലയവും ഗോവയും സന്ദർശിച്ചിരുന്നു. യാത്രാപ്രേമികള്‍ ആയതുകൊണ്ടുതന്നെ കുറേ പ്ലാനൊക്കെ ചെയ്തിരുന്നു. നീണ്ട ട്രിപ്പുകളും ലിസ്റ്റില്‍ ഉണ്ടായിരുന്നു. പക്ഷേ കൊറോണയും ലോക്ഡൗണും കാരണം അതൊക്കെ കാന്‍സൽ ചെയ്തു. കഴിഞ്ഞവര്‍ഷത്തെ ഹിമാലയം യാത്ര 15 ദിവസമെടുത്തായിരുന്നു. അവിടെ പലയിടങ്ങളും സന്ദര്‍ശിച്ചു, അവിടുത്തെ ആളുകള്‍ക്കൊപ്പം താമസിച്ചു. ഓരോ ദിവസവും ഓരോ പര്‍വതം ട്രെക്ക് ചെയ്തു. ഒരു ഗംഭീര ട്രിപ്പായിരുന്നു അത്. കാഴ്ചകൾ ആസ്വദിച്ചും അവിടുത്തെ ആളുകളുടെ ജീവിതരീതികൾ അറിഞ്ഞുമുള്ള ആ യാത്ര സന്തോഷം നിറഞ്ഞതായിരുന്നു. 

shafna-trip7

തണുപ്പുകാലമായതിനാല്‍ മഞ്ഞുപെയ്യുന്നതും കണ്ടു. ട്രെക്ക് ചെയ്ത് മുകളിലേക്ക് കയറുമ്പോള്‍ മഞ്ഞ് നമ്മുടെ മേല്‍ പതിക്കും. ആ യാത്ര കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള അനുഭവങ്ങള്‍ സമ്മാനിച്ചു. അതുപോലെ ഗോവയിലും ഞങ്ങള്‍ രണ്ടാഴ്ച ചെലവഴിച്ചു. മറ്റു യാത്രകള്‍ ഒന്നും പിന്നീട് നടന്നില്ലെങ്കിലും ഈ രണ്ടു യാത്രകളും ഗംഭീരമായിരുന്നു. 

shafna-travel

 

shafna-trip4

ഞങ്ങളുടെ യാത്ര പെട്ടെന്നു തീരുമാനിക്കുന്നതാണ്. ഷൂട്ടിനിടയില്‍ ഒരു ഗ്യാപ്പ് കിട്ടിയാല്‍ ആദ്യം ചെയ്യുന്ന കാര്യം എവിടേക്കെങ്കിലും യാത്ര പോകലാണ്. പതിനഞ്ചു ദിവസമൊക്കെ ഒരുമിച്ച് കിട്ടുകയാണെങ്കില്‍ നല്ലൊരു ട്രിപ്പ് പ്ലാന്‍ ചെയ്യും. കേരളത്തില്‍ കുറേയേറെ യാത്രകള്‍ നടത്തിയിട്ടുണ്ട്. തണുപ്പുള്ള സ്ഥലങ്ങളാണ് ഞങ്ങള്‍ക്കു കൂടുതല്‍ ഇഷ്ടം. മൂന്നാര്‍, വാഗമണ്‍, കുട്ടിക്കാനം, ഇടുക്കി അങ്ങനെ. അവിടെയൊക്കെ പോയാലും നേരത്തേ പറഞ്ഞതുപോലെ അധികം തിരക്കില്ലാത്ത സ്ഥലങ്ങള്‍ അന്വേഷിക്കും. 

shafna-trip2

ഒരിക്കല്‍ മൂന്നാറില്‍ ഒരു മഡ്ഹൗസില്‍ താമസിച്ചു. ഇന്റര്‍നെറ്റില്ല, മൊബൈല്‍ റേഞ്ചില്ല, ഒന്നുമില്ല... റൂമില്‍നിന്നു പുറത്തിറങ്ങിയാല്‍ മുന്നിൽ വലിയൊരു മലയാണ്, നിറയെ പൂക്കളും കിളികളും. ഞങ്ങളും മറ്റൊരു ഉത്തരേന്ത്യന്‍ കുടുംബവും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സ്ഥിരം ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോകുന്നതിൽ നന്നു വ്യത്യസ്തമായൊരു അനുഭവം. പ്രകൃതിയോടു ചേർന്നിരിക്കുന്ന യാത്ര. ഇത്തരം യാത്രകളാണ് ഞങ്ങള്‍ കൂടുതലും നടത്തുന്നത്. 

ഇന്ത്യന്‍ റോഡ് ട്രിപ്പും വേള്‍ഡ് ടൂറും

shafna-trip

എനിക്ക് വിദേശരാജ്യങ്ങള്‍ ‌സന്ദർശിക്കാൻ ഇഷ്ടമാണ്. പക്ഷേ സജിന് അങ്ങനെയല്ല, നമ്മുടെ നാട്ടിലെയും രാജ്യത്തെയും കാഴ്ചകള്‍ എത്രകണ്ടാലും മതിവരില്ലെന്നാണ് പറയുന്നത്. സ്വദേശം കണ്ടിട്ട് വിദേശത്തേക്കു പറക്കാം എന്നതാണ് സജിന്റെ നിലപാട്. കാറില്‍ രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിക്കണമെന്നാണ് ഞങ്ങള്‍ രണ്ടുപേരുടേയും സ്വപ്നം. അതിനുവേണ്ട സാഹചര്യവും സാമ്പത്തികവും ഒത്തുവന്നാല്‍  റോഡ് ട്രിപ്പ് ഞങ്ങള്‍ നടത്തും. പിന്നെയുള്ളത് വേള്‍ഡ് ടൂറാണ്. അതും ഒരു സ്വപ്‌നമാണ്.

എനിക്ക് വിദേശരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹമുള്ളയിടം ഗ്രീസിലെ സാന്റോറിനിയാണ്. സജിനാകട്ടെ കൈലാസവും. നമ്മുടെ നാടുകള്‍ കണ്ടുകഴിയുമ്പോള്‍ ഞങ്ങള്‍ വേള്‍ഡ് ടൂറിനുള്ള തയാറെടുപ്പുകള്‍ നടത്തും. വിദേശരാജ്യങ്ങളില്‍ പോയിട്ടില്ല എന്നല്ല. ദുബായ്, മാലദ്വീപ് ഒക്കെ പോയിട്ടുണ്ട്. എനിക്ക് പുതിയ നാടും നാട്ടുകാരെയും ജീവിതരീതിയുമൊക്കെ കാണാനും അറിയാനും ഭയങ്കര താല്‍പര്യമാണ്. പുറത്തുള്ളതിനേക്കാള്‍ മനോഹരമായ സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ എന്തിനാണു മറ്റിടങ്ങളിൽ പോകുന്നത് എന്നാണ് സജിന്‍ ചോദിക്കാറ്. അതൊരര്‍ത്ഥത്തില്‍ ശരിയുമാണ്, ഹിമാലയത്തിലേക്കു പലതവണ പോയെങ്കിലും ഒരോ യാത്രയിലും പുതിയ സ്ഥലങ്ങളുടെ കാഴ്ചകളാണ്.  ഇനിയും കാണാനേറെയുണ്ട് ഹിമാലയത്തിൽ.

സാഹസിക പ്രേമിയാണ് സജിന്‍

shafna-trip6

സജിന് അഡ്വഞ്ചര്‍ യാത്രകള്‍ ക്രെയ്‌സ് ആണ്. എനിക്ക് ഇഷ്ടമാണെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ പേടിയാകും. എന്നാലും എനിക്ക് ധൈര്യം നൽകി സജിൻ അഡ്വഞ്ചർ ആക്ടിവിറ്റികളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്‌കൂബാ ഡൈവിങ്, സ്‌നോര്‍ക്കലിങ്, പാരാഗ്ലൈഡിങ് എന്നിവ നടത്തിയിട്ടുണ്ട്. ഇക്കയ്ക്ക് ബങ്കി ജംപിങ്ങും ഇഷ്ടമാണ്. ഇക്കയുടെ കൂടെ ഞാനും ബങ്കി ജംപിങ് ചെയ്തു. 

കുളു മണാലി ട്രെക്കിങ്

shafna-trip1

എനിക്ക് ഇഷ്ടപ്പെട്ട യാത്രയാണ് കുളു മണാലി ട്രിപ്പ്. സാധാരണ ഞങ്ങളുടെ യാത്രകൾ തയാറെടുപ്പോടെയാണ്. ഹോട്ടൽ റൂം മുൻകൂട്ടി ബുക്ക് ചെയ്യും. എന്നാൽ മണാലി യാത്ര അ‍ഡ്വഞ്ചർ ലിസ്റ്റിൽ ഉൾപ്പെടുത്തിയതുകൊണ്ട് മുന്നൊരുക്കങ്ങൾ നടത്തിയില്ല. ട്രെക്കിങ്ങിനുള്ള ബാഗ് മാത്രം. ഫ്ളൈറ്റിൽ ഡൽഹി വരെ. അവിടുന്നു ബസ്സിൽ. എനിക്ക് ബൈക്ക് റൈ‍‍ഡിങ് ഒരുപാട്  ഇഷ്ടമാണ്. എത്ര മണിക്കൂർ വേണമെങ്കിലും ബൈക്കിൽ യാത്രപോകാം. ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണു കുളു മണാലി പ്രദേശങ്ങള്‍..! 

മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധിടങ്ങളുണ്ട്. ന്യൂ മണാലി, ഓള്‍ഡ് മണാലി, മാല്‍ റോഡ്, സോളങ് വാലി, ഹഡിംബ ടെമ്പിൾ‍, ഗുലാബ മഞ്ഞുമലകള്‍, റോത്താങ് പാസ് അങ്ങനെ നീളുന്നു. ഉയരത്തിലേക്കു കയറുംതോറും തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു. ഞങ്ങൾ പോകുന്ന വഴി പാരാഗ്ലൈഡിങ്ങും ചെയ്തു. കണ്ട ഒാരോ സ്ഥലത്തിനും അതിന്റേതായ ജീവിതരീതികളും സംസ്കാരവുമുണ്ട്. അതൊക്കെ മനസ്സിലാക്കാൻ സാധിച്ചു. 

അതുപോലെ മണാലിയില്‍നിന്നു ഡല്‍ഹിയിലേക്ക് ലോക്കല്‍ ബസില്‍ യാത്ര ചെയ്തത് ഏറ്റവും നല്ല ഓര്‍മകളിലൊന്നാണ്. അത്തരം ഒത്തിരി ഓര്‍മകള്‍ നിറഞ്ഞതാണ് ഞങ്ങളുടെ ഓരോ യാത്രയും. ഈ വര്‍ഷം യാത്രകള്‍ ഒട്ടും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല, സജിനൊടൊപ്പം ഇനിയും എന്റെ യാത്രകൾ തുടരുകയാണ്. 

 

English Summary: Celebrity Travel shafna and Sajin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com