ADVERTISEMENT

യാത്രകളിലൂടെ പല നാടുകളെപ്പറ്റി അറിയാനും പഠിക്കാനും അവിടുത്തെ കാഴ്ചകളാസ്വദിക്കാനുമൊക്കെ ഏറെ ഇഷ്ടമുള്ളയാളാണ് രഞ്ജിനി ഹരിദാസ്. ജോലി സംബന്ധമായും അല്ലാതെയും ധാരാളം യാത്ര ചെയ്യാറുണ്ട് താരം. അവിടങ്ങളിലേക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെയും കൂട്ടികൊണ്ടു പോകാനും മറക്കാറില്ല. ‘മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രപോകണം’ എന്നാണ് രഞ്ജിനി പറയുന്നത്. സാഹസിക യാത്രകളോടാണ് കൂടുതൽ ഇഷ്ടം. പോകേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ സംസ്കാരം, ആളുകൾ, ഭക്ഷണം, അടുത്തുള്ള സ്ഥലങ്ങൾ, ചരിത്രം എന്നുവേണ്ട സകലതും ഇന്റർനെറ്റിലൂടെ അരച്ചുകലക്കി പഠിച്ചാണ് താരത്തിന്റെ യാത്ര. ബീച്ച് യാത്രകളാണ് ഏറെ ഇഷ്ടമെങ്കിലും പ്രകൃതിയോട് ഇണങ്ങിയ യാത്രകളും രഞ്ജിനി നടത്താറുണ്ട്. 

2020 വർഷം എങ്ങനെ?

എല്ലാവരുടെയും പോലെ എനിക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന വർഷമായിരുന്നു 2020. മറിച്ച് ചിന്തിച്ചാൽ തിരക്കില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശരിക്കും ജീവിതം ആസ്വദിച്ചു എന്നു തന്നെ പറയാം. കുഞ്ഞൻ വൈറസ് പണി തന്നെങ്കിലും ലോക്ഡൗ‌ൺ കുറച്ച് ആശ്വാസകരമായിരുന്നു. എനിക്ക് ഒറ്റയ്ക്കിരിക്കാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് വലിയ പ്രയാസങ്ങൾ ലോക്ഡൗണിൽ തോന്നിയില്ല. ഇളവുകൾ വന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ‌ പാലിച്ച് യാത്രകളും ഞാൻ നടത്തിയിരുന്നു. 2020 ൽ സൗത്ത്അമേരിക്കൻ ട്രിപ് പ്ലാൻ ചെയ്തിരുന്നു. കോവിഡ് കാരണം നടന്നില്ല. ഇൗ വർഷമെങ്കിലും ആ യാത്ര നടക്കുമോ എന്ന ചിന്തയിലാണ് ഞാൻ.

ranjini-travel

ഏറ്റവും അടുത്ത് രഞ്ജിനി യാത്ര പോയത് കൂർഗ്,കബനി, വയനാട്, തേക്കടി ആണ്.  ഏറ്റവും പുതിയ വ്ലോഗ് കബനി യാത്രയുടേതാണ്. കൂർഗിലെ യാത്രയ്ക്ക് ശേഷം കബനി ആയിരുന്നു ലക്ഷ്യം. കൂർഗിലേക്കുള്ള യാത്രയും വിശേഷങ്ങളുമൊക്കെ ചാനലിലൂടെ രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. 

കൂർഗിലെ യാത്ര

പ്രകൃതിഭംഗികൊണ്ടും ആതിഥേയ മര്യാദകൊണ്ടും കീര്‍ത്തി നേടിയ കൂര്‍ഗ് എന്നും സഞ്ചാരികളുടെ പ്രധാന സഞ്ചാരയിടങ്ങളിലൊന്നാണ്. ഇന്ത്യയുടെ സ്‌കോട്‌ലന്‍ഡ് എന്നും കര്‍ണാടകയുടെ കശ്മീര്‍ എന്നും കൂര്‍ഗ് അറിയപ്പെടുന്നതിൽ യാതൊരു സംശയവുമില്ലെന്ന് അവിടെ എത്തുന്നവർക്ക് മനസ്സിലാകും. ഒരു പരിപാടിയുടെ ഭാഗമായാണ് താരം കൂർഗിലെത്തിയത്. 

ranjini-travel1

പ്രോഗാമിനു ശേഷം ആ നാടിന്റെ കാഴ്ചകളിലേക്ക് യാത്ര തിരിച്ചു. കൂർഗിലെ സുണ്ടിഗോപ എന്ന ഇടത്തെ കാപ്പിത്തോട്ടങ്ങളിലൂടെയും കുരുമുളക് പ്ലാന്റേഷനിലൂടെയും കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള നടത്തവും വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ കാപ്പിക്കുരുവിൽനിന്നു കാപ്പിപ്പൊടിയുണ്ടാക്കുന്ന പല ഘട്ടങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്. 

റെഡ് എർത്ത് റിസോർട്ട് സൂപ്പറാണ്

കൂർഗിൽനിന്നു കബനിയിലേക്കായിരുന്നു അടുത്ത യാത്ര. നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമാണ് കബനി. നിറയെ വന്യജീവികളെ കാണാൻ പറ്റുന്ന യാത്രയാണിത്. കബനിയിൽ സുഹൃത്തിന്റെ റിസോർട്ടായ റെഡ് എർത്തിലായിരുന്നു രഞ്ജിനിയുടെ താമസം. പ്രകൃതിയോടു ചേർന്ന ഈ റിസോർട്ട് കാഴ്ചയിലും അനുഭവത്തിലും വളരെ മനോഹാരിത നിറഞ്ഞയിടമാണ്. കബനി ഡാമിനോട് ചേർന്നാണ് ഇൗ റിസോർട്ട്. ഇവിടുത്തെ കാഴ്ചകളും ആരെയും വശീകരിക്കുന്നതാണ്. പ്രകൃതിക്ക് കോട്ടം വരുത്താത്ത രീതിയിലാണ് റിസോർട്ട് പണിതിരിക്കുന്നത്.

ranjini-travel2

ഇൗ റിസോർട്ടിന്റെ പ്രത്യേകത, ജോലിക്കാരിൽ ഭൂരിഭാഗവും ഇവിടുത്തെ ആദിവാസി ഗോത്രവർഗക്കാരാണ് എന്നുള്ളതാണ്. കൂടാതെ റിസോർട്ടിൽ എത്തുന്ന താമസക്കാർക്കായി എന്നും വൈകിട്ട് ട്രൈബൽ കമ്യൂണിറ്റികളുെട പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ കൂടുതൽ അറിയാനും പഠിക്കുവാനും ഇൗ റെഡ് എർത്ത് റിസോർട്ട് അവസരമൊരുക്കുന്നെന്നാണ് രഞ്ജിനി പറയുന്നത്. പിന്നീടുള്ള യാത്ര വയനാടും തേക്കടിയും ആയിരുന്നു. ശരിക്കും ആസ്വദിച്ച യാത്ര ആയിരുന്നു.

ranjini haridas

യാത്ര തുടരും

എനിക്ക് സ്വപ്നയാത്ര എന്നുള്ളതല്ല. ഇൗ ഭൂമിയിലുള്ള സുന്ദരഭൂമികളെല്ലാം കാണണം. മനോഹര കാഴ്ച ഒരുക്കിയ ഒരുപാട് സ്ഥലങ്ങൾ ഇൗ ഭൂമിയിലുണ്ട്. നോർത്ത് ഇൗസ്റ്റ് യാത്ര പോകാനായി പ്ലാനുണ്ട്. കഴിഞ്ഞ വർഷം മുടങ്ങിയ സൗത്ത് അമേരിക്ക ട്രിപ്പും ഇൗ വർഷം സാധ്യമാകുമോ എന്ന ചിന്തയിലാണ്. യാത്ര ഞാൻ തുടരും.

English Summary: Celebrity Travel Ranjini Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com