ADVERTISEMENT

ഇംഗ്ലണ്ടിലെ തെക്കന്‍ യോര്‍ക്ക്‌ഷയറിലുള്ള ഷെഫീല്‍ഡില്‍ നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന വാൺക്ലിഫ് ക്രാഗ്സില്‍ സഞ്ചാരികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയുണ്ട്. മതിലില്‍ കൊത്തി വച്ചിരിക്കുന്ന ഒരു ഭീമന്‍ ഡ്രാഗണിന്‍റെ തല. കഥകള്‍ ഉറങ്ങുന്ന ഈ മനോഹര കലാസൃഷ്ടി കാണാനായി മാത്രം നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.  

'ഡ്രാഗൺ ഓഫ് വാണ്ട്‍‍‍ലി' എന്നാണ് ഈ സൃഷ്ടിയുടെ പേര്. ആളുകളെ ഭയപ്പെടുത്തിയിരുന്ന ഒരു ഭീകരന്‍ ഡ്രാഗണിനെ കീഴ്പ്പെടുത്തിയ, സാഹസികനായ ഒരു യുവാവിനെക്കുറിച്ചുള്ള കഥയാണ്‌ ഇതിനു പിന്നില്‍. മരങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെ കണ്ണില്‍ കണ്ടതെല്ലാം വിഴുങ്ങുന്ന ഒരു ഡ്രാഗണ്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്നുവെന്നും മൂര്‍ എന്ന് പേരായ ഒരു യുവാവ് ഈ ഡ്രാഗണിനോട് പടവെട്ടി അതിനെ കൊന്നുവെന്നും ആണ് കഥ. ഷെഫീൽഡ് ടൗണ്‍ഹാളിന്‍റെ കവാടത്തില്‍ തന്നെയാണ് മൂറിന്‍റെയും ഡ്രാഗണിന്‍റെയും രൂപങ്ങള്‍ ഉള്ളത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1573 കാലഘട്ടത്തില്‍ നടന്ന ഒരു ഭൂമി തര്‍ക്കമാണ് ഈ കഥയുടെ മൂലരൂപം എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഷ്രൂസ്‌ബറിയുടെ ആറാമത്തെ പ്രഭുവായിരുന്ന ജോർജ്ജ് ടാൽബോട്ട്, ഷെഫീൽഡിലെ മാനർ പ്രഭുവിനെതിരെ ഒരു കേസ് ഫയൽ ചെയ്തു. നഗരത്തിന്‍റെ വികസനത്തിന്‌ വേണ്ടിയുള്ള വിവിധ ജോലികൾ, പള്ളി പരിപാലനം, ദരിദ്രരെ സഹായിക്കല്‍ എന്നിവക്ക് വേണ്ടി മാറ്റിവെച്ച പണം ദുരുപയോഗം ചെയ്തുവെന്ന കുറ്റം മാനര്‍ പ്രഭുവിനെതിരെ ആരോപിക്കപ്പെട്ടു. ഷെഫീൽഡിലെ ജനങ്ങളെ പ്രതിനിധീകരിച്ച്  കേസ് വാദിച്ച അഭിഭാഷകന്‍റെ പേരായിരുന്നു ജോർജ്ജ് മോർ എന്നത്.

വിവിധ കലാരൂപങ്ങളിലൂടെ ലോകത്തിനു മുന്നില്‍ വ്യത്യസ്ത രീതികളില്‍ അവതരിപ്പിക്കപ്പെട്ട ഈ കഥ വളരെയേറെ ജനപ്രിയമായി മാറി. തോമസ് പെർസിയുടെ കവിതകള്‍ക്കും അവിടെ നിന്ന്, ഹെൻ‌റി കാരിയുടെ ഓപ്പറയ്ക്കും ഓവൻ വിസ്റ്ററിന്റെ ഒരു നോവലിനും ഇത് പ്രചോദനമായി. 

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് വാൺക്ലിഫ് ക്രാഗ്സ്. ഡോൺ താഴ്‍‍‍വരയുടെ കിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 250 മീറ്റർ ഉയരത്തിൽ നിൽക്കുന്ന പാറക്കെട്ടുകള്‍ ആണ് ഇവ. ഏകദേശം നാല് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഇവിടത്തെ പാറകള്‍ 320 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പാലിയോസോയിക് കാലഘട്ടത്തിലാണ് രൂപപ്പെട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തായാണ് വാൺക്ലിഫ് ഹീത്ത് ലോക്കൽ നേച്ചർ റിസർവ് സ്ഥിതിചെയ്യുന്നത്. നൈറ്റ്ജാർ, ലിനെറ്റ്, വിവിപാറസ് ലിസാര്‍ഡ്, ഗ്രീന്‍ ടൈഗര്‍ ബീറ്റില്‍ തുടങ്ങിയ അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ ജീവിവര്‍ഗങ്ങളെ ഇവിടെ കാണാം. സഞ്ചാരികള്‍ക്ക് റോക്ക് ക്ലൈമ്പിങ്ങ് നടത്താനുള്ള അവസരവും ഈ പ്രദേശത്തുണ്ട്. 

English Summary: The Dragon of Wantley England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com