ADVERTISEMENT

'എല്ലാം മുകളിലിരിക്കുന്നവനറിയാം' എന്നുപറഞ്ഞ് കൈമലര്‍ത്തുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 'അദ്ദേഹം' എവിടെയാണ് ഇരിക്കുന്നതെന്ന്? കൃത്യമായി പറയാന്‍ ആര്‍ക്കും ആയിട്ടില്ലെങ്കിലും ആ തരത്തില്‍ സങ്കല്‍പ്പിക്കാവുന്ന ചില സ്ഥലങ്ങള്‍ നമ്മുടെ ഭൂമിയിലുണ്ട്. അത്തരത്തിലുള്ള ഒരിടമാണ് സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള ആര്‍തേഴ്സ് സീറ്റ്. പണ്ട് അഗ്നിപര്‍വത പ്രദേശമായിരുന്ന ഇവിടം ഇന്ന് നിരവധി ടൂറിസ്റ്റുകള്‍ വന്നെത്തുന്ന ഒരിടം. 

പ്രശസ്തമായ എഡിൻ‌ബർഗ് കോട്ടയില്‍ നിന്നു 1.6 കിലോമീറ്റർ അകലെ, നഗര കേന്ദ്രത്തിന് കിഴക്കായിട്ടാണ് ആര്‍തേഴ്സ് സീറ്റ് സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഇതിനു മുകളിലേക്ക് നടന്നുകയറാം. നഗരനിരപ്പില്‍ നിന്നും 250.5 മീറ്റർ ഉയരത്തില്‍ എഴുന്നു നില്‍ക്കുന്ന ഈ കുന്നില്‍ നിന്നു നോക്കിയാല്‍ കാണുന്ന കാഴ്ച അതിമനോഹരമാണ്. ഇതിനു മുകളിലേക്ക് കയറാൻ താരതമ്യേന എളുപ്പമായതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തിന് ഒരിക്കലും കുറവുണ്ടാകാറില്ല. ഏതു വശത്തു നിന്നു കയറാമെങ്കിലും കിഴക്കുഭാഗമാണ് കൂടുതല്‍ എളുപ്പം. റോക്ക് ക്ലൈംപിങ് പോലെയുള്ള സാഹസിക വിനോദങ്ങളും ഇവിടെ അരങ്ങേറാറുണ്ടായിരുന്നെങ്കിലും അപകടങ്ങള്‍ ഉണ്ടായത് കാരണം ഇത് ഇപ്പോള്‍ പെർമിറ്റ് ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

By Kasefoto
By Kasefoto/shutterstock

ബ്രിട്ടീഷ് രാജാവായിരുന്ന ആർതറിന്‍റെ പേരില്‍ നിന്നാണ് ഈ മലയ്ക്ക് പേര് കിട്ടിയതെന്ന് പറയാറുണ്ട്‌. ബ്രിട്ടീഷ് സ്വാധീനം ഇവിടെ മാത്രമല്ല, അടുത്തുള്ള മറ്റു പല ഭൂരൂപങ്ങളിലും കാണാം. ഇംഗ്ലീഷ് ലേക്ക് ജില്ലയിലെ സ്റ്റോൺ ആർതർ മറ്റൊരുദാഹരണമാണ്.

ഭൂമിശാസ്ത്രപ്രാധാന്യമുള്ള എഡിന്‍ബര്‍ഗ് അഗ്നിപർവത സൈറ്റിന്‍റെ പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങളിൽ ഏറ്റവും വലുതാണ് ആർതേഴ്സ് സീറ്റ്. കാൽട്ടൺ ഹിൽ, കാസിൽ റോക്ക് എന്നിവയാണ് മറ്റു ഭാഗങ്ങള്‍. എഡിൻ‌ബർഗ് കോട്ട നിർമിക്കപ്പെട്ടിരിക്കുന്ന പാറ പോലെ തന്നെ, ആദ്യകാല കാർബോണിഫറസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ കുന്ന് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നു ലഭിച്ച  341 മുതൽ 335 ദശലക്ഷം വർഷം വരെ പഴക്കമുള്ള ലാവ സാമ്പിളുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

സ്കോട്ട്ലാന്‍ഡിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ എഡിൻബർഗ്, യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. യുകെയില്‍ ലണ്ടന് പിന്നിലായി, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിൻബർഗ് നഗരത്തിലെത്തുന്നത് എന്നാണു കണക്ക്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളായ എഡിൻ‌ബർഗ് കോട്ട, ഹോളിറൂഡ്‌ഹൌസ് കൊട്ടാരം, ഓള്‍ഡ്‌ ടൗണ്‍, ന്യൂ ടൗണ്‍ എന്നിവയെല്ലാം സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്. എല്ലാ വർഷവും ഓഗസ്റ്റിൽ അരങ്ങേറുന്ന എഡിൻ‌ബർഗ് ഫെസ്റ്റിവലുകള്‍ക്ക് മാത്രമായി 4.4 ദശലക്ഷം പേര്‍ എത്തിച്ചേരാറുണ്ട്.

English Summary: Arthur’s Seat in Edinburgh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com