ADVERTISEMENT

ലോകത്തെ പർവതാരോഹകരുടെ സ്വപ്നമായ കിളിമഞ്ചാരോയെ കാൽക്കീഴിലാക്കി നിലമ്പൂർ എരുമമുണ്ട സ്വദേശി. അന്നാരതൊടിക മുസബ–അഫ്സത്ത് ദമ്പതികളുടെ മകൻ സഫ്‍വാൻ ആണ് തന്റെ ഇരുപത്തെട്ടാമത്തെ വയസ്സിൽ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ, ഒട്ടേറെ അഗ്നിപർവതക്കുന്നുകൾ ചേർന്ന കിളിമഞ്ചാരോ കീഴടക്കാൻ പ്രയാസമുള്ള കൊടുമുടിയായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. എബിസി ഗ്രൂപ്പിന്റെ ടാൻസാനിയയിലെ ടൈൽ കമ്പനിയിൽ ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്യുന്ന സഫ്‍വാൻ ടൂർ ഏജന്റ് വഴിയാണ് 7 പേർ ഉൾപ്പെട്ട സംഘത്തോടൊപ്പം 19,341 അടി (5895 മീറ്റർ) ഉയരമുള്ള കൊടുമുടി കയറിയത്.

4 ദിവസത്തെ നടപ്പ്, 5895 മീറ്റർ ഉയരം

മൈനസ് 17 ഡിഗ്രി തണുപ്പിൽ കനത്ത മഞ്ഞുവീഴ്ചയെ അതിജീവിച്ചായിരുന്നു ഏഴംഗ സംഘത്തിന്റെ സാഹസിക യാത്ര. 4 ദിവസം കൊണ്ട് 5895 മീറ്റർ കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പ്രതികൂല കാലാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും മൂലം 5 പേർ പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. സഫ്‍വാനും ദീക്ഷിത് എന്നയാളും മാത്രമാണ് യാത്ര പൂർത്തിയാക്കിയത്. മോഷി നഗരത്തിൽനിന്നായിരുന്നു യാത്ര തുടങ്ങിയത്. ഉഹ്റു പീക്ക് ആയിരുന്നു ലക്ഷ്യം. 6 വഴികൾ ഉഹ്റു പീക്കിലേക്ക് ഉണ്ടെങ്കിലും മറങു കവാടം വഴിയാണ് സഫ്‍വാനും സംഘവും കൊടുമുടി കയറ്റം ആരംഭിച്ചത്. മോഷിയിൽനിന്ന് ഒന്നര മണിക്കൂർ ബസിൽ യാത്ര ചെയ്താണ് മറങു കവാടത്തിലെത്തിയത്. അവിടെനിന്ന് യാത്രയ്ക്ക് ആവശ്യമായ രേഖകളൊക്കെ തയാറാക്കി. ടൂർ ഏജന്റ് മുഖേനെയുള്ള യാത്രയായതിനാൽ പേപ്പർ ജോലികൾ വേഗത്തിൽ നടന്നു. ടാൻസാനിയയിൽ കളിമഞ്ചാരോ യാത്ര ഒരുക്കുന്ന വിവിധ ടൂർ ഏജൻസികളുണ്ട്. 1000 മുതൽ 2000 ഡോളർ വരെയാണ് യാത്രയ്ക്ക് ചെലവു വരുന്നത്. ക്ലൈംബിങ് ഷൂസ്, സ്റ്റിക്, ജാക്കറ്റ്, വാം ഹാറ്റ്, മഴക്കോട്ട്, ഗ്ലൗസ് തുടങ്ങിയവ ഉൾപ്പെട്ട കിറ്റും യാത്രയിലെ ഭക്ഷണവും അടിയന്തര ഘട്ടത്തിലേക്കുള്ള മരുന്നും പാക്കേജിൽ ഉൾപ്പെടും. പരിചയസമ്പന്നനായ ഒരു നാട്ടുകാരൻ വഴികാട്ടിയായും ഒപ്പമുണ്ടാകും.

സൂപ്പ് കുടിച്ച് ടെന്റിൽ ഉറങ്ങി

Kilimanjaro2

മറങു കവാടത്തിൽനിന്നാണ് ഉഹ്റു പീക്കിലേക്കു കാൽനട യാത്ര ആരംഭിക്കുന്നത്. തിങ്ങിനിറഞ്ഞ മഴക്കാടുകളിലൂടെ 7 കിലോമീറ്റർ യാത്ര ചെയ്ത് 2700 മീറ്റർ ഉയരത്തിലുള്ള മന്ദര ഹട്ടിലാണ് ആദ്യ ദിവസത്തെ യാത്ര അവസാനിച്ചത്. വൈകിട്ട് 5 മണിയോടെ മന്ദര ഹട്ടിലെത്തി. അവിടെ ടെന്റ് കെട്ടിയായിരുന്നു താമസം. ഭക്ഷണം തയാറാക്കാനുള്ള സംവിധാനങ്ങളും ഗൈഡുമാർ കരുതിയിരുന്നു. വെജിറ്റബിൾ സൂപ്പും മറ്റു ചില ആഫ്രിക്കൻ വിഭവങ്ങളുമായിരുന്നു മെനു.

രണ്ടാം ദിവസം രാവിലെ 8.45ന് ആരംഭിച്ച യാത്ര 11 കിലോമീറ്റർ പിന്നിട്ട് ഹോറോമ്പോ ഹട്ടിലാണ് അവസാനിച്ചത്. ഉയരം കുറഞ്ഞ മരങ്ങളും പാറക്കെട്ടുകളും ഉൾപ്പെട്ട വഴികൾ താണ്ടിയാണ് സമുദ്രനിരപ്പിൽനിന്ന് 3700 മീറ്റർ ഉയരത്തിലുള്ള ഹോറോമ്പോയിൽ എത്തിയത്. മൂന്നാം ദിവസം 4700 അടി ഉയരത്തിലുള്ള കിബോ ഹട്ട് ലക്ഷ്യമാക്കിയായിരുന്നു യാത്ര. 9 കിലോമീറ്ററായിരുന്നു ഇവിടേക്കുള്ള ദൂരം. മരുഭൂമി പോലെ പരന്നുകിടക്കുന്ന ഈ സ്ഥലത്ത് പക്ഷേ, അതിശൈത്യമായിരുന്നു. യാത്രയിൽ ആദ്യമായി മഞ്ഞുമഴ പെയ്തതും കിബോയിലേക്കുള്ള യാത്രയിലാണ്.

അവശേഷിച്ച 2 പേർ സ്വപ്നത്തിലേക്ക്

യാത്രയുടെ അവസാന ലക്ഷ്യമായ ഉഹ്റുവിലേക്ക് കിബോയിൽനിന്ന് 6 കിലോമീറ്റർ ദൂരമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം സംഘത്തിലെ 3 പേർ കിബോയിൽ യാത്ര അവസാനിപ്പിച്ചു. ‘എസ്’ ആകൃതിയിലുള്ള കയറ്റവും 70 ഡിഗ്രി കുത്തനെയുള്ള കയറ്റവുമായതിനാൽ പുലർച്ചെ ഒരു മണിക്ക് യാത്ര ആരംഭിച്ചു. കൊടും തണുപ്പിൽ കയ്യിൽ കരുതിയ വെള്ളം പോലും ഐസായി മാറിയിരുന്നു. ഒരു കിലോമീറ്റർ പിന്നിട്ടപ്പൊഴേ 2 പേർ യാത്ര അവസാനിപ്പിച്ച് തിരിച്ചിറങ്ങി. സഫ്‍വാനും ദീക്ഷിത് എന്നയാളും മാത്രമാണ് മുന്നോട്ടുപോകാം എന്നു തീരുമാനിച്ചത്. 2 ഗൈഡുമാരും ഇവർക്കൊപ്പം നിന്നു. തുടർച്ചയായ ഛർദിയാണ് സഫ്‍വാനെ അലട്ടിയത്. ഓരോ തവണ ഛർദിക്കുമ്പോഴും ശ്വാസതടസ്സവുമുണ്ടാകും. വെള്ളം കുടിച്ച് വിശ്രമിക്കുക മാത്രമാണ് ഏക പോംവഴി. അഞ്ചോ ആറോ ചുവട് നടന്നുകഴിയുമ്പോൾ 2 മിനിറ്റ് വീതം വിശ്രമിച്ചാണ് ബാക്കിയുള്ള ദൂരം താണ്ടിയത്.

Kilimanjaro1

ഏറെ നേരത്തെ കഷ്ടപ്പാടിനൊടുവിൽ രാവിലെ 8.40ന് 5681 മീറ്റർ ഉയരത്തിലുള്ള ഗിൽമൻസ് പോയിന്റിലെത്തി. മേ‌ഘക്കൂട്ടത്തിനു മുകളിൽനിന്ന് ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയം ആസ്വദിച്ചു. 10 മിനിറ്റ് വിശ്രമത്തിനു ശേഷം മഞ്ഞുമൂടിയ വഴിയിലൂടെ 2 കിലോമീറ്റർ പിന്നിട്ട് ഉഹ്റു പീക്കിലെത്തി, ഇന്ത്യയുടെ ദേശീയപതാക നെഞ്ചോടുചേർത്തു. രണ്ടര ദിവസം കൊണ്ടായിരുന്ന മടക്കയാത്ര. സഹപ്രവർത്തകരും കുടുംബാംഗങ്ങളും നൽകിയ പിന്തുണയാണ് സാഹസിക യാത്ര പൂർത്തിയാക്കാൻ തന്നെ സഹായിച്ചതെന്ന് സഫ്‍വാൻ പറയുന്നു. ഷാഹാ ജുമാനയാണ് സഫ്‍‌വാന്റെ ഭാര്യ. സഫ്‍ന, റുമൈസ എന്നിവർ സഹോദരങ്ങളാണ്.

English Summary: Malayali's Mount Kilimanjaro Climbing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com