ആപ്പിളും സ്ട്രോബെറിയും വിളയുന്ന നാട്; തോട്ടങ്ങളില്‍ നിന്നും നേരിട്ട് തീൻമേശയിലേക്ക്
Mail This Article
'ഫാം ടു ടേബിൾ' എന്ന പദം ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. തോട്ടത്തില്‍ നിന്നും നേരിട്ട് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് വിഭവങ്ങള്‍ പാകം ചെയ്യുന്നതിനെയാണ് ഈ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. എത്രത്തോളം ഫ്രഷായ ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത് എന്ന് കാണിക്കാനാണ് പല റെസ്റ്റോറന്റുകളും ഈ പദം ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍, ഫാം-ടു-ടേബിൾ എന്ന ആശയത്തോട് യഥാർത്ഥത്തിൽ നീതി പുലർത്തുന്ന റെസ്റ്റോറന്റുകളുടെ ഒരു നീണ്ട നിര തന്നെ ഉള്ള ഒരു യു എസ് സംസ്ഥാനമാണ് വിർജീനിയ. ഫ്രഷ് ഭക്ഷണ പ്രേമികളുടെ പറുദീസ എന്നും ഇതിനെ വിളിക്കാം.
വിർജീനിയയില്‍ ഇത്തരത്തിലുള്ള ഭക്ഷണം ലഭിക്കുന്ന നിരവധി ഇടങ്ങളുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ഏറ്റവും മികച്ച ഒരു റെസ്റ്റോറന്റാണ് ലൂഡൗൺ കൗണ്ടിയിൽ പാറ്റോമാക് നദിക്കരയിലായി സ്ഥിതിചെയ്യുന്ന ദി ഷാക്ക്. ആധികാരികമായ ഫാം-ടു-ടേബിൾ ഡൈനിംഗ് അനുഭവമാണ് ഇവര്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഇവിടെ വിളമ്പുന്ന വിഭവങ്ങള്‍ക്കായി പച്ചക്കറികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഒരു തോട്ടവും ഇവര്‍ പരിപാലിക്കുന്നുണ്ട്.
തോട്ടങ്ങള്‍ കാണാന്‍ പോകാം
കൃഷി ചെയ്യുന്ന തോട്ടങ്ങള്‍ നടന്നു കാണാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. ഷാർലറ്റ്‌സ്‌വില്ലിനടുത്തുള്ള കാർട്ടർ മൗണ്ടൻ ഓർച്ചാർഡ് പോലുള്ള സ്ഥലങ്ങളിൽ ആപ്പിളും പീച്ചുകളും വിളയുന്നത് കാണാം. അല്ലെങ്കിൽ ഗ്രീൻബ്രയർ ഫാംസില്‍ സ്ട്രോബെറി വിളഞ്ഞു കിടക്കുന്നത് കാണാം. ബീഗിൾ റിഡ്ജ് ഗാർഡൻസ് പോലുള്ള സ്ഥലങ്ങളിൽ വിവിധ ഔഷധസസ്യങ്ങളും കാണാന്‍ അവസരമുണ്ട്.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ കാണുക മാത്രമല്ല അവയുടെ ഉറവിടങ്ങളില്‍ നിന്നും നേരിട്ട് വാങ്ങാനും കഴിയും. ഉദാഹരണത്തിന്, ഷാർലറ്റ്‌സ്‌വില്ലിനടുത്തുള്ള കരോമോണ്ട് ഫാംസ് പോലുള്ള സ്ഥലങ്ങളിൽ ഗുണമേന്മയുള്ള ചീസ് ലഭിക്കും. ലൂ ഡൗൺ കൗണ്ടിയിലെ ആഗ് ഡിസ്ട്രിക്റ്റ് സന്ദര്‍ശിച്ചാല്‍ രുചിയേറിയ വൈനുകള്‍ പിറവിയെടുക്കുന്ന മുന്തിരിത്തോട്ടങ്ങളിലൂടെ യാത്ര ചെയ്യാം.
ഷെഫ് ആയ ഇയാൻ ബോഡൻ ആണ് ഈ റെസ്റ്റോറന്റിന്‍റെ ഉടമ. ഉയർന്ന നിലവാരമുള്ള ഭക്ഷണം വിളമ്പുക എന്നതായിരുന്നു തുടങ്ങുമ്പോള്‍ ഇയാന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത്. വിർജീനിയയുടെ കാർഷിക ഉല്‍പ്പാദനത്തിന്‍റെ നാലിലൊന്ന് നടക്കുന്ന ഷെനാൻഡോവ താഴ്‌വരയുടെ മധ്യത്തിലാണ് ഈ റെസ്റ്റോറന്റ്.
ഇവിടെയുള്ള മെനുവിൽ ഭക്ഷണ വിഭവങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കും. പ്രാദേശിക കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയും വിർജീനിയയില്‍ ഉണ്ടാക്കുന്ന ബിയറുകളും വൈനുകളും വിളമ്പുകയും ചെയ്യുന്നത് മുതല്‍ക്ക് തന്നെ, പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെ പ്രാധാന്യം യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഷെഫ് ഇയാൻ ദി ഷാക്കിലെ ഭക്ഷണരീതി ക്രമീകരിച്ചിരിക്കുന്നത്.
മാര്‍ക്കറ്റുകള്‍ കാണാം
വിർജീനിയയിലുടനീളം കാണപ്പെടുന്ന കർഷക വിപണികള്‍ സന്ദർശിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. അലക്സാണ്ട്രിയയില്‍ 1753 ൽ സ്ഥാപിതമായ ഓള്‍ഡ് ടൌണ്‍ ഫാർമേഴ്‌സ് മാർക്കറ്റ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കർഷക വിപണികളിലൊന്നാണ്. ജോർജ്ജ് വാഷിംഗ്ടൺ, താന്‍ വെർനോൺ പർവതത്തിൽ ഉല്‍പ്പാദിപ്പിച്ച വസ്തുക്കള്‍ വിൽക്കാൻ അയച്ചത് ഇവിടേക്കായിരുന്നു. പീക്ക് സീസണിൽ, ഇവിടെ 70 ലധികം കച്ചവടക്കാരെ കാണാം.
പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, കോഴി, പാൽക്കട്ടി, റൊട്ടി, പേസ്ട്രി, പാസ്ത, അച്ചാറിട്ട പച്ചക്കറികൾ, പൂക്കൾ, പോട്ടിംഗ് സസ്യങ്ങൾ, സോപ്പുകൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് വാങ്ങാം.
വിർജീനിയയിലെ മറ്റൊരു പ്രധാന മാര്‍ക്കറ്റാണ് റൊനോക്ക് സിറ്റി മാർക്കറ്റ്. 1882-ൽ ആരംഭിച്ച ഈ മാര്‍ക്കറ്റില്‍ പ്രാദേശികമായി വളർത്തുന്ന സസ്യങ്ങൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും വില്‍ക്കുന്നത്.
English Summary: Farm Fresh Cuisine Virginia