തടാകത്തിനു നടുവിലെ കൃത്രിമദ്വീപ്; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം
Mail This Article
ജര്‍മനിയിലെ ഹാനോവര്‍ പ്രവിശ്യയില്‍, വടക്കു പടിഞ്ഞാറന്‍ ജര്‍മനിയിലെ ഏറ്റവും വലിയ തടാകമായ സ്റ്റൈന്‍ഹുഡര്‍ മിയറില്‍ സ്ഥിതി ചെയ്യുന്ന ഒരു കൃത്രിമ ദ്വീപാണ് വില്‍ഹെംസ്റ്റൈന്‍. സൈനികരുടെ കോട്ടയായി ഉപയോഗിക്കാന്‍, പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ ഭരണാധികാരി കൗണ്ട് വില്യമാണ് ഈ ദ്വീപ് നിര്‍മിച്ചത്. 1772 ൽ ഈ ദ്വീപ് ആദ്യത്തെ ജർമൻ അന്തർവാഹിനിയായ സ്റ്റെയ്ൻഹുഡ് ഹെച്ചിന്‍റെ താവളമായി ഉപയോഗിച്ചിരുന്നു. ഹഗൻബർഗിന് സമീപമുള്ള ഈ ദ്വീപ് ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളില്‍ കൊണ്ടുവന്ന കല്ലുകള്‍ ഉപയോഗിച്ചാണ് ഈ ദ്വീപ് നിര്‍മിച്ചത്. സ്വന്തം നാട്ടില്‍ ആര്‍ക്കും കടന്നുവരാനാവാത്ത ഒരു ഇടം നിര്‍മിക്കുക എന്നതായിരുന്നു വില്യമിന്‍റെ ആശയം. പതിനെട്ടാം നൂറ്റാണ്ടിലെ നിരവധി വസ്തുക്കള്‍ സൂക്ഷിച്ച ഒരു മ്യൂസിയം ഇവിടെയുണ്ട്. സ്റ്റൈൻഹുഡ്, മർഡോർഫ് എന്നിവിടങ്ങളിൽനിന്നു സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ ബോട്ട് സര്‍വീസുണ്ട്. തടാകത്തിനു നടുവില്‍ ഒരു ചതുരക്കട്ട പോലെ കിടക്കുന്ന ഈ ദ്വീപിന്‍റെ ആകാശക്കാഴ്ച അതിമനോഹരമാണ്. ഇപ്പോള്‍ നിരവധി ടൂര്‍ കമ്പനികൾ സഞ്ചാരികള്‍ക്ക് ഇവിടേക്ക് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നുണ്ട്.
ബോട്ട് വഴി ദ്വീപില്‍ എത്തിയാല്‍ സഞ്ചാരികള്‍ ഒരു ടോക്കണ്‍ വാങ്ങേണ്ടതുണ്ട്. ഷാംബർഗ്-ലിപ്പെ ബറ്റാലിയന്‍റെ യൂണിഫോമുകളും ആയുധങ്ങളും സൈനികര്‍ ഉപയോഗിച്ചിരുന്ന മറ്റു ചില സാമഗ്രികളും ഇവിടെയുള്ള മ്യൂസിയത്തില്‍ കാണാം. തടാകത്തിന്‍റെ മനോഹരമായ ദൃശ്യമാണ് ഇവിടെനിന്നു നോക്കിയാല്‍ സഞ്ചാരികള്‍ക്ക് കാണാനാവുക. ഇവിടെ ഒരു കഫേയും റസ്റ്ററന്റുമുണ്ട്.
സ്റ്റൈന്‍ഹുഡര്‍ മിയര്‍ തടാകം നാട്ടുകാർക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്ന് പ്രകൃതി സംരക്ഷണ കേന്ദ്രമായ സ്റ്റൈൻഹുഡർ മിയര്‍ നേച്ചർ പാർക്കിന്‍റെ ഹൃദയഭാഗത്താണ് തടാകം സ്ഥിതിചെയ്യുന്നത് എന്നതിനാല്‍ നിരവധി പരിസ്ഥിതിപ്രേമികളും ഇവിടേക്കെത്തുന്നു.
സഞ്ചാരികള്‍ക്ക് ജലയാത്രയ്ക്കായി മൂന്ന് കപ്പലുകളും നിരവധി ചെറിയ ബോട്ടുകളുമുണ്ട്. തടാകത്തിനു ചുറ്റുമായി ഏകദേശം 35 കിലോമീറ്റർ നീളത്തില്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ട് ബൈക്കോടിക്കാന്‍ പറ്റിയ സുന്ദരമായ ഒരു പാതയുമുണ്ട്.
English Summary: Wilhelmstein Island in Germany