മഞ്ഞു മൂടിയ നദിയിലെ മരക്കൂട്ടിൽ താമസിക്കാം: ഇത് 5 സ്റ്റാർ സൗകര്യങ്ങളുള്ള ആഡംബര ഹോട്ടല്‍
Mail This Article
നദിക്ക് മുകളില്‍ ഒരു ഭീമന്‍ കിളി കൂട് കൂട്ടിയത് പോലെ തോന്നും, സ്വീഡനിലെ ആര്‍ട്ടിക് ബാത്ത് എന്ന് പേരുള്ള ആഡംബര ഹോട്ടല്‍ കണ്ടാല്‍. ഇത്, സഞ്ചാരികളുടെ മനം കവരുന്നത് അതിന്‍റെ വ്യത്യസ്തമായ രൂപഘടനയുടെ പേരിലാണ്. പുറമേ മരക്കഷ്ണങ്ങള്‍ കൂട്ടിയിട്ട് പൊതിഞ്ഞ നിലയിലുള്ള ഡിസൈന്‍ ഇതിന് ഒരു കിളിക്കൂടിന്‍റെ രൂപം നല്‍കുന്നു. ചുറ്റുമുള്ള പ്രകൃതിയുമായി പൂര്‍ണ്ണമായും തന്മയത്വം പ്രാപിച്ചുകൊണ്ട്, ലുലെ നദിക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍ട്ടിക് ബാത്ത് സ്വപ്നസമാനമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്.
ഡോഗ് സ്ലെഡ്ഡിങ്, സ്നോഷൂ ഹൈക്കിങ്, യോഗ, കരടി-നിരീക്ഷണം, വന്യജീവി ഫോട്ടോഗ്രഫി തുടങ്ങി നിരവധി വിനോദങ്ങളും ഈ ആർട്ടിക് പ്രദേശത്ത് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
പ്രകൃതിയ്ക്ക് ഒട്ടും കോട്ടമേല്‍ക്കാതെ, പരിസ്ഥിതി സംരക്ഷണത്തിനു മുന്‍ഗണന നല്‍കിക്കൊണ്ട് സ്വീഡിഷ് ആർക്കിടെക്റ്റുകളായ ബെർട്ടിൽ ഹാഗ്സ്ട്രോം, ജോഹാൻ കൗപ്പി എന്നിവർ ചേര്‍ന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.
വേനല്‍ക്കാലത്തും മഞ്ഞുകാലത്തും വ്യത്യസ്തമാണ് ഇവിടത്തെ താമസം. മഞ്ഞുകാലത്ത്, ഹോട്ടൽ ചുറ്റും മഞ്ഞില്‍ പൊതിഞ്ഞിരിക്കും. വേനൽക്കാലത്താവട്ടെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണാം. ആർട്ടിക് ബാത്തിൽ ആഡംബര സൗകര്യങ്ങളോട് കൂടിയ 12 മുറികളുണ്ട്. ഇതില്‍ ആറെണ്ണം റിവർ ക്യാബിനുകളും ബാക്കി ആറെണ്ണം ലാൻഡ് ക്യാബിനുകളുമാണ്. വൃത്താകൃതിയിലുള്ള ഹോട്ടല്‍ കെട്ടിടത്തിനു നടുവിലായി പ്രകൃതിദത്തമായ തണുത്ത വെള്ളം നിറച്ച ഒരു സ്പാ ഉണ്ട്. നോർഡിക് രാജ്യങ്ങളുടെ മാതൃകയില്‍ തന്നെ ആവിക്കുളിക്കും മസാജിനുമെല്ലാം സൗകര്യമുണ്ട്. ആൻ കാത്‌റിൻ ലണ്ട്ക്വിസ്റ്റ് എന്ന ആര്‍ക്കിടെക്റ്റ് രൂപകൽപ്പന ചെയ്ത ലാൻഡ് ക്യാബിനുകളിൽ ഗ്ലാസ് ചുവരുകള്‍ ആണ് ഉള്ളത്. ഹീറ്റര്‍, വൈ-ഫൈ, സ്പായിൽ ധരിക്കേണ്ട ബാത്ത്‌റോബുകൾ, സ്ലിപ്പറുകൾ, നീന്തൽ വസ്ത്രങ്ങൾ എന്നിവയെല്ലാം ഈ മുറികള്‍ക്കുള്ളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ലുലെ എയർപോർട്ടിൽ നിന്ന് ഏകദേശം 50 മൈൽ അകലെയുള്ള ഹരാഡിലാണ് ഈ ഒഴുകും ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. ബോഡൻ വിമാനത്താവളത്തിൽ നിന്നും ട്രെയിൻ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് എത്താന്‍ ഗതാഗത സൗകര്യമുണ്ട്. ശൈത്യകാലത്ത് നോർത്തേൺ ലൈറ്റ്സിന്റെ സൗന്ദര്യവും വേനൽക്കാലത്ത് അർദ്ധരാത്രിയില്‍ ഉദിച്ചുനില്‍ക്കുന്ന സൂര്യന്‍റെ കാഴ്ചയും ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണിത്. ഇവിടത്തെ ഏറ്റവും അത്ഭുതം നിറഞ്ഞ അനുഭവമാണ് നോര്‍ത്തേണ്‍ ലൈറ്റ്സിന്‍റെ കാഴ്ച. മഞ്ഞുകാലങ്ങളില്‍ ഇത്രയും സുന്ദരമായ ഒരു ഹോട്ടലില്‍ താമസിച്ചു കൊണ്ട് ആകാശം നിറയെ പടരുന്ന വര്‍ണ്ണാഭമായ ആ പ്രഭാപൂരം കാണുന്നത് ഒന്നോര്‍ത്തു നോക്കൂ.
ഉണക്കിയ ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ , മാംസം, മത്സ്യം, പ്രാദേശിക ക്രാഫ്റ്റ് ബിയർ എന്നിവയെല്ലാം ഹോട്ടലിന്‍റെ റെസ്റ്റോറന്റിൽ വിളമ്പുന്നു. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങളാണ് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
സീസണ്‍ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാമെങ്കിലും, ഒരാള്‍ക്ക് ഒരു രാത്രിക്ക് ഏകദേശം 65000 രൂപയാണ് ഇവിടെ താമസിക്കുന്നതിനുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് http://www.arcticbath.se. സന്ദര്‍ശിക്കുക.
English Summary: Arctic Bath - Luxury Hotel in Sweden