ADVERTISEMENT

വ്യത്യസ്തമായ കാഴ്ചകൾ തേടി യാത്ര ചെയ്യാൻ ഒരുങ്ങുന്നവരാണെങ്കിൽ നിങ്ങളെ ഏറെ അതിശയിപ്പിക്കും മൗറീഷ്യസിലെ ചമരേൽ എന്ന ഗ്രാമം. ലോകത്തു തന്നെ അപൂർവം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഏഴു വ്യത്യസ്ത നിറത്തിലുള്ള മൺപാളികൾ, കാഴ്ചയിൽ അത്യാകർഷകമെന്നു മാത്രമല്ല കൗതുകരവുമാണ് ഈ മണ്ണിലെ നിറക്കൂട്ടുകൾ.

മൗറീഷ്യസിലെത്തുന്ന സഞ്ചാരികൾ പ്രധാനമായും സന്ദർശിക്കുന്നയിടങ്ങളിലൊന്നാണ് ഏഴുനിറങ്ങളിലുള്ള ഭൂമി. ആദ്യകാലങ്ങളിൽ ഈ മണൽകൂനകൾ വളരെ അടുത്തുനിന്നു കാണാമായിരുന്നു. എന്നാലിപ്പോൾ ചമരേലിലെ ഈ മണ്ണിന്റെ അനന്യമായ കാഴ്ചകൾ ചെറുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, ഇവിടേക്കെത്താനുള്ള നടവഴിയും ആരെയും ആകർഷിക്കുന്ന മനോഹരമായ ഭൂപ്രകൃതിയാൽ അലംകൃതമാണ്.

chamarel-the-land-of-seven-color
By KKulikov/shutterstock

മൗറീഷ്യസ് ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തായി ബ്ലാക്ക് റിവർ എന്ന ജില്ലയിലാണ് ചമരേൽ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാണുന്നവരിലാരിലും അതിശയം ജനിപ്പിക്കുന്ന, വിവിധ നിറങ്ങളിലുള്ള ഈ മൺതിട്ടകൾ 7500 ചതുരശ്ര മീറ്ററിലായാണ് വ്യാപിച്ചു കിടക്കുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും ആകർഷണമുള്ള താഴ്‍‍‍വര എന്ന പേരും ഈ ഭൂമിയ്ക്കു സ്വന്തമാണ്. പല നിറങ്ങളിലുള്ള മണൽക്കൂനകളുടെ സമ്മേളനമായതു കൊണ്ടുതന്നെ ഇവിടം ''ദി ലാൻഡ് ഓഫ് സെവൻ കളേഴ്സ്'' എന്നാണ് അറിയപ്പെടുന്നത്.

ചമരേരിലെ ഭൂമിയ്ക്കു നിറങ്ങൾ കൈവരാനുള്ള കാരണമായി ഭൂമിശാസ്ത്രകാരന്മാർ പറയുന്നതു അഗ്‌നിപർവത പ്രവർത്തനങ്ങളുടെ ഫലമായി, കാലാകാലങ്ങളിൽ പുറത്തേക്കൊഴുകിയ ലാവ, പല ഊഷ്മാവിൽ, കുറഞ്ഞ സമയത്തിനുള്ളിൽ തണുത്തുറഞ്ഞു പോയതാകാമെന്നാണ്. ഋതുക്കൾ മാറി വരുന്നതിനനുസരിച്ചു ഇവിടുത്തെ ഭൂമിയുടെ നിറങ്ങളിലും വ്യത്യാസങ്ങൾ വരും. ഓരോ കാലങ്ങളിലും പൊഴിയുന്ന മഴയും കാറ്റും ഇവിടുത്തെ ഭൂമിയ്ക്കു മാസ്മരിക ഭംഗി സമ്മാനിക്കുന്നു. മണ്ണിന്റെ നിറങ്ങൾ ഋതുക്കൾ മാറുന്നതിനനുസരിച്ചു വ്യത്യാസപ്പെടുമെങ്കിലും എന്നാൽ പഴയ നിറത്തിലേയ്ക്കു തന്നെ തിരിച്ചെത്തുകയും ചെയ്യും.

English Summary: Seven Coloured Earth Chamarel in Mauritius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com