ADVERTISEMENT

പ്രകൃതിസൗന്ദര്യത്തിനും അഭൗമമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന കാഴ്ചകള്‍ക്കും പേരുകേട്ട രാജ്യമാണ് വടക്കൻ യൂറോപ്പിലെ നോര്‍വേ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നായ നോര്‍വേ സഞ്ചാരികള്‍ക്കായി കരുതിവച്ചിരിക്കുന്ന കാഴ്ചകളും നിരവധിയാണ്. ഏറെ പ്രശസ്തമായ കാഴ്ചകള്‍ക്ക് പുറമേ, ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. 

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫുട്ബോള്‍ മൈതാനങ്ങളില്‍ ഒന്നായ ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം നോര്‍വേയിലെ ഹെന്നിംഗ്സ്വെയർ എന്ന കുഞ്ഞു ദ്വീപുഗ്രാമത്തിലാണ്. മനോഹരമായ പർവതങ്ങളും കൊടുമുടികളും തുറന്ന കടലും തീരങ്ങളും തുടങ്ങി, അതിശയകരമായ കാഴ്ചകളാൽ ചുറ്റപ്പെട്ട ഒരു പാറക്കെട്ടിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. നോർവീജിയൻ കടല്‍ ആര്‍ത്തിരമ്പുന്ന കാഴ്ച ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. 

Henningsvaer-Stadium1
By Traistner/shutterstock

ഏകദേശം 500 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണ് ഹെന്നിംഗ്സ്വെയർ. നോര്‍ഡ്‌ലാന്‍ഡ് കൗണ്ടിയിലുള്ള വാഗന്‍ മുനിസിപ്പാലിറ്റിയിലാണ് ഇത്  വരുന്നത്. സ്വോൾവർ പട്ടണത്തിന് 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വാഗന്‍റെ മറ്റു ഭാഗങ്ങളുമായി പാലങ്ങള്‍ വഴി ഈ പ്രദേശം ബന്ധിപ്പിച്ചിട്ടുണ്ട്. ലോഫോടെൻ ദ്വീപസമൂഹത്തിലെ ഓസ്റ്റ്‌വാഗിയ എന്ന വലിയ ദ്വീപിന്‍റെ തെക്കൻ തീരത്ത് നിരവധി ചെറിയ ദ്വീപുകളിലായാണ് ഹെന്നിംഗ്സ്വെയർ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്. ഹെയ്‌മിയ, ഹെലാന്റ്‌സായ ദ്വീപുകളാണ് ഇവയില്‍ പ്രധാനം. ഇതില്‍, ഹെലാന്റ്‌സായ ദ്വീപിന്‍റെ തെക്കേ അറ്റത്താണ് ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം ഉള്ളത്. 

പരുക്കന്‍ പാറകള്‍ നിരപ്പാക്കിയാണ് മൈതാനം ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എല്ലാഭാഗത്തും ഒരേപോലെയല്ല ഇതിന്‍റെ ലെവല്‍. കളിക്കുന്ന സമയത്ത് പന്ത് കടലിലേക്ക് പോകാതിരിക്കാനായുള്ള പ്രത്യേക ക്രമീകരണങ്ങളും ഉണ്ട്. പകല്‍ പോലും ആവശ്യമെങ്കില്‍ വെളിച്ചം നല്‍കാനുള്ള അള്‍ട്രാമോഡേണ്‍ ലൈറ്റിങ് സിസ്റ്റവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാജ്യാന്തര മൽസരങ്ങളൊന്നും ഇവിടെ നടക്കാറില്ല. താമസക്കാര്‍ കുറവായതിനാല്‍ ചെറിയ മൈതാനമാണെങ്കില്‍പ്പോലും കളി നടക്കുന്ന സമയത്ത് എല്ലാ കാഴ്ചക്കാരെയും ഉള്‍ക്കൊള്ളാനാവുന്ന ശേഷി ഇതിനുണ്ടെന്നു പറയാം.

പുരാതനമായ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിന്‍റെ മുഖച്ഛായയുള്ള ഹെന്നിംഗ്സ്വെയറിലേക്ക് വര്‍ഷംതോറും നിരവധി ടൂറിസ്റ്റുകള്‍ എത്താറുണ്ട്. റോക്ക് ക്ലൈംബിങ്, ഡൈവിങ്, സ്നോര്‍ക്കലിങ് തുടങ്ങിയവയാണ് ഇവിടത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിനോദങ്ങള്‍. ഹെയ്‌മിയ ദ്വീപിലുള്ള പള്ളിയും പ്രശസ്തമാണ്. 

2000-ന്‍റെ രണ്ടാം ദശകത്തുടക്കത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഫൊട്ടോഗ്രഫിക്ക് പ്രചാരമേറിയതോടെയാണ് ഹെന്നിംഗ്സ്വെയര്‍ ഫുട്ബോള്‍ സ്റ്റേഡിയം പ്രശസ്തമായത്‌. നിരവധി ആളുകള്‍ ഇതിന്‍റെ ആകാശക്കാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ആ സുന്ദരമായ കാഴ്ച കാണാന്‍ സ്പോര്‍ട്സ് പ്രേമികളല്ലാത്ത സഞ്ചാരികള്‍ പോലും ഇവിടെയെത്തുന്നു.

English Summary: Football Stadium in Henningsvaer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com