ADVERTISEMENT

തുര്‍ക്കിയിലെ വിനോദസഞ്ചാര മേഖല ഉറ്റുനോക്കുന്ന ഒരു പ്രോജക്ടാണ് സാല്‍ഡ തടാകക്കരയിലുള്ള നാഷനല്‍ പാര്‍ക്ക്. 2023 ൽ ഇതിന്‍റെ പണി പൂര്‍ത്തീകരിക്കും എന്നാണു കരുതുന്നത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ദേശീയോദ്യാനത്തിനരികിലായി പുതിയൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 

തുര്‍ക്കിയുടെ മാലദ്വീപ്

‘തുര്‍ക്കിയുടെ മാലദ്വീപ്’ എന്നാണ് സാൽഡ തടാകപ്രദേശം അറിയപ്പെടുന്നത്. സഞ്ചാരികൾ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവിടം പ്രശസ്തമായത്‌. ബർദൂരിലെ യെസിലോവ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം സുന്ദരമായ പഞ്ചാരമണല്‍ വിരിച്ച തീരങ്ങള്‍ക്കും കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിനും പ്രശസ്തമാണ്. വര്‍ഷംതോറും ആയിരക്കണക്കിന് സന്ദര്‍ശകരാണ്‌ ഇവിടെയെത്തുന്നത്. 1989 മുതൽ പ്രകൃതി സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച ഈ പ്രദേശത്തിന്‍റെ ഉയർന്ന ടൂറിസം സാധ്യത കണക്കിലെടുത്ത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

തടാകത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സാൽഡ എന്ന പേരില്‍ തന്നെ ഒരു ടൗണ്‍ഷിപ്പ്‌ നിര്‍മിക്കുന്നുണ്ട്. തടാകം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി യെസിലോവ മുനിസിപ്പാലിറ്റി ക്യാംപിങ് സൗകര്യങ്ങൾ നല്‍കുന്നുണ്ട്. 

ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്നതിനായി നാസ അയച്ച റോവർ പെഴ്സിവീയറൻസ് അത് ലാന്‍ഡ് ചെയ്ത ജെസെറോ ഗർത്തത്തിനു ചുറ്റുമുള്ള പ്രദേശത്തെ ധാതുക്കളും പാറ നിക്ഷേപങ്ങളും പഠനവിധേയമാക്കിയിരുന്നു. ഇവയുമായി ഏറ്റവും അടുത്ത സാമ്യം പുലര്‍ത്തുന്നവയാണ് സാല്‍ഡ തടാകക്കരയിലുള്ള ധാതുക്കളും പാറ നിക്ഷേപങ്ങളും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2019 ൽ അമേരിക്കയിൽനിന്നും തുർക്കിയിൽനിന്നുമുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം സാൽഡ തടാകത്തിലുള്ള മൈക്രോബയലൈറ്റ് അവശിഷ്ടങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ചൊവ്വയില്‍ ഒരുകാലത്ത് വെള്ളപ്പൊക്കം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് ജെസെറോ ഗര്‍ത്തം.

സാൽഡ തടാകത്തിൽനിന്ന് ശേഖരിച്ച വിവരങ്ങൾ, ഇവിടെ ഒരിക്കല്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സൂക്ഷ്മജീവികളുടെ ഫോസിലുകളെക്കുറിച്ചുള്ള പഠനത്തിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകും. അസാധാരണമായ ക്ഷാര സ്വഭാവമാണ് തടാകത്തിന്. പുരാതനമായ സ്ട്രോമാറ്റോലൈറ്റ് ആൽഗകൾ ഇപ്പോഴും വളരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. 

 

English Summary: Salda Lake - Maldives of Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com