ADVERTISEMENT

ആഫ്രിക്കയിലെ വനത്തിനുള്ളിൽ അപൂർവ ഇനം ഡയമണ്ട് തേടിയെത്തുന്ന മൂന്നു പേരുടെ കഥയാണ് 2006ൽ പുറത്തിറങ്ങിയ ‘ബ്ലഡ് ഡയമണ്ട് ’ എന്ന സിനിമ. ദാരിദ്ര്യത്തിൽ നിന്നു കരകയറാനാണ് അവർ ജീവൻ പണയം വച്ച് സിയേറ ലിയോണിലെത്തിയത്. ആഫ്രിക്കയിലെ വനപ്രദേശമാണു സിയേ ലിയോൺ. 1990ൽ ആഫ്രിക്ക സാക്ഷ്യം വഹിച്ച രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമ ലോകം മുഴുവൻ ശ്രദ്ധ നേടി. പിൽക്കാലത്താണ് സിയേ ലിയോണിലെ ഡയമണ്ട് ഖനികളുടെ ഫോട്ടോകൾ പാശ്ചാത്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ‘ലോകത്ത് ഏറ്റവും സമ്പന്നമായ ദരിദ്ര രാഷ്ട്രം’ എന്നാണു സിയേ ലിയോണിനെ അന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഖോനോ, ഖെനേമാ പ്രദേശങ്ങളിൽ അമൂല്യമായ രത്നക്കല്ലുകളുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു. ശതകോടികൾ വിലയുള്ള ഡയമണ്ട് നിക്ഷേപമുള്ള നാട്ടിൽ തൊണ്ണൂറ്റഞ്ചു ശതമാനം ജനങ്ങളും കൊടും ദാരിദ്ര്യത്തിലും പട്ടിണിയും അനുഭവിക്കുന്നു. ഒരു ഡോളർ (അറുപതു രൂപ) ആണ് അവിടത്തെ തൊഴിലാളികളുടെ ദിവസക്കൂലി.

7700 ചതുരശ്രമൈൽ പ്രദേശത്ത് ഡയമണ്ട് നിക്ഷേപം ഉണ്ടായിട്ടും ഖനനം ചെയ്തെടുക്കുന്ന രത്നക്കല്ലുകളുടെ നാലിലൊന്നു തുക പോലും ഖജനാവിലേക്ക് എത്താറില്ല. ഏക്കർ കണക്കിന് ഭൂമി കൃഷിക്കെന്നു പറഞ്ഞു പാട്ടത്തിനെടുക്കുന്നു. അവിടെ ഖനനം നടത്തി ഡയമണ്ട് കുഴിച്ചെടുത്ത് കള്ളക്കടത്തുകാർക്ക് വിൽക്കുന്നു.

gold-diamond-fields2

പട്ടിണിപ്പാവങ്ങളായ ഗ്രാമീണരാണു ഖനികളിൽ ജോലിക്കാർ. അവരെ അടിമകളാക്കി ജോലി ചെയ്യിച്ചാണ് മണ്ണു കുഴിക്കുന്നതെന്ന് മാധ്യമങ്ങൾ കണ്ടെത്തി. ദാരിദ്ര്യവും അഴിമതിയും മാറാ രോഗങ്ങളും നിരന്തരം വേട്ടയാടുന്ന സ്ഥലമാണു സിയേറ ലിയോൺ. രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ കൂട്ടമരണം സംഭവിക്കുന്നു. ക്രമസമാധാന പാലനത്തിന് പരാജയപ്പെട്ട ഗവൺമെന്റിന് ഒരിക്കലും കള്ളക്കടത്തുകാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. അതേസമയം, അടിമത്തത്തിനും കള്ളക്കടത്തിനുമെതിരേ ശബ്ദം ഉയർത്തിയവരെല്ലാം ഒരിക്കലും പുറത്തു വരാത്ത വിധം ജയിലുകളിൽ അടയ്ക്കപ്പെട്ടു.

ആഫ്രിക്കയുടെ തെക്കു കിഴക്കു ഭാഗത്തുള്ള സ്ഥലമാണു സിയേറ ലിയോൺ. ഭൂപ്രകൃതിയുടെ മുക്കാൽ ഭാഗത്തും ഡയമണ്ട് നിക്ഷേപമുണ്ട്. മലമടക്കുകളും കുന്നിൻ ചെരിവും പരന്നു കിടക്കുന്ന പറമ്പുകളുമാണ് ഖോനോ, ഖെനേമ, ബോ ജില്ലകളുടെ പ്രകൃതി. ബോ ജില്ലയിലാണ് വൻ തോതിൽ ഡയമണ്ട് ഖനനം ചെയ്യപ്പെട്ടത്. നദിയുടെ തീരദേശമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങൾ. 1870ൽ ഖനനം തുടങ്ങിയിരുന്നെങ്കിലും സിയേറ ലിയോൺ അപൂർവ നിധിയുണ്ടെന്നു മനസ്സിലാക്കിയതു ബ്രിട്ടിഷുകാരാണ്. 1930ൽ ബ്രിട്ടിഷുകാർ ഇവിടെ നിന്നു ഉയർന്ന മൂല്യമുള്ള 9 ദശലക്ഷം ഡയമണ്ട് കണ്ടെത്തി. കോളനി ഭരണത്തിന്റെ കാലത്ത് അതിന്റെ ചെറിയൊരു കഷണം പോലും ആഫ്രിക്കയ്ക്കു കിട്ടിയില്ല.

gold-diamond-fields1

പശ്ചിമ ആഫ്രിക്കയിലെ രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് സിയേറ ലിയോൺ. 1700ൽ സിയേറ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടിഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാനാണ് ഈ സ്ഥലം രൂപീകരിച്ചത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com