ADVERTISEMENT

മുത്തശ്ശിക്കഥകളില്‍നിന്നു നേരിട്ട് ഇറങ്ങി വന്നതു പോലെ തോന്നും തയ്‌വാനിലെ തായ്പേയിലുള്ള മൂണ്‍ ബ്രിജ് കണ്ടാല്‍. അർധ ചന്ദ്രാകൃതിയിലുള്ള ഒരു മനോഹര നിര്‍മിതിയാണ്‌ ഇത്. നെയ്‌ഹു ജില്ലയിലെ ഡാഹു പാര്‍ക്കിലാണ് ഈ പാലം. അർധചന്ദ്രാകൃതിയുള്ള പാലത്തിന്‍റെ പ്രതിബിംബം താഴെ ജലത്തില്‍ പ്രതിഫലിക്കുന്നത് ഒരു പ്രത്യേക കോണില്‍നിന്നു നോക്കിയാല്‍ വൃത്താകൃതിയില്‍ കാണാം. സുന്ദരമായ ഒരു കാഴ്ചയാണിത്. നിരവധി സഞ്ചാരികള്‍ ഈ കാഴ്ച കാണാന്‍ വേണ്ടി മാത്രം ഇവിടെയെത്താറുണ്ട്. 

ജിന്‍ദായ് എന്നാണ് മൂണ്‍ ബ്രിജിന്‍റെ ശരിക്കുള്ള പേര്. പതിമൂന്നു ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കായലിനു മുകളിലാണ് ഈ മരപ്പാലം. ചൂടുവെള്ളം നിറച്ച സ്വിമ്മിങ് പൂള്‍, നീരാവിക്കുളി, സ്റ്റീം റൂം, വാട്ടര്‍ സ്ലൈഡ് മുതലായ സൗകര്യങ്ങളും ഇവിടെയുണ്ട്. 

ചൈനീസ് രീതിയിലാണ് പാലത്തിന്‍റെ വാസ്തുവിദ്യ. ഏഷ്യയിൽ ഇത്തരം കമാന പാലങ്ങൾ സാധാരണമാണ്. ചൈനയിലെ സതേൺ ഹെബെയ് പ്രവിശ്യയില്‍ 605 എഡിയിൽ നിര്‍മിച്ച അഞ്ജി പാലമാണ് ഇങ്ങനെയുള്ള പാലങ്ങളില്‍ ആദ്യത്തേത്. ചൈനയിലെ  ഹോംഗ്ജി പാലം, ടോക്കിയോയിലെ കൊയ്ഷിക്കാവ കോരാക്വാന്‍ തുടങ്ങിയവയും ഇതേ രീതിയില്‍ നിര്‍മിക്കപ്പെട്ട പാലങ്ങളാണ്. 1979-ലാണ് ഇവിടെയുള്ള മൂണ്‍ബ്രിജ് നിര്‍മ്മിക്കപ്പെട്ടത്. സഞ്ചാരികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചതോടെ ഈ പാലത്തിനു ജനപ്രീതിയേറി.

തയ്‌വാന്‍റെ പ്രധാന വ്യവസായ കേന്ദ്രത്തിനടുത്താണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഐടി വ്യവസായത്തിനും വലിയ ഷോപ്പിങ് കോംപ്ലക്സുകൾക്കും പേരുകേട്ടതാണ് തായ്‌പേയിയിലെ വടക്കൻ നെയ്‌ഹു ജില്ല. പാര്‍ക്കിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. പ്രത്യേക അവസരങ്ങളില്‍ പാര്‍ക്ക് അടച്ചിടും എന്നതിനാല്‍, ആദ്യമേ വിവരങ്ങള്‍ അന്വേഷിച്ച് അറിഞ്ഞിട്ടു വേണം പോകാന്‍. ഫിഷിങ്, പിക്നിക്, നടത്തം തുടങ്ങിയവയ്ക്കും ജനപ്രിയമാണ് പാർക്ക്. 

മനോഹരമായ പാർക്കുകൾ, മികച്ച ഷോപ്പിങ് കോംപ്ലക്സുകള്‍, മികച്ച പൊതുഗതാഗത സംവിധാനം എന്നിവയെല്ലാമുള്ള നെയ്‌ഹു, നഗരത്തിലെ ഏറ്റവും ആകർഷകമായ പാർപ്പിട മേഖലകളിലൊന്നാണ്. പണ്ട് ഈ പ്രദേശം സഞ്ചാരികൾക്ക് ഏറെക്കുറെ അപ്രാപ്യമായിരുന്നു, എന്നാൽ ഇപ്പോൾ തായ്‌പേയ് മെട്രോ റെയില്‍ സംവിധാനം ഇതിലൂടെ കടന്നുപോകുന്നുണ്ട്. യു-ബൈക്ക് പബ്ലിക് സൈക്കിൾ ഷെയർ സംവിധാനവും ലഭ്യമാണ്, പൊതു വാഹനസൗകര്യവുമുണ്ട്. മനോഹരമായ പാർക്കുകൾ, പർവതങ്ങൾ, ക്ഷേത്രങ്ങൾ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, മികച്ച ഭക്ഷണം, രാത്രി മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. 

 

English Summary: Moon Bridge in Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com