ADVERTISEMENT

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തലസ്ഥാനമാണ് ഹാനോയ്. പുരാതന വാസ്തുവിദ്യകൾക്ക് പേരുകേട്ട ഈ നാട്ടിൽ ചൈനീസ്, ഫ്രഞ്ച് സംസ്കാരങ്ങൾ എങ്ങും നിഴലിക്കുന്നു. വിയറ്റ്നാമീസ് ഡോങ് ആണ് കറൻസി. ഒരു ഇന്ത്യൻ റുപീ ഏകദേശം 358 ഡോങ് വരും അതുകൊണ്ട് ചെലവു കുറഞ്ഞ സഞ്ചാരത്തിന് പറ്റിയ സ്ഥലമാണിവിടം. സുന്ദരകാഴ്ചകൾക്കപ്പുറം സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളും ഇന്നാട്ടിലുണ്ട്. അങ്ങനെയൊന്നാണ് ഹാനോയ് ഡോർവേ റെയിൽ.

ട്രെയിൻ വരുമ്പോൾ നീക്കം ചെയ്യപ്പെടുകയും ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു അപൂർവ മാർക്കറ്റ് തായ്‍‍ലൻഡിൽ മാത്രമല്ല വിയറ്റ്നാമിലെ ഹനോയിലുമുണ്ട്. തായ്‌ലൻഡിലെ മാർക്കറ്റിനുള്ളിൽകൂടി ഓടുന്ന ട്രെയിനു സമാനമാണ് വിയറ്റ്നാമിലെ ഹാനോയ് ഡോർവേ റെയിൽ. ഇവിടെയുള്ള പലരും തങ്ങളുടെ വീട്ടുവാതിൽ തുറക്കുന്നത് തീവണ്ടിപ്പാളത്തിലേക്കാണ്. 

doorway-railway-of-hanoi
By Avinash Gatreddi/shutterstock

തിരക്കേറിയ റോഡുകൾ‌ക്കു നടുവിലൂടെയും, കടകളുടെയും വീടുകളുടെയും മുൻവശത്തു കൂടിയുമാണ് തീവണ്ടി കടന്നുപോകുന്നത്. ദിവസേന രണ്ടുതവണ വീട്ടുവാതിൽപടിയിൽനിന്ന് ഏതാനും ഇഞ്ച് മാത്രം അകലെയായി ട്രെയിൻ കടന്നുപോകും. നഗരവാസികൾക്ക് സാധാരണ കാഴ്ചയാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇൗ കാഴ്ച  അദ്ഭുതം നിറഞ്ഞതാണ്. ഈ ട്രെയിൻ പാതകൾ നഗരവാസികൾക്ക് പല കാര്യത്തിലും തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും ഈ ഡോർവേ റെയിൽ തീവണ്ടി അവരുടെ ജീവിതത്തിന്റെ  ഭാഗമായി മാറിയിരിക്കുകയാണ്. കളിക്കുന്ന കുട്ടികൾ, തിരക്കേറിയ തെരുവുകൾ, വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകൾ തുടങ്ങി എല്ലാവരും ട്രെയിൻ വരുന്നതിന്റെ സിഗ്നൽ കേട്ടാല്‍ നിമിഷങ്ങൾക്കുള്ളിൽ പാളത്തിൽനിന്നു മാറും. സാധനസാമഗ്രികളും മാറ്റും. ട്രെയിൻ പോയിക്കഴിഞ്ഞാൽ  എല്ലാം പഴയനിലയിലാകും.

തായ്‌ലൻഡിലെ മാർക്കറ്റ് ട്രെയിനിനേക്കാൾ വളരെ അപകടം നിറഞ്ഞതാണ് ഹാനോയ് ഡോർവേ റെയിൽ. രാജ്യത്ത് 6,000 ട്രെയിൻ ക്രോസിങ്ങുകളുണ്ട്, അതിൽ ആയിരത്തോളം  മാത്രമാണ് നിയമപരമായി അംഗീകാരം ലഭിച്ചത്. ബാക്കിയുള്ളതെല്ലാം റെയിൽവേ ജീവനക്കാർ അവരുടെ സൗകര്യാർഥം കുറുക്കുവഴികളായി നിർമിച്ചവയാണ്. ഈ ട്രെയിൻ സർവീസും അങ്ങനെ ഉണ്ടാക്കിയെടുത്തതാണ്. വിയറ്റ്നാം സന്ദർശിക്കുമ്പോൾ കണ്ടിരിക്കേണ്ട പ്രധാന കാഴ്ചകളിൽ ഒന്നായി മാറിയിരിക്കുന്നു ഹാനോയ് ഡോർ വേ ട്രെയിൻ. പല ടൂർ കമ്പനികളും ടൂറുകൾ ആസൂത്രണം ചെയ്യുന്നതു പോലും ഹാനോയ് ഡോർവേ ട്രെയിൻ കാഴ്ച കൂടി ഉൾപ്പെടുത്തികൊണ്ടാണ്.

English Summary: Doorway Railway of Hanoi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com