ADVERTISEMENT

എത്യോപ്യയിലെ ഏറ്റവും സജീവ അഗ്നിപർവതമായ എർട്ട അലേ 1187 ഡിഗ്രി സെൽഷ്യസിൽ തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ച് കടന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ബ്രസീൽ സ്വദേശിനിയായ കരിന ഒലിയാനി ടൈറോലിൻ ട്രാവേഴ്സ് നടത്തിയത്. സാഹസിക സഞ്ചാരികളുടെ ഇടയിൽ അദ്ഭുതമായി മാറിയിരിക്കുകയാണ് ഇൗ ധീരവനിത. തടാകത്തിനു കുറുകെ  വലിച്ചുകെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റർ (392 അടി) ദൂരമാണ് കരിന സഞ്ചരിച്ചത്.

Karina-Oliani3
Image Source: Guinness World Records

ഭൂമിയിലെ ഏറ്റവും ദുഷ്കരമായ ഭൂപ്രകൃതികളിൽ ഒന്നായിട്ടാണ് എത്യോപ്യയിലെ അഫാർ പ്രദേശത്തുള്ള എർടാ അലേ അഗ്നിപർവതവും സമീപ പ്രദേശങ്ങളും അറിയപ്പെടുന്നത്. തുടർച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന്റെ ക്രേറ്റർ ഗർത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. എർട്ട അലേയ്ക്ക് 613 മീറ്റർ (2,011 അടി) ഉയരമുണ്ട്. 

ആഫ്രിക്കയിലെ ഏറ്റവും ദുഷ്കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം. എങ്കിലും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനും ട്രെക്കിങ്ങിനും പർവതാരോഹണത്തിനുമായി എർ‌ടാ അലേയുടെ സമീപപ്രദേശങ്ങളിലേക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികൾ എത്താറുണ്ട്. കൂടുതലും സാഹസിക സഞ്ചാരികളാണ് ഇവിടേക്ക് യാത്ര തിരിക്കുന്നത്. പരിചയസമ്പന്നരായ സംഘാടകർക്കും ഗൈഡിനുമൊപ്പമേ അവിടേക്കുള്ള ട്രെക്കിങ് അനുവദിക്കൂ.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ധീരവനിത

എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രായം കുറഞ്ഞ ബ്രസീലുകാരി, രണ്ടു വശത്തു നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ലാറ്റിനമേരിക്കക്കാരി, മൗണ്ട് കെ ടു കയറിയ ആദ്യ ബ്രസീലുകാരി, അനകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാർക്കിനുമൊപ്പം നീന്തിയ വനിത എന്നിങ്ങനെ ഒട്ടേറെ സാഹസിക ബഹുമതികള്‍ സ്വന്തമാക്കിട്ടുളളതാണ് കരിന.

Karina-Oliani1
Image Source: Guinness World Records

സാഹസികയാത്രകളോടുള്ള ഇഷ്ടവും പ്രകൃതിയിലെ വിസ്മയങ്ങളോടുള്ള താൽപര്യമാണ് എർടാ അലേയിലെ ലാവ തടാകത്തിലേക്കുള്ള സാഹസികയാത്രയിലേക്ക് കരിനയെ നയിച്ചത്. അഗ്നിപർവതം സൈറ്റിലേക്ക് കയറാൻ സഹായത്തിനായി ഒരു ടീമിനെ തിരയുമ്പോൾ,  വളരെ അപകടകരമായതിനാൽ പലരും ഭയന്നു പിൻമാറിയിരുന്നു. അതിനാലാണ് ലോഹം ചുട്ടുപഴുക്കുന്ന ചൂടു തടാകത്തിനു മുകളില്‍ വലിച്ചു കെട്ടിയ ലോഹക്കയറിൽ സഞ്ചരിക്കുക എന്ന ആശയത്തിലേക്കെത്തിയത്.

ഇൗ സാഹസികതയെ പലരും നിരുത്സാഹപ്പെടുത്തിരിന്നെങ്കിലും കരിന ആ യാത്ര വിജയകരമായി പൂർത്തിയാക്കി. ലോഹ വടം വലിച്ചു കെട്ടുന്നതിനായി വിദഗ്ധനായ കാനഡ സ്വദേശി ഫ്രെഡറിക് ഷുറ്റ് കരിനയെ സഹായിച്ചു. ലാവ തടാകത്തിന്റെ പല ഭാഗത്ത് ഉറപ്പിച്ച കമ്പികളിലേക്ക് ലോഹ വടം വലിച്ചു കെട്ടി സുരക്ഷിതത്വവും ഉറപ്പാക്കിയിരുന്നു. സാഹസികയാത്രയ്ക്കായി കഠിന ചൂടിലും സംരക്ഷണം നൽകുന്ന വസ്ത്രങ്ങളാണ് കരിന ധരിച്ചിരുന്നത്.

സാവോ പോളോയിൽ നിന്നുള്ള 38കാരിയായ എമർജൻസി മെഡിസിനിൽ വൈദഗ്ധ്യം നേടിയ ഡോക്ടറാണ്.  ചികിത്സ, വിദൂരസ്ഥലങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം, പരിസ്ഥിതി പ്രവർത്തനം എന്നിവയിൽ പരിചയസമ്പന്നയായ കരീന കുട്ടിക്കാലം മുതൽ സാഹസിക പ്രേമിയാണ്. 

 

English Summary: Karina Oliani creates guinness record by traversing over lava lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com