ഇവയും 'ലോകാദ്ഭുതങ്ങൾ' തന്നെ; പുത്തന്‍ അതിശയകാഴ്ചകള്‍
Mail This Article
ഈജിപ്തിലെ പിരമിഡുകളും മാച്ചു പിച്ചുവും മുതല്‍ നമ്മുടെ സ്വന്തം താജ്മഹല്‍ വരെയുള്ള ക്ലാസിക് ലോകാദ്ഭുതങ്ങള്‍ അവയുടെ പ്രശസ്തിയാര്‍ജ്ജിച്ചത് ദശാബ്ദങ്ങളോ അല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ തന്നെയോ നീണ്ട വാമൊഴി പ്രചരണങ്ങളിലൂടെയാണ്. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ഇതിന്‍റെ ആവശ്യമില്ല; ദിനംപ്രതിയെന്നോണം സമൂഹമാധ്യമങ്ങളിൽ പുതിയതും ആവേശമുണര്‍ത്തുന്നതുമായ നിരവധി സ്ഥലങ്ങളാണ് പൊങ്ങി വന്നുകൊണ്ടിരിക്കുന്നത്; മാത്രമല്ല, സാങ്കേതിക വിദ്യയുടെ വികാസത്തോടെ മനുഷ്യന്‍റെ ഭാവനയ്ക്കനുസരിച്ച് പുതിയ നിര്‍മിതികള്‍ ലോകമെങ്ങും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു മനുഷ്യായുസ്സു കൊണ്ട് ഇവയെല്ലാം കണ്ടുതീര്‍ക്കാനാവുമോ എന്ന് അദ്ഭുതപ്പെടുക മാത്രമേ സഞ്ചാരികള്‍ക്ക് നിവൃത്തിയുള്ളൂ എന്ന് പറയാം! ഇത്തരത്തില്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച ലോകമെങ്ങുമുള്ള ചില നിര്‍മിതികള്‍ പരിചയപ്പെടാം.
1. പാം ഓഫ് ജയന്‍റ്സ്
രണ്ടു ഭീമന്‍ കൈകളില്‍ താങ്ങി നില്‍ക്കുന്നതു പോലെ വിയറ്റ്നാമില്‍ നിര്‍മിച്ചിരിക്കുന്ന ഒരു പാലമാണ് ഗോള്‍ഡന്‍ ബ്രിഡ്ജ്. ഫൈബര്‍ ഗ്ലാസും വയര്‍ മെഷും ഉപയോഗിച്ചാണ് ഈ 'പാം ഓഫ് ജയന്‍റ്സ്' എന്നറിയപ്പെടുന്ന ഈ കൈകള്‍ ഉണ്ടാക്കിയിട്ടുള്ളത്.
വിയറ്റ്നാമിലെ ഡാ നാങിനടുത്തുള്ള ബാ നാഹില്‍സ് റിസോർട്ടിലാണ് 150 മീറ്റർ നീളമുള്ള ഗോൾഡൻ ബ്രിഡ്ജ് ഉള്ളത്. 2018-ലായിരുന്നു ഇത് സഞ്ചാരികള്‍ക്കായി തുറന്നത്. ഇതിന്‍റെ മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള പൂന്തോട്ടങ്ങളുടെ മനോഹരമായ കാഴ്ച കാണാം.
2. ടവേഴ്സ് ഓഫ് ഗ്രീന്‍/ ബോസ്കോ വെർട്ടിക്കേൽ
'ഉയര്‍ന്നു നില്‍ക്കുന്ന കാട്' എന്നര്‍ത്ഥം വരുന്ന ബോസ്കോ വെർട്ടിക്കേൽ സ്ഥിതി ചെയ്യുന്നത് ഇറ്റലിയിലെ മിലാനിലുള്ള ന്യൂവ ജില്ലയിലാണ്. പേരു പോലെതന്നെ, ആളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഒരു കാട് ഒരുക്കിയിരിക്കുകയാണ് ഇവിടെ.
യൂറോപ്പിലെ ഏറ്റവും വലിയ യൂറോപ്യൻ പുനർവികസന പദ്ധതികളിൽ ഒന്നായ ബോസ്കോ വെർട്ടിക്കേലില്‍ രണ്ട് റെസിഡൻഷ്യൽ ടവറുകൾ ആണ് ഉള്ളത്. 111 മീറ്ററും 76 മീറ്ററും ഉയരമുള്ള ഈ ടവറുകളുടെ 8,900 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെറസുകളിൽ 900 ലധികം മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുകയാണ് ഇവിടെ.
2014 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടം ഡിസൈന്‍ ചെയ്തത് ബോറി സ്റ്റുഡിയോ ആയിരുന്നു. യൂറോപ്പിലെ ഏറ്റവും സമ്പന്നമായ ബിസിനസ്സ് ജില്ലയായി അറിയപ്പെടുന്ന പോർട്ട ന്യൂവയിലെ വിയ ഡി കാസ്റ്റിലിയയ്ക്കും കോൺഫലോണിയേരിയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള മിലാനിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്.
3. ഗാര്‍ഡന്‍സ് ബൈ ദി ബേ, സിംഗപ്പൂര്‍
സിംഗപ്പൂരിലെ തീരപ്രദേശത്തുള്ള വിശാലവും വർണ്ണാഭവുമായ ഒരു ഫ്യൂച്ചറിസ്റ്റ് പാർക്കാണ് ഗാർഡൻസ് ബൈ ദി ബേ. ഉയരമുള്ള മുൾപടർപ്പു പോലുള്ള ഘടനയുള്ള 'സൂപ്പർട്രീ'കളും പൂന്തോട്ടങ്ങള്‍ക്ക് മുകളിലൂടെയുള്ള സ്കൈവാക്കും തണുത്ത പർവത കാലാവസ്ഥയെ പുനസൃഷ്ടിക്കുന്ന, ചിപ്പികളുടെ ആകൃതിയിലുള്ള ഹരിതഗൃഹങ്ങളുമെല്ലാം ഇവിടെയുണ്ട്. കൂടാതെ ലൈറ്റ്, മ്യൂസിക് ഷോകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാത്ത് ആസ്ഥാനമായുള്ള ആർക്കിടെക്റ്റുകളായ ഗ്രാന്‍റ് അസോസിയേറ്റ്‌സാണ് ഇത് രൂപകൽപ്പന ചെയ്തത്.
4. ദുബായിലെ പുതിയ കാഴ്ചകള്‍
പുതിയ അദ്ഭുതങ്ങള്‍ നിര്‍മിച്ചുകൊണ്ട്, 21-ാം നൂറ്റാണ്ടിലെ ഏറ്റവും സഞ്ചാരയോഗ്യമായ ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് യുഎഇയുടെ വാണിജ്യ തലസ്ഥാനമായ ദുബായ് എന്നതില്‍ സംശയമില്ല.
കപ്പലുകളുടെ ആകൃതിയിലുള്ള ഹോട്ടലുകൾ, ഈന്തപ്പനകൾ പോലുള്ള ദ്വീപുകൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, 2018-ല്‍ നിര്‍മിച്ച ദുബായ് ഫ്രെയിം തുടങ്ങി നിരവധി ആധുനിക നിര്‍മിതികള്‍ ഈ മായാലോകത്തേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ചിലതാണ്.
5. റീഫ് ലൈന്‍, മയാമി
മയാമിയില്‍ സഞ്ചാരികള്‍ക്കായി കടലിനടിയിലെ മായാലോകം തുറക്കുന്ന അണ്ടര്‍വാട്ടര്‍ സ്കള്‍പ്ചര്‍ പാര്‍ക്കാണ് റീഫ് ലൈന്‍. മയാമി പ്രദേശത്ത്, വംശനാശഭീഷണി നേരിടുന്ന ജീവികള്‍ക്കായി ആവാസ വ്യവസ്ഥ നിര്‍മ്മിക്കുകയും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്‍റെ ലക്ഷ്യം. സഞ്ചാരികള്‍ക്ക് സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ് തുടങ്ങിയവ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ആർട്ടിസ്റ്റിക് ഡയറക്ടറും മിയാമി ആസ്ഥാനമായുള്ള ക്യൂറേറ്ററുമായ സിമെന കാമിനോസാണ് ഈ ആശയത്തിന് പിന്നില്‍.
കോറൽ മോർഫോളജിക്, ബ്ലൂലാബ് പ്രിസർവേഷൻ സൊസൈറ്റി, മിയാമി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സമുദ്ര ജീവശാസ്ത്രജ്ഞർ, ഗവേഷകർ, ആർക്കിടെക്റ്റുകൾ, തീരദേശ എഞ്ചിനീയർമാർ എന്നിവരുമായി സഹകരിച്ച്, ഘട്ടം ഘട്ടമായാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുക. ഈ വര്‍ഷം ഡിസംബറിൽ ഇത് സഞ്ചാരികള്‍ക്കായി തുറക്കും. പ്രകൃതിദത്ത പവിഴപ്പുറ്റുകള്‍ക്ക് സമാനമായി, കോൺക്രീറ്റും ചുണ്ണാമ്പുകല്ലും ഉപയോഗിച്ച് നിര്‍മിക്കുന്ന പവിഴപ്പുറ്റുകള്‍ ഇതിനടിയിലുണ്ടാകും.
English Summary: New Wonders in travel world