ADVERTISEMENT

സാന്‍റിയാഗോയിൽനിന്ന് 100 കിലോമീറ്റർ പടിഞ്ഞാറായി, ചിലെയിലെ അൽഗാരോബോ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ റിസോർട്ടാണ് സാൻ അൽഫോൻസോ ഡെൽ മാർ. ലോകത്തിലെ ഏറ്റവും വലിയ സ്വിമ്മിങ് പൂളുകളില്‍ ഒന്ന് ഈ റിസോർട്ടിലാണ്. 2006 ൽ പണി പൂർത്തിയാകുമ്പോൾ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വിമ്മിങ് പൂള്‍ എന്ന ഗിന്നസ് റെക്കോർഡ് ഇതു നേടിയിരുന്നു.  

ശാന്തസമുദ്രത്തില്‍ നിന്നാണ് ഈ ഭീമന്‍ പൂളിലേക്കുള്ള ജലം എത്തുന്നത്. പൂളിലേക്ക് കടത്തിവിടും മുന്‍പ് ഇത് ശുദ്ധീകരിക്കും. 1,013 മീറ്റർ നീളവും 3.5 മീറ്റർ ആഴവും 8 ഹെക്ടർ വിസ്തൃതിയുമുള്ള ഈ പൂളില്‍ 250 ദശലക്ഷം ലീറ്റർ വെള്ളം കൊള്ളും. 

ലാ ലഗുന എന്നാണ് ഈ സ്വിമ്മിങ് പൂളിന്‍റെ പേര്. ഇതിനും ശാന്ത സമുദ്രത്തിനുമിടയില്‍ ഒരു ചെറിയ ബീച്ചും ജലാശയവുമുണ്ട്. പൂളിലെ ജലം എപ്പോഴും 26 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിലനിർത്തുന്നു. വെള്ളച്ചാട്ടങ്ങളും കൃത്രിമ ജലപ്രവാഹങ്ങളും സജ്ജീകരിച്ചിരിക്കുന്ന പൂളിലേക്ക് സെയിൽ ബോട്ട് വഴിയാണ് എത്തിച്ചേരുന്നത്. പൂളിലേക്കുള്ള പ്രവേശനം റിസോര്‍ട്ടിലെ താമസക്കാര്‍ക്കു മാത്രമാണ്. 

LARGEST-SWIMMING-POOL-IN-THE-WORLD

സർഫിങ്, ഡൈവിങ് പോലുള്ള ജല കായിക വിനോദങ്ങള്‍ നടത്താനുള്ള സൗകര്യവും പൂളില്‍ ഒരുക്കിയിട്ടുണ്ട്. പൂളിന്‍റെ മധ്യഭാഗത്ത് മനോഹരമായ ക്രിസ്റ്റൽ പിരമിഡ്, മിനി റെഗറ്റാസ്, ഓഫ്‌ഷോർ റേസുകൾ എന്നിവയുമുണ്ട്.

ക്രിസ്റ്റൽ ലഗൂൺസ് കോർപറേഷനാണ് മനോഹരമായ ഈ പൂള്‍ രൂപകൽപന ചെയ്തത്. 2006 ൽ പൂർത്തീകരിച്ച ഈ കുളം 2008 ഡിസംബറിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡില്‍ ഇടംനേടി. എൻജിനീയറിങ് ജോലികള്‍ക്ക് ഒരു ബില്യൻ ഡോളറിലധികം ചെലവായി. അറ്റകുറ്റപ്പണിക്കുള്ള ചെലവാകട്ടെ, ഓരോ വര്‍ഷവും 2 ദശലക്ഷം ഡോളറാണ്. 

അൽഗാരോബോയുടെ ബീച്ച് രണ്ട് കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നു. തീരത്ത് ധാരാളം സെയില്‍ബോട്ടുകള്‍ കാണാം. പൂള്‍ കൂടാതെ, ഈ റിസോര്‍ട്ടില്‍ റസ്റ്ററന്റും ഫിറ്റ്നസ് സെന്ററും അടുക്കളകളും ഫാമിലി റൂമുകളും സ്യൂട്ടുകളുമുണ്ട്. വലിയ ബാൽക്കണികളുള്ള 2, 3, 4, 5 ബെഡ്‌റൂം അപ്പാർട്ടുമെന്റുകളില്‍ താമസക്കാരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

കായിക പ്രേമികൾക്കായി സെയിലിങ്, കയാക്കിങ്, സ്കൂബ ഡൈവിങ്, നീന്തൽ, ഓഷ്യൻ നാവിഗേഷൻ, ടെന്നിസ്, പാരാഗ്ലൈഡിങ് എന്നിവയെക്കുറിച്ച് പരിശീലന ക്ലാസുകൾ നൽകുന്നുണ്ട്. കൂടാതെ, സോക്കർ കോർട്ടുകൾ, വോളിബോൾ കോർട്ടുകൾ, ടെന്നിസ് കോർട്ടുകൾ, സ്റ്റാറ്റ്യൂട്ടറി സോക്കർ ഫീൽഡ്, ജിം എന്നിവയും ചൈൽഡ് മോണിറ്ററുകൾ സംഘടിപ്പിച്ച പ്ലേ മൈതാനങ്ങളും കൗമാരക്കാർക്കായി ടീൻ-പബ്, സബ് ടെറ ഡിസ്കോതെക്, ലൈവ് ഷോകള്‍ തുടങ്ങിയവയും ഉണ്ട്. 

സ്പാ ഉള്ള ബീച്ച് ക്ലബ്, ഓപ്പൺ എയർ ജാക്കൂസിസ്, സോന, ബ്യൂട്ടി പാർലർ, ജിം, എക്സിബിഷൻ മുറി; ഓപ്പൺ എയർ ആംഫിതിയേറ്റർ, സൂപ്പർ മാർക്കറ്റ്, നോർത്ത് ബേ പബ്-റെസ്റ്റോറന്‍റ് എന്നിവയും സാൻ അൽഫോൻസോയുടെ സൗകര്യങ്ങളുടെ ഭാഗമാണ്.

English Summary: World's Biggest Swimming Pool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com