ഭീമൻ കരങ്ങളിലൊതുങ്ങിയ പാലം; അതിശയമാണീ കാഴ്ച
Mail This Article
ഭീമാകാരമായ ഇരുകൈകളിൽ താങ്ങിയെടുത്ത പാലം ആദ്യ കാഴ്ചയിൽ തന്നെ ആരെയും അദ്ഭുതപ്പെടുത്തും. കോ വാങ് എന്ന് വിളിപ്പേരുള്ള ഈ സുവർണപാലം വിയറ്റ്നാമിലാണുള്ളത്. ഇവിടേക്ക് ദിനംപ്രതി ധാരാളം സഞ്ചാരികളാണ് എത്തിച്ചേരുന്നത്. കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്നാണ് സഞ്ചാരികൾ ഈ സുവർണപാലത്തിനെ വിശേഷിപ്പിക്കുന്നത്.
അതിമനോഹരമാണ് വിയറ്റ്നാമിലെ ടനാങ് എന്ന സ്ഥലം. 1919 ൽ ഫ്രഞ്ചുകാർ ഇവിടെയൊരു ഹിൽ സ്റ്റേഷൻ പണികഴിപ്പിച്ചിരുന്നു. അക്കാലത്തു പണികഴിപ്പിച്ചതാണ് 150 മീറ്റർ നീളമുള്ള സുവർണ പാലം. അന്നുമുതൽ തന്നെ സഞ്ചാരികളുടെ പ്രിയയിടമാണിവിടം. അതിസുഖകരമായ കാലാവസ്ഥയും വനത്തിന്റെ ഭംഗിയുമൊക്കെയാണ് ടനാങിലേക്ക് സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നത്. വിനോദ സഞ്ചാര സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ഇവിടെയിപ്പോൾ മെഴുകു മ്യൂസിയവും കോട്ടയും ആരാധനാലയവും കേബിൾ കാറുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്.
സുവർണ പാലം സന്ദർശിക്കാനെത്തിയ ഭൂരിഭാഗം സഞ്ചാരികളുടെയും അഭിപ്രായം ലോകത്തിന്റെ പലഭാഗങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്രയധികം മനോഹരമായ പാലങ്ങൾ അപൂർവമാണെന്നു തന്നെയാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികളാണ് വിയറ്റ്നാം ഗവണ്മെന്റ് ചെയ്തു വരുന്നത്. അതിന്റെ ഭാഗമായി സുവർണ പാലം പോലെ തന്നെ ഒരു വെള്ളി പാലവും അവിടെ നിർമിക്കപ്പെടുന്നുണ്ട്. അവിടെയും ഇതുപോലെയുള്ള കൗതുക 'കൈ' കാഴ്ചകൾ ഉണ്ടാകുമെന്നാണ് അദ്ഭുതങ്ങൾ കാത്തിരിക്കുന്ന സഞ്ചാരികളുടെ പ്രതീക്ഷകൾ.
English Summary: Golden Bridge Vietnam