ADVERTISEMENT

വിയറ്റ്‌നാമീസ് ഫോട്ടോഗ്രാഫറായ ഫാം ഹുയ് ട്രുംഗ് കഴിഞ്ഞ വര്‍ഷം എടുത്ത ചില ചിത്രങ്ങൾ ഇന്‍റര്‍നെറ്റിലെങ്ങും വൈറലായിരുന്നു. വിയറ്റ്‌നാമിലെ മേക്കോങ്ങ് ഡെല്‍റ്റ പ്രദേശത്തുള്ള കര്‍ഷകര്‍ ആമ്പല്‍പ്പൂക്കളുടെ വിളവെടുപ്പ് നടത്തുന്ന മനോഹര ദൃശ്യങ്ങളായിരുന്നു ട്രുംഗ് കാമറയില്‍ പകര്‍ത്തിയത്. തലയില്‍ കൂര്‍മ്പന്‍ തൊപ്പി വച്ച്, വര്‍ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞു കൊണ്ട്, ഇരുണ്ട നിറമുള്ള വെള്ളത്തിലിറങ്ങി നിന്നുകൊണ്ട് പിങ്കും വെള്ളയും നിറത്തില്‍ നീളന്‍ തണ്ടുകളില്‍ വിരിഞ്ഞ ആമ്പല്‍ പുഷ്പങ്ങള്‍ പറിച്ചെടുക്കുന്ന കര്‍ഷകരുടെയും പൂക്കളുടെയും കാഴ്ച ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചു. എല്ലാവര്‍ഷവും സെപ്റ്റംബർ ആദ്യം മുതൽ നവംബർ പകുതി വരെയുള്ള സമയത്ത് ഈ പൂക്കൊയ്ത്ത് സാധാരണമാണെങ്കിലും കഴിഞ്ഞ വര്‍ഷം, ട്രുംഗ് പകര്‍ത്തിയ ചിത്രങ്ങളുടെ പ്രഭാവം മൂലം, മേക്കോങ്ങ് ഡെല്‍റ്റ എന്ന വിയറ്റ്‌നാമിന്‍റെ പുഷ്പഗ്രാമത്തിന്‍റെ പ്രശസ്തി പതിന്മടങ്ങായി മാറി. 

മേക്കോങ്ങ് ഡെല്‍റ്റ മേഖലയിലെ ഏറ്റവും വലിയ പുഷ്പഗ്രാമം ഡോങ് താപ് പ്രവിശ്യയിലെ സാ ഡെക്ക് ആണ്. 100 വർഷം പഴക്കമുള്ള ഈ ഗ്രാമത്തിലാണ് തെക്കൻ വിയറ്റ്നാമില്‍ ഏറ്റവും കൂടുതല്‍ പൂക്കള്‍ വിരിയുന്നത്. പൂക്കളും അലങ്കാര വൃക്ഷങ്ങളും വളർത്തുന്നതാണ് അവിടത്തെ താമസക്കാരുടെ പ്രധാന ഉപജീവനമാർഗം. സാ ഡെക്കിൽ 2500 ഓളം പുഷ്പ ഇനങ്ങൾ ഉണ്ട്. മൊത്തം ഏകദേശം 600 ഹെക്ടർ സ്ഥലത്ത് പൂക്കൃഷിയുണ്ട് എന്നാണു കണക്ക്. വെള്ളത്തിന് മുകളിലായി ഉയർന്ന റാക്കുകളിൽ മുള കൊട്ട വെച്ച്, വർഷം മുഴുവൻ അതിനുള്ളില്‍ പൂക്കൾ വളര്‍ത്തുന്നു.

വിയറ്റ്നാമിലെ ഏറ്റവും ചാന്ദ്ര പുതുവത്സര ഉത്സവമായ ടെറ്റിന്‍റെ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് പൂക്കൾ. ഈ സമയത്ത് രാജ്യമെമ്പാടുമുള്ള വീടുകളും പൊതു കെട്ടിടങ്ങളും അലങ്കരിക്കാൻ സാ ഡെക്കിൽ നിന്നുള്ള പൂക്കൾ ഉപയോഗിക്കുന്നു. ഈ സമയത്ത് ഇവിടം സന്ദര്‍ശിച്ചാല്‍ അത് അതിസുന്ദരമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. 

പൂക്കള്‍ മാത്രമല്ല, പൊതുവേ ജൈവസമൃദ്ധമായതിനാല്‍ ഇവിടുത്തെ മണ്ണിലും വെള്ളത്തിലും ഒരുപോലെ പൊന്നു വിളയുന്നു. അതുകൊണ്ടുതന്നെ, 'വിയറ്റ്‌നാമിന്‍റെ അരിക്കൊട്ട' എന്നാണ് മേക്കോങ്ങ് ഡെല്‍റ്റ അറിയപ്പെടുന്നത്. 

 

തെക്കുപടിഞ്ഞാറൻ വിയറ്റ്നാമിന്‍റെ ഏകദേശം 40,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മേക്കോങ്ങ് ഡെല്‍റ്റ ഉള്‍ക്കൊള്ളുന്നു. വെള്ളത്താൽ മൂടപ്പെട്ട പ്രദേശമായതിനാല്‍ സീസണിനെ ആശ്രയിച്ചാണ് പ്രദേശത്തിന്‍റെ വലുപ്പം. രാജ്യത്തെ കാർഷിക മേഖലയുടെയും അക്വാകൾച്ചറിന്‍റെയും ഒരു പ്രധാന ഉറവിടമാണ് ഇവിടം. വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന ജീവികള്‍ ഉള്‍പ്പെടെ, ആയിരത്തിലധികം സ്പീഷീസുകള്‍ ഇവിടെ വസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

English Summary: Trip to The Mekong Delta Vietnam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com