ADVERTISEMENT

മുട്ടയിടുന്ന ജീവികളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍, മുട്ടയിടുന്ന പര്‍വതത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവമുണ്ട്! ചൈനയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈ വിചിത്രമായ പര്‍വതം.

ചൈനയിലെ ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ ബുയി, മിയാവോ സ്വയംഭരണ പ്രദേശത്താണ്, മൗണ്ട് ഗാഡ്നെഗ് എന്ന് പേരുള്ള ഈ പര്‍വതം സ്ഥിതിചെയ്യുന്നത്. 'മുട്ടയിടുന്ന മല' എന്ന അര്‍ത്ഥത്തില്‍ 'ചാന്‍ ഡാ യാ' എന്നാണ് ചൈനാക്കാര്‍ ഇതിനെ വിളിക്കുന്നത്. അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പേ രൂപം കൊണ്ടതെന്ന് കരുതപ്പെടുന്ന ഈ പര്‍വതത്തിന്‍റെ 65 അടി ഉയരവും 20 അടി വീതിയുമുള്ള ഒരു വശത്ത്, ഓരോ മുപ്പതു വര്‍ഷത്തില്‍ ഒരിക്കല്‍ കല്ലുകൊണ്ടുള്ള ഒരു മുട്ടയുടെ രൂപം പ്രത്യക്ഷപ്പെടും. വിവിധ വലുപ്പങ്ങളിലുള്ള ഈ കല്ലുമുട്ടകള്‍, കാലങ്ങള്‍ കഴിയുമ്പോള്‍ അവ തങ്ങി നില്‍ക്കുന്നിടത്തു നിന്നും താഴെ വീഴും! വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള സഞ്ചാരികളുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ഇത്.

ചൈനയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഗ്വിഷോ പ്രവിശ്യ. സാംസ്കാരികമായും പ്രകൃതിസൗന്ദര്യത്താലും സമ്പന്നമാണ് ഇവിടം. ഡോംഗ് ഗോത്രത്തില്‍പ്പെട്ട ആളുകള്‍ നിര്‍മിച്ച മനോഹരമായ നിര്‍മിതികള്‍ ഇവിടുത്തെ ഒരു പ്രധാന  പ്രത്യേകതയാണ്. ഗോതമ്പ്, കയോലിയാങ് എന്നിവയിൽ നിന്ന് നിർമിച്ച മോട്ടായ് മദ്യത്തിനും അസംസ്കൃത ലാക്വർ, ടംഗ് ഓയിൽ എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്.  

അദ്ഭുതക്കാഴ്ച

പർവതത്തിന്‍റെ ഈ ഭാഗത്തിന്‍റെ രാസഘടന മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് വിദഗ്ദ്ധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജീര്‍ണ്ണനത്തിന് കൂടുതൽ സാധ്യതയുള്ള കാല്‍ക്കേരിയസ് പാറയാണ് ഈ പ്രദേശത്തുള്ളത്. കാറ്റും മഴയുമായി സമ്പർക്കമുണ്ടാകുമ്പോള്‍ ഈ പാറ പൊടിഞ്ഞു പോകും. പല വശങ്ങള്‍ പൊടിഞ്ഞു പൊടിഞ്ഞു പോയി അവസാനം മുട്ടയുടെ ആകൃതിയില്‍ ചില ഭാഗങ്ങള്‍ അവശേഷിക്കും. ആകൃതിയിൽ വേഗത്തിൽ തകരാൻ അനുവദിക്കുന്നു. എന്നാല്‍, കേംബ്രിയൻ കാലഘട്ടത്തിൽ രൂപംകൊണ്ട ഈ ശിലാരൂപങ്ങൾ ഇപ്പോഴും അങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും അവക്ക് എങ്ങനെയാണ് ഇത്ര കൃത്യമായ ഗോളാകൃതിയും മിനുസവും കിട്ടുന്നതെന്നുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യം.

ദിവ്യശക്തിയെന്ന് വിശ്വാസം

പര്‍വതത്തിനടുത്തുള്ള ഗുളു ഗ്രാമത്തിലെ ആളുകള്‍ വിശ്വസിക്കുന്നത് ഈ കല്ലുകള്‍ക്ക് ദിവ്യശക്തിയുണ്ടെന്നാണ്. ഇവ ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ കരുതുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും ഗ്രാമവാസികൾ ഈ പവിത്രമായ കല്ലുകൾ തൊടാനായി ഇവിടെയെത്തുന്നു. പ്രദേശങ്ങളിലെ മിക്കവാറും കുടുംബങ്ങളിലും ഈ കല്ലുകള്‍ ശേഖരിച്ച് സൂക്ഷിച്ചു വച്ചിട്ടുള്ളതും കാണാം. മാത്രമല്ല, വിശ്വാസങ്ങളുമായി ഇഴ ചേര്‍ന്ന് കിടക്കുന്നതു കൊണ്ട്, ഉയര്‍ന്ന വിലയ്ക്ക് ഈ കല്ലുകള്‍ വാങ്ങാനും ആളുകളുണ്ട്. അതുകൊണ്ടുതന്നെ, അടര്‍ന്നു വീണ കല്ലുകള്‍ ഒന്നും തന്നെ ഇവിടെയിപ്പോള്‍ കാണാനാവില്ല.

1999 മാർച്ച്, 2003 മെയ്, 2005 ജൂൺ, 2007 മാർച്ച്, 2009 ജനുവരി സമയങ്ങളില്‍ കല്ലുമുട്ടകള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English Summary: "Egg-Laying" mountain in China 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com