ഖത്തറിൽ പെട്ടുപോയി, ഒരുപാട് ടെൻഷനടിച്ചു: യാത്രാനുഭവം പങ്കുവച്ച് ചന്ദ്രാ ലക്ഷ്മൺ
Mail This Article
നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ താരം ചന്ദ്രാ ലക്ഷ്മൺ. പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി മിന്നുന്ന അഭിനയം കാഴ്ചവയ്ക്കുന്ന ചന്ദ്രാ ലക്ഷ്മണിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അഭിനയത്തോടൊപ്പം യാത്രകളെയും നെഞ്ചിലേറ്റുന്ന താരത്തിന്റെ യാത്രാവിശേഷങ്ങളിലൂടെ സഞ്ചരിക്കാം.
ഇഷ്ടമാണോന്ന് ചോദിക്കണോ?
പുതിയ സ്ഥലങ്ങൾ, ആളുകൾ, വ്യത്യസ്തമായ ആചാരങ്ങൾ, വിഭവങ്ങളുടെ രുചി, നാട്ടിലെ സംസ്കാരം എന്നു വേണ്ട സകലതും യാത്രയിലൂടെ അറിയണം എന്നതാണ് എന്റെ സ്വപ്നവും ആഗ്രഹവും. എവിടേക്കുള്ള യാത്രയായാലും ഞാൻ ആദ്യം അറിയാൻ ശ്രമിക്കുന്നതും ഇക്കാര്യങ്ങൾ തന്നെയാണ്. സത്യത്തിൽ പുസ്തകങ്ങളിലൂടെ വായിച്ചറിയുന്നവ നേരിൽ ആസ്വദിക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. യാത്രകൾ എനിക്ക് അത്രയും ഇഷ്ടമാണ്. യാത്രകളിലൂടെ സ്വന്തമാക്കുന്ന അറിവും അമൂല്യമാണ്.
ഏറ്റവും ഇഷ്ടം റോഡ് ട്രിപ്പാണ്. കാറിൽ സ്വസ്ഥമായി യാത്ര ചെയ്യണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതവും ഇങ്ങനെയുള്ള യാത്രയാണ്. ഗൂഗിൾ മാപ്പുള്ളതുകൊണ്ട് ഏതു രാജ്യത്ത് പോയാലും ലൊക്കേഷൻ തേടി അലയേണ്ടതില്ല, വഴി ചോദിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല. കാർ യാത്രയാണ് സുരക്ഷിതം. ഒഴിവ് കിട്ടിയാൽ മിക്കപ്പോഴും കുടുംബവുമൊത്താണ് യാത്ര.
പ്ലാനിങ് യാത്ര വേണ്ട
എല്ലാവരും പറയുന്നപോലെ കൃത്യമായി പ്ലാൻ ചെയ്തുള്ള യാത്ര എനിക്ക് ഒട്ടും താൽപര്യമില്ല. അങ്ങനെയുള്ള യാത്രകൾ നടത്താറുമില്ല. ഇന്ന് പോകണോ എന്നാൽ പോയേക്കാം എന്ന മട്ടാണ്. എവിടേക്ക് പോയാലും എനിക്ക് ഇഷ്ടമുള്ള അത്രയും സമയം അവിടെ ചെലവഴിക്കണം അല്ലാതെ ഇത്ര സമയത്തിനുള്ളിൽ ഭംഗി ആസ്വദിച്ച് മടങ്ങണം എന്നു പറയുന്നത് തീരെ ഇഷ്ടമല്ല.
നമ്മൾ യാത്ര പോകുന്നത് എന്തിനാണ്? സ്വസ്ഥമായി ചുറ്റുപാടുകളൊക്കെ ശരിക്കും ആസ്വദിച്ച് മനസ്സും ശരീരവുമൊക്കെ കൂളാക്കുക, അതാണ് എന്റെ ഉള്ളിലെ യാത്ര. സമയത്തിന് അവിടെ സ്ഥാനമില്ല. യാത്ര ആസ്വദിക്കാനുള്ളതാണ് അല്ലാതെ സമയത്തെ കീറിമുറിക്കാനല്ല.
ജോലിയും യാത്രയും
ഷൂട്ടിങ്ങിനും പ്രോഗ്രാമിനുമായി നിരവധിയിടങ്ങളിലേക്ക് യാത്ര പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. പ്രോഗ്രാം കഴിഞ്ഞുള്ള സമയം അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര പോകാറുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലേക്കും പോയിട്ടുണ്ട്.
വിദേശയാത്രയും നടത്തിയിട്ടുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, പട്ടായ, ബാങ്കോക്ക്,യുഎഇ അങ്ങനെ നീളുന്നു. പ്രോഗ്രാം കഴിഞ്ഞാൽ ദിവസങ്ങൾ നീട്ടിയെടുക്കും ഒഫിഷ്യൽ യാത്രയെ പേഴ്സണൽ യാത്രയാക്കി മാറ്റും.
ഷോപ്പിങ്ങാണ് പ്രധാനം
യാത്രയൊടൊപ്പം ഷോപ്പിങ്ങും എനിക്ക് ഭ്രാന്താണ്. പോയയാത്രയിൽ കാഴ്ചകൾ കൊണ്ടും ഷോപ്പിങ് ഡെസ്റ്റിനേഷനായും എനിക്കേറെ ഇഷ്ടമായത് സിംഗപ്പൂരാണ്. അടിപൊളി സ്ഥലം. അവിടെ എനിക്ക് സുഹൃത്തുക്കളുണ്ട്. അവിശ്വസനീയമായ നിരവധി കാഴ്ചകൾ, വ്യത്യസ്തമായ സംസ്കാരം, രുചികരമായ ഭക്ഷണം ഇത്രയുമാണ് സിംഗപ്പൂർ എന്നെ ആകർഷണവലയത്തിലാക്കിയത്.
കാഴ്ചകൾക്ക് തുടക്കം സിംഗപ്പൂർ എയർപോർട്ടിൽ നിന്നുതന്നെയാണ്. ലോകത്തെ ഏറ്റവും മനോഹരമായ എയർപോർട്ടാണു സിംഗപ്പൂർ ചാംഗി. ഒരു ദിവസം മുഴുവൻ നടന്നു കണ്ടാലും തീരാത്തത്ര വിസ്മയങ്ങൾ. ഉയരം കൂടിയ കെട്ടിടങ്ങൾ, ദ്വീപുകൾ, ചെറിയ ചെറിയ തെരുവുകൾ തുടങ്ങിയവയൊക്കെ സിംഗപ്പൂരിലെ ആകർഷക കാഴ്ചകളാണ്. യുഎഇയും എനിക്കിഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്.
ഖത്തറിൽ പെട്ടുപോയി
മിഡിൽ ഈസ്റ്റിൽ ഏകദേശം 15 സ്റ്റേജ് ഷോകളുണ്ടായിരുന്നു. ആദ്യ പ്രോഗ്രാമുകൾ കഴിഞ്ഞ് അടുത്ത സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കായി ഖത്തറിലെ എയര്‍പോർട്ടിൽ എത്തി, എന്റെ പാസ്പോർട്ട് ഞാൻ അപ്ഡേറ്റ് ചെയ്തിരുന്നു. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ കാലാവധി കഴിഞ്ഞ പാസ്പോർട്ടിന്റെ പേപ്പർ തെറ്റിച്ചാണ് അവിടെ നൽകിയത്. അതാകെ പ്രശ്നമായി എനിക്ക് ടീമിന്റെ ഒപ്പം യാത്ര നടത്താൻ സാധിച്ചില്ല. ഖത്തറിൽ പെട്ടുപോയി. ആകെ നിരാശയായി, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ടെൻഷനടിച്ചു.
സത്യത്തിൽ ആ നിമിഷം ഒരുപാട് സങ്കടം തോന്നി. പിന്നീട് പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു. എയര്‍പോർട്ടിലുള്ളവരും സുഹൃത്തിനെപൊലെ ഒപ്പം നിന്നു. അന്നേ ദിവസം എന്റെ ഷോ നടത്താൻ സാധിച്ചില്ല. പിറ്റേ ദിവസമാണ് ഞാൻ സ്ഥലത്തെത്തുന്നത്. ആ യാത്ര എനിക്ക് മറക്കാനാവില്ല. അന്ന് പരിചയപ്പെട്ട സുഹൃത്തുക്കളുമായി ഇന്നും എനിക്ക് നല്ല ബന്ധമുണ്ട്.
കുടുംബവും സുഹൃത്തുക്കളും ഒരുമിച്ച യാത്രകൾ
എന്റെ മിക്ക യാത്രകളും അമ്മയും അച്ഛനും ഒരുമിച്ചുള്ളതാണ്. ഞങ്ങൾ മിക്കപ്പോഴും പോകുന്നത് ക്ഷേത്രങ്ങളിലേക്കാണ്. ഇവിടെ ചെന്നൈയിൽ തന്നെ ഒരുപാട് ക്ഷേത്രങ്ങളുണ്ട് അവിടേക്കെല്ലാം പോകാറുണ്ട്.
പിന്നെ സുഹൃത്തുക്കൾ ഒരുമിച്ചും യാത്ര േപാകാറുണ്ട്. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ കുറവാണ്. അവരെല്ലാം െഎ ടി ജോലിക്കാരാണ്. അവര്‍ക്കും എനിക്കും ഒരേ സമയം അവധികിട്ടാറില്ല. അതുകൊണ്ടു തന്നെ വീണുകിട്ടുന്ന അവസരങ്ങളിലൊക്കെ ഞങ്ങൾ യാത്ര പോകാറുണ്ട്.
കേരളത്തിലെ എന്റെ പ്രിയ ഇടങ്ങൾ
എറണാകുളവും തിരുവനന്തപുരവുമാണ് എനിക്കിഷ്ടപ്പെട്ടയിടങ്ങൾ. പെട്ടെന്നൊരു ട്രിപ് പ്ലാൻ ചെയ്താൽ ഏറ്റവും അടുത്തുണ്ട് ടൂറിസ്റ്റ് സ്പോട്ടുകൾ. തിരുവനന്തപുരത്ത് പൊന്മുടിയടക്കം അനേകം സ്ഥലങ്ങളുണ്ട്. സിറ്റിലൈഫാണെങ്കിലും ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങൾ ഇന്നാട്ടിലുണ്ട്.
ലോകം ചുറ്റണം
എനിക്ക് ഒാരോ നാടിന്റെയും കൾച്ചറും പുതിയ ആളുകളെയും നാടിനെക്കുറിച്ചുമൊക്കെ അറിയണം. എന്റെ ഏറ്റവും വലിയ മോഹം ലോകം ചുറ്റി സഞ്ചരിക്കണം എന്നതാണ്. ആ യാത്രയിൽ എന്റെ ഒറ്റയ്ക്കുള്ള യാത്രയും ഫാമിലി ട്രിപ്പും സുഹൃത്തുക്കൾ ചേർന്ന ട്രിപ്പും എല്ലാം ഉണ്ടാകും. പിന്നെ സ്വിറ്റ്സർലന്‍ഡ് യാത്രയും ഒരുപാട് മോഹിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം മാറിയിട്ട് യാത്രകൾ തുടങ്ങണം.
English Summary: Celebrity Travel Experience by Chandra Lakshman