പേടിയില്ലാതെ ജീവിക്കണം, സന്തോഷത്തിന്റെ നാട്ടിലേക്ക് പോകണം, ആഗ്രഹം പറഞ്ഞ് നടി നിഷാ സാരംഗ്
Mail This Article
‘പേടിയില്ലാതെ ജീവിക്കണം. അതാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം’– പ്രേക്ഷകരുടെ പ്രിയ താരം നിഷാ സാരംഗ് പറയുന്നു. കോവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായിത്തന്നെയാണ് രാജ്യത്തെ പിടിച്ചുലച്ചത്. ‘ജീവൻ പൊലിഞ്ഞവരും രോഗം ബാധിച്ചവരും നിരവധിയാണ്. എങ്ങനെയാണ് ഇൗ മഹാവ്യാധിയിൽനിന്നു രക്ഷപ്പെടുക. ഇപ്പോൾ വീടിനുള്ളിൽപ്പോലും ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ്. കോവിഡിന്റെ വാർത്തകളും കാഴ്ചകളും ശരിക്കും ഉള്ളുലയ്ക്കും. എല്ലാവരുടെയും കണ്ണുകളിൽ ഭയമാണ്.’– നിഷയുടെ വാക്കുകളിൽ സങ്കടം.
‘വർഷങ്ങൾക്കു മുമ്പ് എന്ത് ആഘോഷത്തോടെ ജീവിച്ചതാണ് നമ്മള്‍. ജോലിക്ക് ഉൾപ്പെടെ ഒരിടത്തും പോകാനാവാതെ എല്ലാവരും വീടിനുള്ളിലാണ്. മിക്കവരും പഴയ യാത്രകളുടെ ഒാർമ പുതുക്കിയാണ് ഒാരോ ദിവസവും ഇപ്പോൾ കടത്തിവിടുന്നത്. സുരക്ഷിത യാത്ര എന്നാണ് ഇനി സാധ്യമാവുക. ഇനിയെങ്കിലും ഭയക്കാതെ ജീവിക്കണം, യാത്രചെയ്യണം. ഇൗ പ്രതിസന്ധികളെല്ലാം മാറണം. ഇതൊക്കെയാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം. 2021 പകുതിയോടെങ്കിലും എല്ലാം പഴയനിലയിലാകണം എന്നുതന്നെയാണ് ഞാൻ പ്രാർഥിക്കുന്നത്’ – നിഷ പറയുന്നു.
പഴയ യാത്രകളിലൂടെ
യാത്രകൾ ഒരുപാട് ഇഷ്ടമാണെങ്കിലും മനസ്സിൽ സന്തോഷം നിറയ്ക്കുന്നത് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ്. മനസ്സിനു ശാന്തിയും സമാധാനവും ലഭിക്കുന്നത് ഭഗവാനെ ദർശിക്കുമ്പോഴാണ്. ജീവിതത്തിൽ അനുഗ്രഹങ്ങൾ വേണ്ടുവോളം നൽകിയ ഇൗശ്വരനെ കാണുന്നതിലും പുണ്യം വേറെയില്ല. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. കണ്ണൂർ ഭാഗത്തെ ക്ഷേത്രങ്ങളോടാണ് കൂടുതൽ പ്രിയം.
ഏറ്റവും കൂടുതൽ യാത്രചെയ്തിട്ടുള്ളത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാണ്. എന്റെ ഇഷ്ട ഭഗവാൻ ഉണ്ണിക്കണ്ണനാണ്. കണ്ണനെ കാണുന്നതിൽ പരം സന്തോഷം വേറെയില്ല. എണ്ണിയാൽ തീരാത്തത്ര തവണ ഗുരുവായൂരിൽ പോയിട്ടുണ്ട്. . ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ മണിക്കൂറുകളോളം ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ്.
അന്നാട്ടിൽ പോയി താമസിക്കണം
ഞാൻ ഒരുപാട് ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും ഭൂട്ടാനിൽ താമസിക്കണം എന്നാണ്. വ്ളോഗിലൂടെയും ചിത്രങ്ങളിലൂടെയും എന്നെ ഒരുപാട് കൊതിപ്പിച്ച സ്ഥലമാണ് ഭൂട്ടാൻ. എന്തു രസമുള്ള നാടാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്.
പർവതങ്ങളുടെ താഴ്‌വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. ഇൗ കാഴ്ചകൾ തന്നെയാണ് എന്നെയും ആകർഷണവലയത്തിലാക്കിയത്. കാശി, രാമശ്വേരം, ഹരിദ്വാർ, കൈലാസം എന്നിവിടങ്ങളിലും പോകണമെന്നുണ്ട്.
ടൂർ ഇന്നുവരെ നടന്നിട്ടില്ല
യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിലും ടൂർ എന്ന രീതിയിൽ ഒരു യാത്രയും ഇതുവരെ ഉണ്ടായിട്ടില്ല. മക്കളും കസിൻസുമൊക്കെ ചേർന്ന് യാത്ര പ്ലാൻ ചെയ്യാറുണ്ട്. കൃത്യസമയത്ത് എനിക്ക് ഷൂട്ട് വരും. അങ്ങനെ പ്ലാൻ ചെയ്ത യാത്രയിൽനിന്നു ഞാൻ ഒഴിവാകും. ഇതാണ് സ്ഥിരം നടക്കുന്നത്. ഷൂട്ടിന്റെ ഭാഗമായി കേരളത്തിലും വിദേശത്തും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. പ്രോഗ്രാമിനു ശേഷം ആ യാത്രയൊക്കെ ആസ്വദിക്കാറുണ്ട്. ഒാഫിഷ്യൽ യാത്ര ട്രിപ്പായി മാറ്റും. പോയ യാത്രയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ദുബായ് ആണ്. വല്ലാത്തൊരു ഭംഗിയാണ് ദുബായ്ക്ക്. അമേരിക്ക, ന്യൂയോർക്ക് സിറ്റി..... എന്റെ യാത്രായിടങ്ങൾ അങ്ങനെ നീളുന്നു.
മറക്കാനാവില്ല ആ യാത്രയിലെ അനുഭവം
അമേരിക്കയിൽ നാഫാ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു ജീവിതത്തിലെ മറക്കാനാകാത്ത യാത്ര. ബെസ്റ്റ് കോമേഡിയന്‍ ആർട്ടിസ്റ്റിനുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചു. വളരെയധികം സന്തോഷം തോന്നി. എന്നാൽ ഇത്തവണത്തെ യാത്ര ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു.
അവിടെ സുഹൃത്തുക്കളും പരമ്പരയുടെ ആരാധകരും ചേർന്ന് സർപ്രൈസ് പിറന്നാൾ ആഘോഷമാണ് എനിക്കായി ഒരുക്കിയത്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അടിച്ചുപൊളിച്ച പിറന്നാൾ ആഘോഷം. മനസ്സു നിറഞ്ഞ് സന്തോഷിച്ച നിമിഷങ്ങളായിരുന്നു. കൂടാതെ അവരെല്ലാം ചേർന്ന് അന്ന് രാത്രി എന്നെ ന്യൂയോർക്ക് സിറ്റിയിൽ കൊണ്ടുപോയി. എന്തു സൂപ്പറായിരുന്നു രാത്രിയിലെ ആ കാഴ്ച. മുമ്പു പകൽകാഴ്ചയിലായിരുന്നു ന്യൂയോർക്ക് സിറ്റി കണ്ടിട്ടുണ്ടായിരുന്നുള്ളൂ. രാത്രിക്കാഴ്ചയും കാണണമെന്നുണ്ടായിരുന്നു. അതും എനിക്ക് ദൈവം സാധിച്ചു തന്നു. ഈശ്വരനോട് ഒരുപാടു നന്ദി പറഞ്ഞു. ദൈവാനുഗ്രഹമാണ് എന്നെ ഇൗ നിലയിൽ എത്തിച്ചത്. അതു ഞാൻ മറക്കില്ല.
ഇൗ മഹാമാരി ഇല്ലാതാകണം
ഇനി പേടിക്കാതെ എല്ലാവർക്കും യാത്ര ചെയ്യണം. കൊറോണ എന്ന മഹാമാരി ഇൗ ലോകത്തുനിന്നു തന്നെ ഇല്ലാതാകണം. എന്നാൽ മാത്രമേ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റുള്ളൂ. സന്തോഷം ഉണ്ടായാലല്ലേ നമുക്ക് സന്തോഷം നിറച്ച് യാത്ര ചെയ്യാനും സാധിക്കുള്ളൂ. 2021 ന്റെ പകുതിയോടുകൂടി എല്ലാം വിപത്തുക്കളും മാറണം. ലോകം പഴയനിലയിലാകണം. അതാണ് എന്റെ പ്രാർഥനയും ആഗ്രഹവും–. നിഷ പറഞ്ഞു നിർത്തി.
English Summary: Celebrity Travel, Nisha Sarang Travel Experiences