വീരപ്പനെ പേടിച്ച് സ്വാമിജിയുടെ വീട്ടിൽ കഴിഞ്ഞു, ഭയം കീഴ്പ്പെടുത്തിയ രാത്രി: വിനോദ് കോവൂർ
Mail This Article
‘മുപ്പതു വർഷമായി കലാരംഗത്തു സജീവമാണ് ഞാൻ, ഇതുപോലെ വീട്ടിലിരിക്കുന്നത് അപൂർവമാണ്. കുട്ടിക്കാലത്തെ ഓർമിപ്പിക്കുകയാണ് ഇക്കഴിഞ്ഞ രണ്ടു വർഷത്തെ ലോക്ഡൗൺ. നല്ല ഭക്ഷണം കഴിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ധാരാളം സമയം ലഭിക്കുന്നുണ്ടെങ്കിലും ആശങ്കയുണർത്തുന്ന നാളുകളാണ് മുമ്പിലുള്ളത്. ലോക്ഡൗൺ അല്ലായിരുന്നുവെങ്കിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ഒരു പ്രോഗ്രാമിനായി സൗദി യാത്രയിലായിരുന്നേനേ’– വിനോദയാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വിനോദ് കോവൂർ കൊറോണക്കാലത്തെ ആശങ്കയ്‌ക്കൊപ്പം യാത്രകളെക്കുറിച്ചും ഓർമിച്ചെടുക്കുകയാണ്. തനിനാട്ടിൻപുറത്തുകാരനായ ‘മറിമായ’ത്തിലെ മൊയ്തുവിലൂടെയാണ് ഈ കോഴിക്കോട്ടുകാരൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായത്. പ്രിയപ്പെട്ട യാത്രകൾ സമ്മാനിക്കുന്ന അവിസ്മരണീയമായ അനുഭവങ്ങളെക്കുറിച്ച് വിനോദ് കോവൂർ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
വിനോദയാത്രകൾ ഏറെയിഷ്ടം
ദിവസങ്ങൾ നീളുന്ന വിനോദയാത്രകളാണ് ഏറെയിഷ്ടം. കൊറോണയും ലോക്ഡൗണും മാറിയാൽ യാത്രകളിലേക്ക് തിരിച്ചു പോകണം. എല്ലാ പെരുന്നാൾ കാലത്തും പ്രോഗ്രാമുകൾക്കായി വിദേശത്തായിരിക്കും. ഇത്തവണ സൗദിയിലായിരുന്നു പ്രോഗ്രാം. ലോക്ഡൗൺ യാത്ര മുടക്കി. ഈ കാലം കഴിയുമ്പോൾ യാത്രകൾക്കായി കാത്തിരിക്കുകയാണ്.
മുടങ്ങിപ്പോയ കുടജാദ്രി യാത്ര
എല്ലാ വർഷവും കുടജാദ്രിയിൽ പോകുമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അതു മുടങ്ങി. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും തനിച്ചുമൊക്കെ നാൽപതിലേറെ തവണ പോയിട്ടുണ്ട്.
മനസ്സിനു സന്തോഷവും സമാധാനവും നൽകും കുടജാദ്രി. മൂകാംബികയിൽനിന്ന് പതിനാല് കിലോമീറ്റർ ബസിൽ സഞ്ചരിച്ച ശേഷം കുടജാദ്രിയിലേക്ക് എട്ടു കിലോമീറ്റർ നടക്കണം. ആ പാത ശബരിമലയിലേക്ക് പോകുന്നതിനേക്കാളും കഠിനമാണ്. കാടും മലയും താണ്ടിയുള്ള ആ യാത്ര അവസാനിക്കുന്നത് സർവജ്ഞ പീഠത്തിലും അതിനുശേഷം ചിത്രമൂലയിലുമാണ്. ഓർമയിൽ എക്കാലത്തും നിൽക്കുന്നതാണ് കുടജാദ്രിയിലേക്കുള്ള ആ യാത്രകൾ.
ചെങ്കുത്തായ ഇറക്കവും ഇരുട്ടും ഭയപ്പെടുത്തി
കുടജാദ്രിയിൽ നിന്നുള്ള അസ്തമയക്കാഴ്ച ഏറെ മനോഹരമാണ്. കുട്ടികളടക്കം കുടുംബവുമുണ്ടായിരുന്നു ആ യാത്രയിൽ. അസ്തമയം കണ്ടു, ഫോട്ടോയും എടുത്തപ്പോഴേക്കും ഇരുട്ട് പരന്നു, കൂടെ കോടയും. പരസ്പരം കാണാൻ പോലും കഴിയുന്നില്ല. താഴെയെത്തണമെങ്കിൽ രണ്ടു കിലോമീറ്ററുണ്ട്. കാലുകൾ അൽപമൊന്നു മാറിയാൽ താഴെ അഗാധമായ കൊക്കയാണ്. കൂടെയുള്ളവരെല്ലാം ഭീതിയിലായി. കുറച്ചു കഴിഞ്ഞപ്പോൾ താഴെനിന്നു വലിയ ടോർച്ച് വെളിച്ചങ്ങൾ കയറി വരുന്നതു കണ്ടു.
ഞങ്ങൾക്ക് ആശ്വാസമായി. കർണാടക പൊലീസ് ആയിരുന്നു അത്. അവർ ഞങ്ങളെ സ്വാമിജിയുടെ വീട്ടിലെത്തിച്ചു. വീരപ്പൻ സത്യമംഗലം കാടുകൾ അടക്കി വാഴുന്ന കാലമായിരുന്നു അത്. കുടജാദ്രി അതിലുൾപ്പെട്ട ഭാഗമായിരുന്നു. എന്തു ശബ്‍ദം കേട്ടാലും വാതിൽ തുറക്കരുതെന്നു പറഞ്ഞിട്ടാണ് പൊലീസുകാർ മടങ്ങിയത്. ആ രാത്രി വെളുക്കുന്നതുവരെ ഭയം ഞങ്ങളെ കീഴ്‌പ്പെടുത്തിക്കളഞ്ഞു.
ഇഷ്ടയിടം ഓസ്ട്രേലിയ
ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ഓസ്‌ട്രേലിയയിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. ഇത്രയധികം മനോഹരമായ ഭൂമി വേറെ കണ്ടിട്ടില്ല എന്നുതന്നെ പറയാം. പച്ചയണിഞ്ഞു നിൽക്കുന്ന അവിടുത്തെ പ്രകൃതിക്കാഴ്ചകൾ അവർണനീയം തന്നെയാണ്.
കശ്മീർ ഒരു മോഹം
കലാകാരനായതുകൊണ്ടു യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും പരിപാടികൾക്കായി എത്തിയിട്ടുണ്ട്. യുഎസ്, ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളും ജിസിസി രാജ്യങ്ങളും പ്രോഗ്രാമിന്റെ ഭാഗമായി സന്ദർശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കാണണമെന്ന് ഏറെ മോഹമുള്ള ഒരിടം കശ്മീരാണ്. ഒരുപാട് തവണ ക്ഷണം ലഭിച്ചിട്ടും ലക്ഷദ്വീപുകളിലേക്കു പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. കശ്മീരും ലക്ഷദ്വീപും കാണണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ്.
ഊട്ടി മനോഹരി
കോഴിക്കോടുകാരൻ ആയതുകൊണ്ട് ഏറ്റവും എളുപ്പം എത്താവുന്ന അതിസുന്ദര സ്ഥലങ്ങളിൽ ഒന്നാണ് ഊട്ടി. നിലമ്പൂരിൽനിന്നു ചുരം കയറിയാൽ വളരെ എളുപ്പം എത്തിച്ചേരാം. മനോഹരമായ പ്രകൃതിയും കാലാവസ്ഥയും തന്നെയാണ് ഊട്ടിയിലെ വലിയ ആകർഷണം. വിവാഹം കഴിഞ്ഞു ഭാര്യക്കൊപ്പം ആദ്യമായി യാത്ര ചെയ്തതും സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും പോകുന്നതും ഊട്ടിയിലേക്കാണ്.
പഠനകാലത്തെ യാത്ര, അവിസ്മരണീയം
കോളജിൽ പഠിക്കുന്ന സമയത്ത് ഒരു കൊടൈക്കനാൽ - ഊട്ടി യാത്ര പോയി. അഞ്ചു ദിവസം നീണ്ട ആ യാത്രയിൽ ആരുടെ കൈയിലും പണമില്ലായിരുന്നു. കലാകാരന്മാരുടെ ഒരു കൂട്ടമായിരുന്നുവത്.
പോകുന്ന വഴിയിൽ ഓരോ കവലയിലും പാട്ടുപാടിയും തബല വായിച്ചും ഭക്ഷണത്തിനുള്ള പൈസ കണ്ടെത്തി. തിരികെ പോരുമ്പോൾ വണ്ടിക്കു കൊടുക്കാനുള്ള പൈസയും കൈയിലുണ്ടായിരുന്നു. ജീവിതത്തിലെ മറക്കാൻ കഴിയാത്ത യാത്രാനുഭവങ്ങളിൽ ഒന്നാണത്.
ജീവൻ പണയം വച്ച് ഡൽഹിയിൽനിന്നു ട്രെയിനിൽ
ഒരിക്കൽ ഞാനും ഒരു സുഹൃത്തും ഡൽഹിയിൽ ഒരു ക്യാംപിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. ഞങ്ങൾ എസ് 10 കമ്പാർട്‌മെന്റിലും ഒപ്പമുള്ള മറ്റെല്ലാവരും എസ് 1 കമ്പാർട്മെന്റിലുമായിരുന്നു. ട്രെയിൻ ഒരിടത്തു നിർത്തിയപ്പോൾ മറ്റു സുഹൃത്തുക്കളെ കാണാനായി ഞാൻ ട്രെയിനിൽ നിന്നിറങ്ങി. മൊബൈൽ ഫോൺ ഇല്ലാത്ത സമയമായിരുന്നു.
ഒരു കമ്പാർട്മെന്റിൽനിന്ന് അടുത്തതിലേക്ക് പോകണമെങ്കിൽ ട്രെയിനിൽനിന്ന് ഇറങ്ങി കയറണം. എസ് 3 കമ്പാർട്മെന്റിന്റെ അടുത്തെത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങാൻ തുടങ്ങിയിരുന്നു. ഞാൻ പെട്ടെന്ന് ആ കമ്പാർട്മെന്റിന്റെ വാതിലിൽ തൂങ്ങി. ഒരുപാട് നേരം വാതിൽ തുറക്കാൻ അതിനുള്ളിലെ യാത്രക്കാരോട് യാചിച്ചു. ഒടുക്കം അവരിലൊരാൾ വാതിൽ തുറന്നു തന്നു. ഞാൻ കാര്യങ്ങൾ അവരോടു വിശദീകരിച്ചു. അടുത്ത സ്റ്റേഷൻ എത്തിയപ്പോൾ എസ് 1 കമ്പാർട്മെന്റിലേക്ക് ഓടി. ആ സമയമത്രയും എസ് 10 ലുള്ള എന്റെ സുഹൃത്തും സഹയാത്രികരും എന്നെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. ആ യാത്രയും ഒരിക്കലും മറക്കാൻ കഴിയില്ല.
പാട്ടുകളും തമാശകളും നിറഞ്ഞ യാത്രകൾ
ചെറുമയക്കങ്ങളും പാട്ടുകളും തമാശകളും നിറഞ്ഞ യാത്രകളാണ് കൂടുതലും. ഭക്ഷണം ഉണ്ടാക്കി കഴിച്ചും തട്ടുകടകളിൽനിന്നു വാങ്ങി ഒരുമിച്ചിരുന്നു കഴിച്ചുമുള്ള യാത്രകൾ ഏറെ രസകരവും ഓർമകളിൽ മധുരം നിറയ്ക്കുന്നവയുമാണ്.
ലൈസൻസും കേസും
യാത്രകൾ മുടങ്ങിയിരിക്കുന്ന സമയമാണിത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഒരുമാസം മുൻപ് നാട്ടിലെ ഒരു ഡ്രൈവിങ് സ്കൂളിൽ ഏൽപ്പിച്ചു. അവർ ആർടിഒ സൈറ്റിൽ കയറി കൃത്രിമമായി ലൈസൻസ് പുതുക്കി നൽകി.
കേസായപ്പോൾ എന്റെ ലൈസൻസ് തൊണ്ടിമുതലാണ്. ആർടിഒയുമായി ബന്ധപ്പെട്ടപ്പോൾ ഡ്രൈവറെ വച്ച് വണ്ടി ഓടിക്കാനാണ് നിർദേശം ലഭിച്ചത്. ഡ്രൈവർ വയ്ക്കുകയെന്നത് എന്നത് ഈ കോവിഡ് കാലത്തു പ്രായോഗികമല്ലാത്തതു കൊണ്ട് യാത്രകൾക്കു താൽക്കാലികമായി വിരാമമിട്ടിരിക്കുകയാണ്.
English Summary: Celebrity Travel Experience by Vinod Kovoor