വാടക മുറി വെറും 72 രൂപയ്ക്ക്! സഞ്ചാരികളെ വരവേല്‍ക്കാന്‍ ഫുക്കറ്റ് ഒരുങ്ങി
Mail This Article
വരുന്ന ജൂലൈ മാസം മുതൽ വിനോദ സഞ്ചാരികൾക്കായി അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി തായ്‌ലൻഡിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഫുക്കറ്റ്. പൂര്‍ണ വാക്സിനേഷൻ ചെയ്ത സഞ്ചാരികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് സ്ഥിരീകരിച്ചു. ഇങ്ങനെ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീനും ഉണ്ടായിരിക്കുന്നതല്ല. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് ഗവർണർ യൂതസാക് സൂപ്പർസോൺ ആണ് ഇക്കാര്യം അറിയിച്ചത്.
വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായി ആവേശകരമായ ക്യാംപെയിനുകളും ഫുക്കറ്റ് ഒരുക്കുന്നുണ്ട്. 'വൺ നൈറ്റ്, വൺ ഡോളർ' എന്ന പദ്ധതി പ്രകാരം ഹോട്ടൽ മുറികൾക്ക് ഒരു രാത്രിക്ക് വെറും ഒരു ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയാകും. അതായത്, ഇന്ത്യന്‍ രൂപ വെറും 72ന്, ഫുക്കറ്റിൽ താമസിക്കാം. സാധാരണ ഗതിയില്‍ ഏകദേശം 2328 രൂപ മുതൽ 6984 രൂപ വരെ വാടക വരുന്ന മുറികളാണ് ഇവ. ടൂറിസം കൗൺസിൽ ഓഫ് തായ്‌ലൻഡ് (ടിസിടി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫുക്കറ്റിൽ പദ്ധതി വിജയകരമായാല്‍ കോ സ്യാമുയി, ബാങ്കോക്ക് തുടങ്ങിയ മറ്റും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിനോദസഞ്ചാരികള്‍ എത്തും മുമ്പ് ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ നടത്താനാണ് ഫുക്കറ്റ് ലക്ഷ്യമിടുന്നത്. ടൂറിസം വ്യവസായങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ. കർശനമായ ചട്ടങ്ങൾക്കും വിധേയമായി കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവരുമായ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുന്നതിന്‍റെ പരീക്ഷണാത്മകമായ ആദ്യഘട്ടമാണ് ഫുക്കറ്റില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് സൂപ്പർസോൺ പറഞ്ഞു.
തയാറെടുപ്പിന്‍റെ ഭാഗമായി, ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാർക്കും വാക്സിനേഷൻ നൽകിയതായി സാക്ഷ്യപ്പെടുത്തുന്ന അമേസിംഗ് തായ്‌ലൻഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (എസ്എച്ച്എ) പ്ലസ് സർട്ടിഫിക്കറ്റും നല്‍കും. ഫുക്കറ്റിലുടനീളം 1,389 ബിസിനസ്സുകള്‍ക്ക് ഇതിനോടകം തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു. ഹോട്ടൽ, ഹോംസ്റ്റേ വിഭാഗത്തിലെ 882 സ്ഥാപനങ്ങള്‍ക്കും റെസ്റ്റോറന്‍റ് വിഭാഗത്തിൽ 169 ഉം ട്രാവൽ ഏജൻസി വിഭാഗത്തിൽ 157 ഉം മറ്റ് വിഭാഗങ്ങളിൽ 181 ഉം സ്ഥാപനങ്ങള്‍ക്കാണ് ഈ സുരക്ഷാസര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
റെസ്റ്റോറന്റുകളും ഡൈനറുകളും, ഹോട്ടലുകളും ഹോംസ്റ്റേകളും വിനോദ പ്രവർത്തനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും, ഗതാഗതം, ട്രാവൽ ഏജൻസികൾ, ആരോഗ്യവും സൗന്ദര്യവും, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും ഷോപ്പിങ് സെന്ററുകളും, ടൂറിസത്തിനായുള്ള സ്പോർട്സ് ഇനങ്ങള്‍, ആക്റ്റിവിറ്റികളും മീറ്റിംഗുകളും, തിയേറ്ററുകൾ, വിനോദം, സുവനീർ ഷോപ്പുകളും മറ്റ് ഷോപ്പുകളും എന്നിങ്ങനെയുള്ള ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ക്കാണ് സർട്ടിഫിക്കേഷൻ നല്‍കുന്നത്.
English Summary: Phuket Reopens To Vaccinated Tourists In July