ചൈനയിലെ വൻമതിൽ അവസാനിക്കുന്നത് കടലില്‍
Mail This Article
"മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വൻമതിൽ. 6325 കി.മീ. നീളമുള്ള വന്മതില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത വസ്തുവാണ്. ചൈനയിലെ വൻമതിൽ അവസാനിക്കുന്നത് എവിടെയാണെന്ന് അറിയുമോ? കാട്ടിലൂടെയും നാടുകളിലൂടെയും മലകളിലൂടെയും കടന്നുപോകുന്ന ഈ വലിയ മതിൽ അവസാനിക്കുന്നത് കടലിലാണ്. ചൈനീസ് വൻമതിൽ കടലിനെ കണ്ടുമുട്ടുന്ന ഇടത്തു തന്നെയാണ് അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും.
വൻമതിൽ എന്ന വൻ അദ്ഭുതം
ചൈനയുടെ മഹത്തായ മതിൽ അതിശയകരമായ വാസ്തുവിദ്യയുടെ വലിയൊരു ഉദാഹരണമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതുവരെ ശ്രമിച്ചതിൽ വച്ച് ഏറ്റവും വലിയ കെട്ടിട നിർമാണ പദ്ധതിയാണിത്. അധിനിവേശത്തെ തടയുന്നതിനും ചൈനീസ് സാമ്രാജ്യത്തെ സംരക്ഷിക്കുന്നതിനുമായി നിർമിച്ച ഈ ശക്തമായ പ്രതിരോധ ഘടന രണ്ടായിരത്തിലധികം വർഷങ്ങളുടെ പ്രയത്‌നമാണ്.
മതിൽ കടലിനെ കണ്ടുമുട്ടുന്നയിടം
ബീജിങ്ങിൽ നിന്ന് 300 കിലോമീറ്റർ കിഴക്കായി കിൻഹുവാങ്‌ദാവോ നഗരത്തിലെ ഷാൻഹൈഗുവാനടുത്തുള്ള ബോഹായ് കടൽത്തീരത്താണ് ചൈനയുടെ വൻമതിൽ അവസാനിക്കുന്നത് അല്ലെങ്കിൽ ആരംഭിക്കുന്നത്. യാൻ പർവതത്തിന് തെക്ക് സ്ഥിതിചെയ്യുന്ന വൻമതിലിന്റെ പ്രധാന പാസുകളിൽ ഒന്നാണ് ഷാൻഹൈഗുവാൻ അല്ലെങ്കിൽ ഷാൻഹായ് പാസ് ബോഹായ് കടൽത്തീരം. വൻമതിൽ ഷാൻഹായ് ചുരത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കായി കടലിലേക്ക് നീളുന്നു.
ഇവിടെ മതിൽ ആരംഭിക്കുകയാണോ അതോ അവസാനിക്കുകയാണോയെന്നത് ഒാരോത്തരുടെയും കാഴ്ചപ്പാട് പോലെയിരിക്കും. മതിലിന്റെ ഈ ഭാഗം ലാവോലോങ്‌ടൗ അല്ലെങ്കിൽ ഓൾഡ് ഡ്രാഗൺസ് ഹെഡ് എന്നറിയപ്പെടുന്നു. ഈ ഭാഗം ബോഹായ് കടലിലേക്ക് ഏകദേശം 23 മീറ്റർ വരെ നീളുന്നു. 1579 ൽ മിംഗ് രാജവംശത്തിന്റെ കാലത്താണ് ഇത് നിർമിച്ചത്.
ചൈന മുഴുവനും മൊത്തത്തില്‍ പരന്നുകിടക്കുന്ന വന്മതില്‍ ബോഹോയ് കടൽത്തീരത്ത് മാത്രമാണ് ഈ മതിൽ കടലിനെ അഭിമുഖീകരിക്കുന്നത്. ഇവിടെ നിന്നും ഹാബെയ്, ഷൻസി, നിങ്‌സിയ, ഗൻസു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും ഒപ്പം മംഗോളിയയിലൂടെയും മതില്‍ കടന്നു പോകുന്നു. ഒടുവില്‍ എത്തി നില്‍ക്കുന്നത് ഗോബി മരുഭൂമിയിലെ ജിയായു ഗുവാനിൽ ആണ്. ചരിത്രപരമായി വൻമതിൽ ഇവിടെ ആരംഭിക്കുന്നു എന്നാണ് പറയുന്നതെങ്കിലും ചില ചൈനീസ് ചരിത്ര രേഖകളിൽ അവസാനകോട്ടയാണ് ഇതെന്നും പറയപ്പെടുന്നു.
ചെങ്ഹായ് പവലിയൻ
ഈ പവലിയൻ ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഇത് ലാവോലോങ്‌ടൗ മതിലിലേക്ക് നയിക്കുന്നു. ഇഷ്ടികയും മരവും കൊണ്ട് നിർമിച്ച രണ്ട് നില കെട്ടിടമാണിത്. ചൈന ഭരിച്ച രാജവംശങ്ങളുടെ ചരിത്രവും രേഖകളും ചിത്രങ്ങളും എല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒരുകാലത്ത് ശക്തമായ സൈനിക കേന്ദ്രമായിരുന്ന ഇവിടം ഇന്ന് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
English Summary: China Great Wall from the Beginning to the End