അഗ്നിപർവത ലാവയില്‍ വേവിച്ച വൈറല്‍ പിസ്സ, ഈ രുചിക്കൊരു രഹസ്യക്കൂട്ടുണ്ട്!
Mail This Article
സഞ്ചാരികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കാഴ്ചയാണ് പുകത്തുപ്പുന്ന അഗ്നിപർവതങ്ങൾ. ഇൗ സാഹസിക യാത്രയ്ക്കായി ഇറങ്ങിതിരിക്കുന്ന നിരവധി സഞ്ചാരികളുണ്ട്. ഗ്വാട്ടിമാലയിലെ സജീവ അഗ്നിപര്‍വതമായ പക്കായയിൽ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അതിശയകാഴ്ചയാണ്. സാഹസികതയും മനസ്സു നിറയ്ക്കുന്ന രുചിയും ഒരുപോലെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി അഗ്നിപര്‍വതത്തിനു മുകളില്‍ പിസ ഉണ്ടാക്കുകയാണ് 34-കാരനായ ഡേവിഡ് ഗാർഷ്യ. 'ഭൂമിയിലെ ഏറ്റവും രുചിയേറിയ പിസ്സ' എന്ന് കഴിച്ചവര്‍ വിശേഷിപ്പിക്കുന്ന ഈ പിസ്സയുടെ രഹസ്യ ചേരുവയും അത് തന്നെയാണ്; ഉരുകിയൊലിക്കുന്ന ലാവ!
അഗ്നിപര്‍വതത്തിലെ തിളയ്ക്കുന്ന ലാവയുടെ ചൂടില്‍ പാചകം ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്! ഗ്വാട്ടിമാലയിലെ സജീവ അഗ്നിപര്‍വതമായ പക്കായയിലാണ് ഈ ഓപ്പണ്‍ എയര്‍ 'റസ്റ്റോറന്‍റ്'. പിസ്സ പക്കായ എന്നാണ് ഇതിനു പേര്. കുടുംബമായും കൂട്ടുകാര്‍ക്കൊപ്പവും എത്തുന്ന സഞ്ചാരികള്‍ ഡേവിഡിന്‍റെ പിസ ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമാണ്. നാട്ടുകാര്‍ക്കിടയിലും ഈ പിസ വന്‍ ഹിറ്റാണ്.
1,000 ഡിഗ്രി സെൽഷ്യസ് വരെ താപനില താങ്ങാനാവുന്ന കഴിയുന്ന ഒരു ലോഹത്തട്ടിലാണ് പിസ്സ ഉണ്ടാക്കുന്നത്. നന്നായി കുഴച്ച മാവ് ആദ്യം ഇതില്‍ പരത്തുന്നു. ശേഷം, അതിനു മുകളില്‍ അദ്ദേഹം തക്കാളി സോസും കുറച്ച് ചീസും ഇറച്ചി കഷണങ്ങളും വെച്ച് പാകം ചെയ്യുന്നു. ലാവയിൽ പിസ്സ പാചകം ചെയ്യുന്ന സമയത്ത്, തല മുതൽ കാല്‍ വരെ മൂടുന്ന സംരക്ഷണ വസ്ത്രം ധരിക്കും. വിനോദസഞ്ചാരികളുടെ ഏറ്റവും പുതിയ ആകര്‍ഷണമാണ് ഈ പിസ്സ ജോയിന്‍റ്. ആദ്യമൊന്നും പിസ്സയ്ക്ക് അത്രയധികം ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. പിന്നീട്, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതോടെയാണ് കൂടുതല്‍ ആളുകള്‍ പിസ്സ കഴിക്കാന്‍ എത്തിത്തുടങ്ങിയതെന്ന് ഡേവിഡ് പറയുന്നു.
മധ്യ അമേരിക്കയിലെ പസഫിക് തീരത്ത്, വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെ നീളുന്ന അഗ്നിപർവതങ്ങളുടെ ഒരു ശൃംഖലയുടെ ഭാഗമാണ് പക്കായ. സമുദ്രനിരപ്പില്‍ നിന്നും 2,552 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പക്കായ, 1961 നു ശേഷം ഇടയ്ക്കിടെ സജീവമാകാറുണ്ട്.
എന്നിരുന്നാലും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് കുറവൊന്നുമില്ല. ഗ്വാട്ടിമാല സിറ്റിയിൽ നിന്നും ആന്റിഗ്വയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും. ഈ പ്രദേശത്തെ ടൂറിസത്തിന്‍റെ മേൽനോട്ടത്തിനും സംരക്ഷണത്തിനുമായി സൃഷ്ടിക്കപ്പെട്ട പക്കായ ദേശീയോദ്യാനത്തിനുള്ളിലാണ് ഇപ്പോൾ അഗ്നിപര്‍വതവും പരിസരവും സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ഗ്വാട്ടിമാല ഇംപാക്റ്റ് മാരത്തണിന്‍റെ ആസ്ഥാനം കൂടിയാണിത്. 2010 ലെ സ്ഫോടനം സൃഷ്ടിച്ച ലാവ മൈതാനത്തിലൂടെ മത്സരാര്‍ത്ഥികള്‍ ഓടുന്ന ഈ മത്സരം വഴി കിട്ടുന്ന തുക പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കാനായി ഉപയോഗിക്കുന്നു.
English Summary: Man cooks pizza on active volcano in Guatemala