ADVERTISEMENT

എല്ലാ സഞ്ചാരികള്‍ക്കും കാണും, ഭാവിയില്‍ എപ്പോഴെങ്കിലും തരമൊത്തു കിട്ടിയാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ള വിദേശരാജ്യങ്ങളുടെ ഒരു ലിസ്റ്റ്. എന്നാല്‍ യാത്ര ചെയ്യാനുള്ള ചിലവ് വളരെ കൂടുതലായതിനാല്‍ ഇവയില്‍ പലതും വെറും സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ് പതിവ്. എത്ര പണം ചിലവാക്കിയാലും മതിയാവാത്തതും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതുമായ ചില അനുഭവങ്ങള്‍ ഈ ലോകത്തുണ്ട്. വിവിധ രാജ്യങ്ങളിലെ അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടാം.

സൗത്താഫ്രിക്കയിലെ വെള്ള സ്രാവുകള്‍ക്കൊപ്പം ഡൈവ് ചെയ്യാം!

കടലിലെ ഭീകരന്മാരായ വെളുത്ത സ്രാവുകള്‍ക്കൊപ്പം നീന്താന്‍ സൗത്താഫ്രിക്കയേക്കാള്‍ മികച്ച മറ്റൊരു ഇടമില്ല. പടിഞ്ഞാറൻ മുനമ്പിനരികില്‍ നിന്നും ഏതാനും മിനിറ്റുകള്‍ അകലെയായി സ്ഥിതിചെയ്യുന്ന മീൻപിടിത്ത ഗ്രാമമായ ഗാൻസ്ബായിലാണ് ഇതിനുള്ള അവസരം ഉള്ളത്. 

south-africa-dive
Image from/shutterstock

ഇവിടെ സ്രാവുകള്‍ക്കൊപ്പം ഡൈവ് ചെയ്യാം. ഇനി വെള്ളത്തില്‍ ഇറങ്ങാന്‍ പേടിയാണെങ്കില്‍ ബോട്ട് യാത്ര ചെയ്യാനും സൗകര്യമുണ്ട്. ഇവ കൂടാതെ, മനോഹരമായ മുന്തിരിത്തോട്ടങ്ങളും പര്‍വതങ്ങള്‍ക്ക് മുകളില്‍ നിന്നുള്ള അസ്തമയക്കാഴ്ചകളും ലോകത്തെ തന്നെ ഏറ്റവും മികച്ച വൈനുകള്‍ നിര്‍മിക്കുന്ന പ്രക്രിയയുമെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെ ആസ്വദിക്കാം.

അലാസ്കയിലൂടെ ഒരു ക്രൂയിസ് യാത്ര

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അലാസ്ക. 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളും അതുപോലെതന്നെ 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട് അലാസ്കയില്‍.

സജീവമായതും അല്ലാത്തതുമായ 29 അഗ്നിപർവ്വതങ്ങളുമുണ്ട്. ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടൽ എന്നിങ്ങനെ  3 വ്യത്യസ്ത സമുദ്രതീരങ്ങളുളള ഏക സംസ്ഥാനമാണ് അലാസ്ക. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതമായ  മക്കിൻലെ ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്. ഇത്രയേറെ പ്രത്യേകതകള്‍ ഉളളത് കൊണ്ടുതന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് അലാസ്ക. 

Alaska-Cruise-1
Image from/shutterstock

വേനൽക്കാലത്ത് താരതമ്യേന കുറഞ്ഞ ചിലവില്‍ അലാസ്കയിലൂടെ ക്രൂയിസ് യാത്ര നടത്താനാവും. ഈ സമയത്ത് സഞ്ചാരികളുടെ തിരക്ക് കുറവായിരിക്കും. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അതിസുന്ദരവും അവിസ്മരണീയവുമായ ഒരു അനുഭവമായിരിക്കുമിത്. ക്രൂയിസ് യാത്രക്ക് ശേഷം ദേശീയോദ്യാനങ്ങളിലൂടെ കാര്‍ യാത്ര നടത്താം. അപൂര്‍വ്വയിനത്തില്‍പ്പെട്ട ഒട്ടേറെ ജീവികളെ നേരിട്ട് കാണാം. അലാസ്ക മലനിരകളില്‍ ട്രെക്കിംഗ് നടത്താനും ഹൈക്കിങ്, മീന്‍പിടിത്തം, കയാക്കിങ്ങ് തുടങ്ങിയ വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്. 

കോസ്റ്റാറിക്കയിലെ വനങ്ങളും മഴക്കാടുകളും

സുസ്ഥിര ടൂറിസത്തിന്‍റെ ഏറ്റവും മികച്ച മാതൃകകളില്‍ ഒന്നാണ് കോസ്റ്റാറിക്ക. പ്രകൃതിക്ക് യാതൊരു കോട്ടവും വരുത്താതെയുള്ള ഇവിടുത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണ്. ഈ കൊച്ചുരാജ്യത്തിന്‍റെ മുപ്പതു ശതമാനത്തിലധികം സംരക്ഷിത വനപ്രദേശങ്ങളാണ്.

അതുകൊണ്ടുതന്നെ, ആയിരക്കണക്കിന് വന്യജീവികളെയും ജന്തുജാലങ്ങളെയും കണ്ടുകൊണ്ട് ഇവിടെ സഞ്ചാരികള്‍ക്ക് കാടുകളിലൂടെ നടക്കാം. ഇവിടുത്തെ മഴക്കാടുകളുടെ ഭംഗി അനിര്‍വചനീയമാണ്. സഞ്ചാരികള്‍ക്കായി സിപ്‌ലൈൻ യാത്രകളും ഇവിടെ സാധാരണമാണ്. കൂടാതെ വാട്ടർ റാഫ്റ്റിംഗിനും പ്രസിദ്ധമാണ് ഇവിടം. ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളില്‍ ഒന്ന് ഇവിടെ രുചിക്കാം. പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നാണ് രാജ്യത്തെ 99% ഊർജ്ജവും ഉല്‍പ്പാദിപ്പിക്കുന്നത് എന്നതും കോസ്റ്റാറിക്കയുടെ പ്രത്യേകതയാണ്. 

ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ

പോർട്ടോ റിക്കോയ്ക്ക് കിഴക്കായി കരീബിയൻ പ്രദേശത്തുള്ള ബ്രിട്ടീഷ് ആധിപത്യ പ്രദേശമാണ് ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ. വിവിധ വലിപ്പങ്ങളിലുള്ള ഏകദേശം 60 ഉഷ്ണമേഖലാ കരീബിയൻ ദ്വീപുകളാണ് ഇവിടെയുള്ളത്.

ബോട്ട് വാടകയ്ക്കെടുത്ത് ഇവയിലൂടെ സഞ്ചരിക്കാം.  ടോർട്ടോള, വിർജിൻ ഗോർഡ, അനെഗാഡ, ജോസ്റ്റ് വാൻ ഡൈക് എന്നീ നാലു ദ്വീപുകളാണ് ടൂറിസത്തിന് ഏറ്റവും പ്രശസ്തം. കൂടാതെ, ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഒരു വലിയ സ്ത്രീ കിടക്കുന്നതായി തോന്നുന്ന 'ദി ബാത്ത്സ് ഓഫ് വിർജിൻ ഗോർഡ'യാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ, സ്നോർക്കെലിംഗിനും മറ്റു ജലവിനോദങ്ങള്‍ക്കും പ്രസിദ്ധമാണ് ഈ ദ്വീപുകള്‍. 

പനാമ കനാലിലൂടെ ഒരു കപ്പല്‍യാത്ര

പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ.ആധുനിക കാലത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് നേട്ടങ്ങളിലൊന്നായ പനാമ കനാലിന് ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന് എന്ന വിശേഷണവുമുണ്ട്. ഓരോ വർഷവും ഏകദേശം 15,000 കപ്പലുകൾ പനാമ കനാലിലൂടെ യാത്ര ചെയ്യുന്നു എന്നാണു കണക്ക്. സഞ്ചാരികള്‍ക്ക് പനാമ കനാലിലൂടെ ബോട്ട് യാത്ര നടത്താം. 

English Summary: Places to travel on a budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com