പെട്രോളിന് വെറും 29 രൂപയുള്ള നാട്
Mail This Article
പെട്രോളിന് വെറും 29 രൂപയോ? വാഹനവുമായി നേരെ ബ്രൂണയ്ക്കു വിട്ടാലോ! ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായി കാറുകൾ ഉള്ള നാട്. അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കൊച്ചു രാജ്യത്തിന്. രാജ്യം ചെറുതാണെങ്കിലും സമ്പദ്ഘടനയും സംസ്കാരവും വളരെ മികച്ചതാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ബ്രൂണയ് ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നാണ്. സമൃദ്ധമായ എണ്ണ, വാതക ശേഖരവും ജൈവവൈവിധ്യമുള്ള, സുൽത്താൻ ഭരണമുള്ള ഈ രാജ്യത്ത് സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളും നിരവധിയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കൊട്ടാരം ഇവിടെയുണ്ട്
20 ബില്യൻ യുഎസ് ഡോളർ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് ബ്രൂണയ് സുൽത്താൻ. ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കൊട്ടാരത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇസ്താന നൂറുൽ ഇമാൻ എന്നാണ് കൊട്ടാരത്തിന്റെ പേര്. ബ്രൂണയ് തലസ്ഥാനമായ ബന്ദർ സെറി ബെഗവാനിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം 2,152,782 ചതുരശ്രഅടി വിസ്തീർണത്തിലുള്ളതാണ്. 1,788 മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളുമുണ്ട്. 5,000 അതിഥികളെ ഉൾക്കൊള്ളുന്ന ഒരു വിരുന്നു ഹാൾ, ഒരു വലിയ പള്ളി, 100 കാർ ഗാരിജ്, 200 കുതിരകളുള്ള എയർകണ്ടീഷൻ ലായം തുടങ്ങിയവയാണ് പ്രത്യേകതകൾ. ഏകദേശം 1.4 ബില്യൻ ഡോളർ ചെലവായത്രേ ഈ കൊട്ടാരം നിർമിക്കാൻ. വർഷംതോറും ഈദ് സമയത്ത് മൂന്നു ദിവസം കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാറുണ്ട്.
2.5 ദശലക്ഷത്തിലധികം ഗ്ലാസ് മൊസൈക്ക് കഷണങ്ങൾ കൊണ്ട് നിർമിച്ചതും സ്വർണപ്പാളികൾ കൊണ്ട് പൊതിഞ്ഞതുമായ സുൽത്താൻ ഒമർ അലി സൈഫുദിൻ മോസ്കിന്റെ താഴികക്കുടം ബ്രൂണയ്‌യിലെ ഏറ്റവും ആകർഷവും ഏഷ്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. നഗരത്തിന്റെ ഏതു കോണിൽനിന്നു നോക്കിയാലും ഇതു കാണാം.
അതിശയിപ്പിക്കുന്ന വന്യജീവി സങ്കേതം
ചെറിയ രാജ്യമാണെങ്കിലും ബ്രൂണയ്ക്ക് മികച്ച ജൈവവൈവിധ്യമുണ്ട്. രാജ്യത്തിന്റെ 70% മഴക്കാടുകളാണ്. അതിൽ ഭൂരിഭാഗവും സംരക്ഷിതവും. ലോകത്ത് അപൂർവമായ ചില വന്യജീവികളെ ബ്രൂണയ്‌യിൽ മാത്രമേ കാണാനാകൂ. ഉലു ടെംബുറോംഗ് ദേശീയോദ്യാനം ബ്രൂണെയുടെ ഏറ്റവും ഹൃദ്യമായ പ്രകൃതിദൃശ്യങ്ങളിൽ ഒന്നാണ്. 50,00 ഹെക്ടർ മഴക്കാടുകളാൽ നിറഞ്ഞ ഇത് ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ഒന്നാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റിൽട്ട് സെറ്റിൽമെന്റ്
സ്റ്റിൽട്ട് സെറ്റിൽമെന്റ് എന്നാൽ പൊയ്ക്കാലിൽ നിൽക്കുന്ന പ്രദേശം എന്നാണർഥം. 38 കിലോമീറ്റർ ബോർഡ്‌വാക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന 42 സ്റ്റിൽട്ട് വില്ലേജുകളാണ് ബ്രൂണോയിലെ കമ്പോങ് അയറിൽ ഉള്ളത്. 1,000 വർഷം മുമ്പ് നിർമിച്ച ഈ വാട്ടർ വില്ലേജിൽ ഇപ്പോൾ 30,000 ആളുകൾ താമസിക്കുന്നു.
1521 ൽ വെനീഷ്യൻ പണ്ഡിതനായ അന്റോണിയോ പിഗഫെറ്റ ഇവിടെ കപ്പൽ ഇറങ്ങിയപ്പോൾ തന്റെ ജന്മ നാടിനോട് സാമ്യം തോന്നിയതിനാൽ അദ്ദേഹം ഈ നാടിനെ'കിഴക്കിന്റെ വെനീസ് എന്നു വിളിച്ചു. തടി ബോട്ടുകളിലാണ് താമസക്കാരും വ്യാപാരികളും എല്ലാം ഒരു ഗ്രാമത്തിൽനിന്ന് അടുത്ത ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നത്.
എണ്ണയ്ക്കും വാതകത്തിനും വിലയില്ല
എണ്ണയും വാതകവും കണക്കില്ലാതെ ഒഴുകുന്നതിനാലാണ് ബ്രൂണയ് ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നാടായി മാറുന്നത്. വാസ്തവത്തിൽ, ലോകവിപണിയിലേക്ക് മിക്ക ഷെൽ ഓയിലും വരുന്നത് ബ്രൂണയ്‌യിലെ ഓഫ്‌ഷോർ ഡ്രില്ലിങ് പ്ലാറ്റ്ഫോമുകളിൽ നിന്നാണ്. അസംസ്കൃത എണ്ണയും പ്രകൃതിവാതകവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 90% വരും. ബ്രൂണയ്‌യിൽ പെട്രോളിന് 0.39 ഡോളർ. അതായത് വെറും 29.22 രൂപ.
ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ഉടമസ്ഥാവകാശം
ആസിയാൻ ഓട്ടമോട്ടിവ് ഫെഡറേഷനിൽ നിന്നുള്ള ഗവേഷണമനുസരിച്ച് , ബ്രൂണയ്‌യിൽ ഓരോ 1,000 ആളുകൾക്കും 721 കാറുകൾ ഉണ്ട്. പൊതുഗതാഗതത്തിന്റെ അഭാവമാണ് ഇതിന് കാരണം. മാത്രമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഉയർന്നതായതിനാലും പെട്രോളും ഗ്യാസുമെല്ലാം ഏറ്റവും വിലക്കുറവിൽ ലഭിക്കുന്നതിനാലും ഇവിടുത്തുകാരിൽ ഭൂരിഭാഗവും പേർക്ക് സ്വന്തമായി വാഹനമുണ്ട്.
English Summary: Interesting Facts About Brunei