മരണം മുന്നിൽ കണ്ട ആ നിമിഷം മറക്കാനാവില്ല: ഗായത്രി സുരേഷ്
Mail This Article
യാത്രകൾ നടത്താൻ ഏറെ ഇഷ്ടമുള്ളയാളാണ് നടി ഗായത്രി സുരേഷ്. സുഹൃത്തുക്കൾക്കൊപ്പമാണെങ്കിൽ കൂടുതൽ സന്തോഷം. ഗായത്രി സുരേഷിനോട് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം എന്തെന്ന് ചോദിച്ചാൽ ഒറ്റവാചകത്തിൽ ഉത്തരം പറയും – സ്കൈഡൈവിങ്.
കോവിഡിന്റെ പിരിമുറുക്കത്തിൽനിന്നു മലയാള സിനിമ മേഖല പതിയെ പഴയ തിരക്കുകളിലേക്കു പോകുമ്പോൾ ഗായത്രിയും അതിനൊപ്പം സഞ്ചരിക്കാൻ ഒരുങ്ങുകയാണ്. ഷൂട്ടിങ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഗായത്രി സുരേഷ്.
യാത്രകൾ ഒരുപാട് ഇഷ്ടമാണെങ്കിലും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാണ് അടിപൊളി. അവർക്കൊപ്പം ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. ഗോവ, ഹംപി, മണാലി, ലഡാക്ക് അങ്ങനെ ആ ലിസ്റ്റ് നീണ്ടതാണ്. ഇനിയും പോകാൻ ഏറെ ഇടങ്ങൾ ഉണ്ടെന്നാണ് ഗായത്രിയുടെ പക്ഷം. ഈയടുത്തും വർക്കലയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ചെലവഴിക്കാൻ പോയിരുന്നു.
മറക്കാനാവാത്ത അനുഭവം
നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇന്നും ഓർത്തിരിക്കുന്ന, മറക്കാനാവാത്ത അനുഭവം അമേരിക്കയിൽ സ്കൈഡൈവിങ് നടത്തിയതായിരുന്നെന്ന് ഗായത്രി പറയുന്നു. ജീവിതത്തിലെടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളിൽ ഒന്നാണ് അത്. അമേരിക്കയിൽ ഒരു മാസത്തെ സ്റ്റേജ് ഷോയുടെ ഭാഗമായി പോയതായിരുന്നു. ആ യാത്രയിൽ കുറെയേറെ സ്ഥലങ്ങൾ കാണാനായി. അവിടെവച്ചാണ് സ്കൈഡൈവിങ് പരീക്ഷിക്കുന്നത്.
‘മരണത്തെ മുന്നിൽ കാണുന്ന സംഭവം എന്നു തന്നെ പറയാം. ഡൈവിങ് നടത്തുന്ന സ്പോട്ടിൽ എത്തി പേരും വിവരങ്ങളും നൽകി അതിനു വേണ്ട സജ്ജീകരണങ്ങളൊക്കെ ആയിട്ട് നമ്മൾ വിമാനത്തിലേക്ക് കയറും. പറന്നു മുകളിൽ എത്തിക്കഴിഞ്ഞാൽ ഓരോരുത്തരായി താഴോട്ടു ചാടും. ഏകദേശം 11000 അടി മുകളിൽ നിന്നായിരുന്നു അന്ന് ചാടിയത്.
ആദ്യത്തെ 45 സെക്കൻഡ് ഫ്രീ ഫോൾ ആണ്. എന്നുവച്ചാൽ 45 സെക്കൻഡ് നമ്മൾ ആകാശത്ത് തന്നെ. പിന്നെയാണ് പാരച്യൂട്ട് തുറക്കുന്നത്. വല്ലാത്തൊരു ഫീലാണത്. പേടി തോന്നിയെങ്കിലും മറക്കാനാവാത്ത അനുഭവമായിരുന്നു.’
ക്ഷണിക്കാതെ എത്തിയ അതിഥി
‘കൊറോണയുടെ വരവോടെ രണ്ടുവർഷം കടന്നുപോയത് എങ്ങനെയെന്നു പറയാൻ പറ്റില്ല. കൊറോണയോട് പോരാടുന്ന സമയമത്രയും നമുക്ക് പലതും പഠിക്കാനുള്ള കാലം കൂടിയായിരുന്നു. അവനവനിലേക്ക് ഒതുങ്ങാൻ ഓരോ മനുഷ്യനും കിട്ടിയ അവസരമായിട്ടാണ് ഞാൻ ഇതിനെ കണ്ടത്. സിനിമയുടെയും ജോലിയുടെയുമൊക്കെ തിരക്കിൽപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യനെ പെട്ടെന്നൊരുദിവസം പിടിച്ചു വീട്ടിലിരുത്തി കൊറോണ.
തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് അവനവനെ ശ്രദ്ധിക്കുവാനും പരിചരിക്കാനും കിട്ടിയ സമയം കൂടിയായിരുന്നു. സൂര്യനമസ്കാരം, ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഔട്ട്, യോഗ അങ്ങനെ കുറേ കാര്യങ്ങൾ പുതുതായി ചെയ്യാൻ ആരംഭിച്ചു ലോക്ഡൗൺ കാലത്ത്.
യാത്രയോട് വല്ലാത്ത ഇഷ്ടമുണായിട്ടും കൊറോണക്കാലത്ത്, പ്രത്യേകിച്ച് കഴിഞ്ഞ ലോക്ഡൗണിൽ അധികം ട്രിപ്പുകൾ ഒന്നും പോയിരുന്നില്ല. പിന്നെ എന്റെ പുതിയ സിനിമയായ അഭിരാമിയുടെ ചിത്രീകരണം ദുബായിലായിരുന്നു. അതിനുവേണ്ടി കഴിഞ്ഞ വർഷം നവംബറിൽ ദുബായിലേക്ക് പോയതൊഴിച്ചാൽ യാത്രകൾ ഒന്നും നടന്നില്ല. പ്രത്യേക സാഹചര്യത്തിലുള്ള യാത്ര എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും പുതിയ അനുഭവമാണ്. ദുബായ് ട്രിപ്പ് അങ്ങനെയൊന്നായിരുന്നു. മാസ്കും പിപിടി കിറ്റുമെല്ലാം ധരിച്ച് ഫുൾടൈം സാനിറ്റൈസറും മറ്റും ഉപയോഗിച്ച് ടെസ്റ്റ് ഒക്കെ നടത്തിയുള്ള യാത്ര.
കൊറോണയൊക്കെ ഒന്ന് ഒതുങ്ങി, നിയന്ത്രണങ്ങൾ കുറഞ്ഞ സമയത്ത് കൊടൈക്കനാൽ, വർക്കല എന്നിവിടങ്ങളിൽ സുഹൃത്തിനൊപ്പം പോയിരുന്നു. നല്ല അനുഭവമായിരുന്നു ആ യാത്ര സമ്മാനിച്ചത്. കൂട്ടായും ഒറ്റയ്ക്കും വീട്ടുകാർക്കൊപ്പവും ഒക്കെയുള്ള യാത്ര എനിക്കിഷ്ടമാണ്.
English Summary: Travelling experience by actress Gayathri Suresh