നീലത്തിമിംഗലത്തെയും പെന്ഗ്വിനെയും കണ്ട്, അന്‍റാര്‍ട്ടിക്കന്‍ ക്രൂസ് യാത്ര പോയാലോ ?
Mail This Article
മഞ്ഞുമലകളും അപൂര്‍വയിനം ജീവികളും കണ്ണെത്താദൂരത്തോളം മഞ്ഞുമരുഭൂമിയും നിറഞ്ഞ അന്‍റാര്‍ട്ടിക്കയിലൂടെു യാത്ര എന്നത് ഏറെക്കാലം സാഹസിക സഞ്ചാരികള്‍ക്ക്ു സ്വപ്നം മാത്രമായിരുന്നു. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, റോൾഡ് ആമുണ്ട്സെൻ, ഏണസ്റ്റ് ഷാക്കിൾട്ടൺ തുടങ്ങിയ ധീരരായ പര്യവേഷകര്‍ അന്‍റാര്‍ട്ടിക് യാത്ര നടത്തി ലോകശ്രദ്ധ നേടി. എന്നാൽ 1960-കളുടെ അവസാനം വരെ അത്രയധികം പേര്‍ക്കൊന്നും ഭൂമിയുടെ ദക്ഷിണധ്രുവം കാണാനുള്ള ഭാഗ്യമുണ്ടായില്ല. 1999-2000 കാലഘട്ടത്തിൽ 14,762 പേർ മാത്രമാണ് അന്‍റാര്‍ട്ടിക്കയിലേക്ക് യാത്ര നടത്തിയത്.
എന്നാല്‍ ഇന്ന്, അന്‍റാര്‍ട്ടിക്കന്‍ യാത്ര നടത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടി വരികയാണ്. ഏകദേശം, ഭൂമിയിലെ മറ്റേതൊരു സ്ഥലത്തേക്കും പോകുന്ന പോലെയായി ഇവിടേക്കുള്ള യാത്രയും. നിലവിലെ സാഹചര്യം അനുസരിച്ച്, പ്രതിവർഷം 40,000-ത്തിലധികം ആളുകൾ അന്‍റാര്‍ട്ടിക്ക സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്.
ഭൂമിയില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കുറഞ്ഞ താപനിലയായ -128.9° F രേഖപ്പെടുത്തിയത് അന്‍റാര്‍ട്ടിക്കയിലായിരുന്നു. മൊത്തം ഭൂപ്രദേശത്തിന്‍റെ ഏകദേശം 98% മഞ്ഞുമൂടിക്കിടക്കുന്ന ഇടമാണ് ഇത്. എന്നിരുന്നാലും താരതമ്യേന ചൂടു കൂടിയ ഭാഗങ്ങളിലാണ് ടൂറിസം ആക്റ്റിവിറ്റികള്‍ നടക്കുന്നത്. ഇത്തരത്തില്‍ സഞ്ചാരികള്‍ക്കായുള്ള ഒരു കിടിലന്‍ അവസരമാണ് അന്‍റാര്‍ട്ടിക്ക ക്രൂയിസ് യാത്ര. എങ്ങും മഞ്ഞിന്‍റെ തൂവെള്ള നിറത്തിലുള്ള പാളികള്‍ക്കിടയിലൂടെ, ഒരു കപ്പലില്‍ യാത്ര ചെയ്യുന്നത് ഒന്നോര്‍ത്തു നോക്കൂ, ഇത്തരം യാത്രകള്‍ ഒരുക്കുന്ന ടൂര്‍ കമ്പനികള്‍ ഇപ്പോള്‍ അന്‍റാര്‍ട്ടിക്കയിലുണ്ട്.
കണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ കുളിരണിയിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, അന്‍റാര്‍ട്ടിക്കയില്‍ മാത്രം കാണുന്ന അപൂര്‍വ ജീവികളുമായി അടുത്തിടപഴകാനുള്ള അവസരവും ഇതോടൊപ്പം സഞ്ചാരികള്‍ക്ക് സ്വന്തം. ലോകത്തിലെ ഏറ്റവും വലിയ സസ്തനിയായ നീലത്തിമിംഗലം മുതല്‍, പ്രതികൂല കാലാവസ്ഥയെ ചെറുക്കാൻ കഴിയുന്ന കുഞ്ഞുജീവികളെ വരെ നേരിട്ട് കാണാം. ടിവിയില്‍ മാത്രം കണ്ടിട്ടുള്ള പെൻഗ്വിനുകൾ, സീലുകൾ, ഡോൾഫിനുകൾ, അപൂര്‍വ പക്ഷികൾ തുടങ്ങിയവയെ അടുത്ത് കാണാം.
ഭൂമിയിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ അമിതടൂറിസം കൊണ്ടുള്ള പ്രശ്നങ്ങള്‍ അന്‍റാര്‍ട്ടിക്കയിലും ഭാവിയില്‍ ഉണ്ടായേക്കുമെന്ന് ചില പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്‍റാര്‍ട്ടിക്ക ഉടമ്പടി പ്രകാരം, ഇവിടുത്തെ പ്രകൃതി സംരക്ഷിക്കുന്നതിനായുള്ള നിരവധി വ്യവസ്ഥകൾ നിലവിലുണ്ട്. ഇതിന്‍റെ ഭാഗമായി, കൂറ്റൻ ക്രൂസ് കപ്പലുകൾ ഇവിടെ അനുവദനീയം അല്ല. ചെറിയ കപ്പലുകളും മോട്ടോർ ഘടിപ്പിച്ച ബോട്ടുകളും കയാക്കുകളുമെല്ലാമാണ് ഇവിടെ ഉപയോഗിക്കുന്നത്. കാല്‍നടയായും യാത്ര ചെയ്യാം. ലോകത്തിന്‍റെ ഗതിയാകെ നിശ്ചയിക്കാന്‍ കഴിവുള്ള ഇടമാണ് ഇവിടമെന്നതിനാല്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ എന്നതും ഒരു വസ്തുതയാണ്.
English Summary: Animals to Spot During an Antarctica Cruise