അമേരിക്കയിൽ അങ്ങോട്ടുമിങ്ങോട്ടും ബസിൽ യാത്ര: അനുഭവം പങ്കുവച്ച് ബാലു വർഗീസ്
Mail This Article
കൊറോണയുടെ താണ്ഡവകാലത്ത് എല്ലാം മറന്ന് കുറച്ചുസമയം പൊട്ടിച്ചിരിക്കാൻ ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിയിരിക്കുകയാണ് ജാൻ.എ.മൻ എന്ന ചിത്രം. ബാലു വർഗീസ്, അർജുൻ അശോകൻ, ലാൽ, ബേസിൽ ജോസഫ്, ഗണപതി തുടങ്ങി നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ വിശേഷങ്ങളും കോവിഡ് കാല അനുഭവങ്ങളും സഞ്ചാരകഥകളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് ബാലു വർഗീസ്.
പുതിയ സിനിമയുടെ വിശേഷങ്ങളിലേക്ക്
എല്ലാവരും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങാൻ പോകുന്ന സമയത്ത് ഞങ്ങൾ മേക്കപ്പൊക്കെ ഇട്ട് ഷൂട്ടിനിറങ്ങും. നമ്മുടെ ബയോളജിക്കൽ ക്ലോക്ക് തന്നെ തെറ്റിച്ച സിനിമയാണ് ഇപ്പോൾ തിയറ്ററുകളിൽ ആരവം തീർക്കുന്നതെന്നറിയുമ്പോൾ ഒത്തിരി സന്തോഷം. അന്ന് ഞങ്ങൾ നേരിട്ട ചെറിയ ബുദ്ധിമുട്ടുകളെല്ലാം ഇന്ന് തിയറ്ററിലെ നിറഞ്ഞ സദസ്സു കാണുമ്പോൾ മാഞ്ഞുപോയിരിക്കുന്നു. ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും രാത്രിയുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനാൽ ഷൂട്ടും രാത്രിയിൽ തന്നെ നടക്കണം. വൈകിട്ട് ആറുമണിക്ക് ചിത്രീകരണം ആരംഭിച്ച് രാവിലെ ആറോടെ തീരും. പിന്നെ എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കിടന്നുറങ്ങും.
ആദ്യത്തെ രണ്ടുമൂന്നു ദിവസം കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്നുതന്നെ അതെല്ലാം ഞങ്ങൾ മറന്നു. കുടുംബം പോലെയായിരുന്നു എല്ലാവരും ഷൂട്ടിങ് സമയത്ത്. അർജുനും ഗണപതിയും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ ലാൽ അങ്കിളും ബേസിലുമെല്ലാം കട്ടയ്ക്ക് കൂടെ നിൽക്കുന്നവർ. എല്ലാവരും കൂടി ഒരു ജോളി മൂഡിലായിരുന്നു. 35 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ആ ദിവസങ്ങളില്‍ രാത്രിയിൽ തന്നെയായിരുന്നു ഷൂട്ട്. ലാൽ അങ്കിളും രാത്രി മുഴുവൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ലൊക്കേഷനായത് ഏതാനും വീടുകളായിരുന്നു. കൊറോണകാരണം തിയറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുക എന്നതായിരുന്നു തീരുമാനം. എന്നാൽ ചിത്രം പുരോഗമിക്കുന്തോറും ഇത് കൂടുതൽപേരിലേക്ക് എത്തേണ്ടതാണെന്ന് തോന്നി. അങ്ങനെ അതുവരെ ചെയ്തത് പൊളിച്ച് ഇന്റർവെൽ അടക്കം ചേർത്ത് ചിത്രം തിയറ്ററുകളിലേക്കായി ഒരുക്കിയെടുത്തു. അങ്ങനെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ജാൻ.എ.മൻ തിയറ്ററുകളിലെത്തി. പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
അഭിനയവും യാത്രയും
എനിക്ക് സിനിമ പോലെ തന്നെ പ്രിയപ്പെട്ടതാണ് യാത്രകളും. വലിയ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇതുവരെ പോയതൊക്കെയും മനസ്സുനിറച്ച് ആസ്വദിച്ചവയാണ്. സുഹൃത്തുക്കൾക്കൊപ്പമാണെങ്കിലും നല്ല പാതി എലീനയ്ക്കൊപ്പമുള്ളതാണെങ്കിലും എല്ലാ യാത്രകളും പ്രിയപ്പെട്ടതു തന്നെ. യാത്രകളെ ഇഷ്ടപ്പെടുന്നവർ ഏറ്റവും വെറുക്കുന്ന രണ്ട് വർഷങ്ങളാണ് കടന്നുപോകുന്നത്. എന്നെക്കാൾ കൂടുതൽ ട്രിപ്പുകൾ മിസ് ചെയ്യുന്നത് എലീനയ്ക്കു തന്നെയാണ്. യാത്ര ചെയ്യാൻ ഏറ്റവും ഇഷ്ടം എലീനയ്ക്കാണ്. വിവാഹം കഴിഞ്ഞ് കുറെ സ്ഥലങ്ങൾ കാണണമെന്ന് പ്ലാനുണ്ടായിരുന്നു. പക്ഷേ എല്ലാം കൊറോണ നശിപ്പിച്ചു. പിന്നെ മോന്റെ കടന്നുവരവോടെ ജീവിതം തിരക്കിലായി. അവനോടൊപ്പമുള്ള സന്തോഷത്തിലാണ്.
എലീന ഗർഭിണിയായിരുന്ന സമയത്തും ഞങ്ങൾ കേരളത്തിൽത്തന്നെ യാത്രകൾ നടത്തിയിരുന്നു. അന്ന് കോവിഡ് നിയന്ത്രണങ്ങൾ നാട്ടിൽ കുറവായിരുന്നു. എന്നാലും സുരക്ഷിത യാത്രകളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ വണ്ടിയെടുത്ത് ചെറുയാത്രകൾ നടത്താറുണ്ട്. അതിപ്പോ പ്രത്യേകിച്ചൊരു സഥലമെന്നൊന്നുമില്ല, വീട്ടിൽ നിന്നും പുറത്തിറങ്ങി എങ്ങോട്ടു പോയാലും അതൊരു യാത്രയാണ്.
ദുബായിലെ ബഗി റൈഡ് മറക്കാനാവില്ല
കഴിഞ്ഞ ഡിസംബറിലെ ദുബായ് യാത്ര മറക്കാനാവില്ല. ഞാനും എലീനയും ഗണപതിയും കൂടിയാണു പോയത്. ഷൂട്ടിങ് ആവശ്യത്തിനുള്ള യാത്രയായിരുന്നു അത്. ന്യൂ ഇയർ ആഘോഷം അവിടെയാക്കി. അന്ന് അവിടെ വലിയ നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. ദുബായിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു പോകാനാകില്ല എന്നതു മാത്രമായിരുന്നു നിയന്ത്രണം.
അതൊരു കിടിലൻ യാത്രയായിരുന്നു. ദുബായിലെ മിക്ക പ്രധാന കാഴ്ചകളും അന്നു ഞങ്ങൾ കണ്ടു. എലീന അന്ന് ഗർഭിണിയായിരുന്നു. ആ ട്രിപ് ശരിക്കും ആസ്വദിച്ചു. ദുബായ് ആരെയും ആകർഷിക്കുന്ന നാടാണ്. മുമ്പും അവിടെ പോയിട്ടുണ്ടെങ്കിലും ഓരോ തവണ പോകുമ്പോഴും വല്ലാത്തൊരു ഫീലാണ് അവിടം സമ്മാനിക്കുന്നത്. രാത്രിയിൽ വേറൊരു ഭാവമാണ് നഗരത്തിന്. ഞങ്ങൾ രാത്രി മുഴുവൻ നഗരത്തിരക്കുകളിലൂടെ നടന്നു. അതും വേറിട്ടൊരു അനുഭവമായിരുന്നു.
ആ യാത്രയിലെ മറക്കാനാവാത്ത അനുഭവം ഡെസേർട്ട് സഫാരിയായിരുന്നു. സാധാരണ സഫാരിയിൽനിന്നു വ്യത്യസ്തമായി ബഗി റൈഡ് എന്ന, കുറച്ചുകൂടി അഡ്വഞ്ചറസായ റൈഡായിരുന്നു അത്. പരിചയസമ്പന്നരായ ഡ്രൈവേഴ്സാണ് ഓടിക്കുന്നത്. നമ്മൾ പാസഞ്ചർ സീറ്റിലിരിക്കും. മണൽക്കുന്നുകൾക്കു മുകളിലൂടെ വളഞ്ഞും തിരിഞ്ഞുമെല്ലാം അതിങ്ങനെ പോകുമ്പോൾ എന്താണ് ഫീൽ ചെയ്യുന്നതെന്ന് പറഞ്ഞറിയിക്കാനാവില്ല. സാധാരണ എടിവി, ക്വാഡ് ബൈക്കൊക്കെ ഞാൻ ഓടിച്ചിട്ടുണ്ട്. പക്ഷേ ഡെസേർട്ട് സഫാരി അതിന്റെ എല്ലാ അർഥത്തിലും ആസ്വദിക്കണമെങ്കിൽ ഒരു പ്രാവശ്യം ബഗി റൈഡ് നടത്തണമെന്നാണ് എന്റെ അഭിപ്രായം. പേടിയൊക്കെ തോന്നുമെങ്കിലും സംഭവം കിടുവാണ്.
അമേരിക്കയിൽ ബസിൽ യാത്ര ചെയ്തപ്പോൾ
വിദേശരാജ്യം കാണണമെന്ന ആഗ്രഹവുമായിരിക്കുമ്പോൾ ഒരിക്കൽ സ്റ്റേജ് ഷോയ്ക്ക് അവസരം ലഭിച്ചു. അമേരിക്ക കാണാം എന്ന ഒറ്റക്കാര്യത്തിന്റെ പുറത്താണ് ഞാൻ അന്ന് സ്റ്റേജ് ഷോയുടെ ഭാഗമായി പോയത്. ആ യാത്രയും അടിപൊളിയായിരുന്നു. പല സ്ഥലങ്ങളിൽ വച്ചായിരുന്നു പ്രോഗ്രാം. ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് യാത്ര ചെയ്യേണ്ടിവരും. സാധാരണ സംഘാടകർ അറേഞ്ച് ചെയ്തു തരുന്ന വാഹനങ്ങളിലാണ് പോകാറ്. അന്ന് ഞങ്ങൾക്ക് ബസ് ആയിരുന്നു അവർ ഏർപ്പാടാക്കിയത്. അമേരിക്കയിൽ അങ്ങോട്ടുമിങ്ങോട്ടും ബസിൽ യാത്ര ചെയ്യാൻ കിട്ടിയ അവസരം മറക്കാനാവില്ല.
ബസ് യാത്ര ഭയങ്കര രസമാണ്. കാഴ്ചകൾ കണ്ട് അങ്ങനെ ഇരിക്കാം. നമ്മൾ വിമാനത്തിലും മറ്റും യാത്ര ചെയ്യുമ്പോൾ കാണാൻ പറ്റാത്തത്ര കാഴ്ചകൾ ആ ബസ് യാത്രയിൽ കണ്ടു തീർക്കാം. അമേരിക്ക എന്ന നാട് ബൈ റോഡ് ആസ്വദിക്കണം എന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്കും അന്ന് ആ ഭാഗ്യം ലഭിച്ചു.
യൂറോപ്പാണ് ലക്ഷ്യം
കുറേ സ്ഥലങ്ങൾ പോയി കാണണം, പറ്റാവുന്നിടത്തോളം യാത്രകൾ ചെയ്യണം. അതാണ് എന്റെയും എലീനയുടെയും ആഗ്രഹം. യൂറോപ്പ് ട്രിപ്പാണ് മനസ്സിലുള്ള സ്വപ്നം. ഇതുവരെ പോകാൻ പറ്റിയിട്ടില്ല. അധികം താമസിയാതെ ഞങ്ങളുടെ ആ സ്വപ്നയാത്ര സാധ്യമാക്കും. പുതിയ വൈറസ് വകഭേദത്തിന്റെ കടന്നുവരവ് ലോകത്തെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. എന്നാണ് ഇനി സുരക്ഷിതമായി യാത്ര ചെയ്യാനാവുക എന്ന ചിന്തയിലാണ് എല്ലാവരും. എല്ലാമൊന്നു ശാന്തമായിട്ട് മോനെയും കൂട്ടി അടിപൊളി യൂറോപ്പ് ട്രിപ് പ്ലാൻ ചെയ്യണം.’
English Summary: Exclusive Interview with Actor Balu Varghese