'മന്ത്രവാദിനികളുടെ കുന്ന്'; വിചിത്രം ഇൗ നഗരം
Mail This Article
ലിത്വാനിയൻ നാടോടി ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഐതിഹ്യങ്ങളിലൂടെയും കഥകളിലൂടെയും സഞ്ചാരികളെ കൊണ്ടുപോകുന്ന ഇടമാണ് 'മന്ത്രവാദിനികളുടെ കുന്ന്' എന്നറിയപ്പെടുന്ന രഗാനു കല്‍നാസ് ശില്‍പപാര്‍ക്ക്. ലിത്വാനിയയിലെ ജൂഡ്ക്രാന്‍റിക്ക് അടുത്തായാണ് വിചിത്രവും കൗതുകകരവുമായ തടി ശില്‍പങ്ങള്‍ നിറഞ്ഞ ഈ ഔട്ട്ഡോർ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പുരാതനകാലത്തെ മനുഷ്യരുടെ ആകാശംമുട്ടുന്ന ഫാന്‍റസിയുടെ തെളിവുകളായ അദ്ഭുതക്കാഴ്ചകള്‍ നിറഞ്ഞ ഈ പ്രദേശം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്.
ലിത്വാനിയൻ കടൽത്തീര റൂട്ടിൽ ടൂറിസ്റ്റ് ആകര്‍ഷണമായ കുറോണിയൻ ലഗൂണിന് ഏകദേശം 0.5 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള വനപ്രദേശത്താണ് ഇൗ സ്ഥലം. 1979-ൽ ആരംഭിച്ച പാര്‍ക്ക് പിന്നീട് നിരവധി തവണ വിപുലീകരിച്ചു, ഇപ്പോൾ 80 ഓളം തടി ശിൽപങ്ങളും ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ അവ നടന്നുകാണാനുള്ള പാതകളും അടങ്ങിയതാണ് പാര്‍ക്ക്. ലിത്വാനിയൻ നാടോടിക്കഥകളിൽ നിന്നും പാഗന്‍ പാരമ്പര്യങ്ങളിൽ നിന്നുമുള്ള കഥാപാത്രങ്ങളുടെ തടിയില്‍ കൊത്തിയ രൂപങ്ങള്‍ ഇവിടെ കാണാം.
മന്ത്രവാദിനികളുടെ കുന്ന് കൂടാതെ വേറെയും ഒട്ടനവധി കാഴ്ചകള്‍ ഇവിടെയുണ്ട്. 2002-ല്‍ തുറന്ന ലാന്‍ഡ് ആന്‍ഡ് വാട്ടര്‍ ശില്‍പ്പപാര്‍ക്ക് സന്ദര്‍ശിക്കാം. കൂടാതെ, ഹെറോണ്‍, കോർമോറന്‍റ് മുതലായ പക്ഷികള്‍ കൂട്ടമായി വസിക്കുന്ന പ്രദേശം പക്ഷിനിരീക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇടമാണ്. ഒപ്പം, കൈറ്റ് സര്‍ഫിങ്, സെയിലിങ്, പാരാഗ്ലൈഡിങ് മുതലായ വിനോദങ്ങള്‍ക്കും ഇവിടം പേരുകേട്ടതാണ്.
മന്ത്രവാദിനികളുടെ കുന്ന്
പാര്‍ക്ക് സ്ഥാപിക്കുന്നതിനു വളരെ മുമ്പ് ഈ പ്രദേശം, മന്ത്രവാദിനികളുടെ കുന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്. തുടങ്ങിയിരുന്നു. വേനല്‍ക്കാലത്ത് പാഗന്‍ വിഭാഗക്കാരുടെ കൂടിച്ചേരലുകളും ഉത്സവവും ഇവിടെ അരങ്ങേറാറുണ്ടായിരുന്നു. പിന്നീട്, ക്രിസ്തുമതം ലിത്വാനിയയിൽ വന്നതിനുശേഷം, ആഘോഷം സെന്‍റ് ജോനാസ് ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. എന്നിരുന്നാലും ഈ പ്രദേശത്തെങ്ങും പാഗന്‍ പാരമ്പര്യത്തിന്‍റെ വേരുകള്‍ വ്യക്തമായി കാണാം.
എല്ലാ വർഷവും ജൂൺ 24-ന്, ലിത്വാനിയയിലുടനീളമുള്ള ആളുകൾ മധ്യവേനൽക്കാലത്ത് ഇവിടെയെത്തി നൃത്തം ചെയ്തും പാടിയും രാജ്യത്തിന്‍റെ പഴയ നാടോടി പാരമ്പര്യം ആഘോഷിക്കുന്നു.
ജൂഡ്ക്രാന്‍റിയില്‍ നിന്നും പാര്‍ക്കിലേക്ക് എത്താന്‍ വളരെ എളുപ്പമാണ്. പ്രവേശന ഫീസ് ഇല്ല. മരം കൊത്തുപണികളുമായി ബന്ധപ്പെട്ട സിമ്പോസിയങ്ങളും ഇവിടെ പതിവായി നടക്കാറുണ്ട്.
കുറോണിയൻ സ്പിറ്റിൽ സ്ഥിതി ചെയ്യുന്ന ലിത്വാനിയൻ കടൽത്തീര റിസോർട്ട് ഗ്രാമമായ ജൂഡ്ക്രാന്‍റിയും നിരവധി കാഴ്ചകള്‍ നിറഞ്ഞ അതിമനോഹരമായ ഒരു പ്രദേശമാണ്. നെറിംഗ മുനിസിപ്പാലിറ്റിയുടെ ഭാഗമായ ജൂഡ്ക്രാന്‍റി, ലിത്വാനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ സെറ്റിൽമെന്റാണ്. നൂറ്റാണ്ടുകളായി ഷ്വാർസോർട്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മത്സ്യബന്ധന ഗ്രാമമായിരുന്നു ഇവിടം. പിന്നീട്, 20-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വിനോദസഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്താന്‍ ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കിഴക്കൻ പ്രഷ്യയുടെ വടക്കൻ ഭാഗത്തില്‍ ഉള്‍പ്പെട്ട ഈ ഗ്രാമം, ജർമനിയിൽ നിന്ന് വേർപെടുത്തുകയും ജൂഡ്ക്രാന്‍റി എന്ന പേരില്‍ അറിയപ്പെടാനാരംഭിക്കുകയും ചെയ്തു.
English Summary: The Mysterious Hill of Crosses in Lithuanian