ADVERTISEMENT

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാര്യം ആലോചിക്കുമ്പോള്‍ അല്‍പം വ്യത്യസ്തമായ ഇടങ്ങള്‍ തേടിപ്പോകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് പറ്റിയ ഇടമാണ് ദക്ഷിണ കൊറിയയിലെ ജെജു പ്രവിശ്യയിലെ പ്രധാന ദ്വീപും കൊറിയൻ പെനിന്‍സുലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപുമായ ജെജു ദ്വീപ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപ് കൂടിയായ ജെജു, ആധുനിക ലോകാദ്ഭുതങ്ങളില്‍ ഒന്നാണ്. മനോഹരമായ നിരവധി ബീച്ചുകളും അഗ്നിപര്‍വതങ്ങളും ലാവാപ്രവാഹങ്ങളുമെല്ലാമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. 

പ്രകൃതിദത്ത ലോക പൈതൃക പ്രദേശം

ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രകൃതിദത്ത ലോക പൈതൃക പ്രദേശമായ ദ്വീപിൽ ജെജു അഗ്നിപർവത ദ്വീപ്, ലാവ ട്യൂബ്സ് എന്നിവ കാണപ്പെടുന്നു. ജനപ്രിയമായ അവധിക്കാല കേന്ദ്രമായ ജെജുവിന്‍റെ സമ്പദ് വ്യവസ്ഥയുടെ ഒരു വലിയ ഭാഗം ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. 

jeju-island
Image from shutterstock

അതുകൊണ്ടുതന്നെ 'തെക്കന്‍ കൊറിയയുടെ ഹവായ്' എന്നും ഇതിനെ വിളിക്കുന്നു. ഏഷ്യൻ വിനോദസഞ്ചാരികൾക്ക് ഇവിടുത്തെ ഊഷ്മളമായ കാലാവസ്ഥയും മനോഹരമായ ബീച്ചുകളും ഏറെ പ്രിയമാണ്. ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മൂന്നുമാസം വരെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ക്ക് ജെജുവില്‍ വീസ ആവശ്യമില്ല. ദ്വീപിൽ 660,000 ആളുകൾ താമസിക്കുന്നുണ്ട്, എന്നാൽ പ്രതിവർഷം 15,000,000 ആണ് ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണം!

കൊറിയയിലെ ഏറ്റവും പ്രശസ്തമായ സർഫിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് ജെജു. കൊറിയൻ സർഫിങ്ങിന്റെ ജന്മസ്ഥലം കൂടിയാണിത്. വിയോൾജംഗ് ബീച്ച്, ജംഗ്മുൻ ബീച്ച് എന്നിവയാണ് ഇവിടത്തെ ഏറ്റവും പ്രശസ്തമായ ചില ബീച്ചുകൾ. 1995 ൽ സ്ഥാപിതമായ കൊറിയയിലെ ആദ്യത്തെ സർഫിങ് ക്ലബ് ജംഗ്മുൻ ബീച്ചിലാണ് ഉള്ളത്. രണ്ടു മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു ഭൂഗര്‍ഭജല അഗ്നിപര്‍വതത്തിന്റെ പ്രവര്‍ത്തന ഫലമായാണ് ദ്വീപ്‌ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. 

jeju-island1
Image from shutterstoc

യുനെസ്കോയുടെ മൂന്ന് ലോക പൈതൃക സൈറ്റുകള്‍ ഇവിടെയുണ്ട്. കൂടാതെ ധാരാളം മ്യൂസിയങ്ങളും തീം പാർക്കുകളുമുണ്ട്. പർവതങ്ങൾ, ലാവ ട്യൂബ് ഗുഹകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുമുണ്ട്. ജെജു ദ്വീപിന് സമീപത്തും സന്ദർശകർക്ക് ബോട്ടിൽ സന്ദർശിക്കാൻ കഴിയുന്ന ചെറിയ ദ്വീപുകളുണ്ട്; അവയിൽ ഏറ്റവും പ്രശസ്തമായവ ഉഡോ, ഗപാഡോ, മറാഡോ എന്നിവയാണ്. പീനട്ട് ഐസ്ക്രീമിനും ബോട്ട് ടൂറിനും പേരുകേട്ടതാണ് ഉഡോ.

എട്ടു കിലോമീറ്റർ നീളമുള്ള മഞ്‌ജംഗുൽ ലാവ ട്യൂബ് ആണ് മറ്റൊരു പ്രശസ്ത ആകര്‍ഷണം. ഇതിന്‍റെ 1 കിലോമീറ്റർ ഭാഗം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു. സിയോങ്‌സാൻ‌ ഇൽ‌ചുൽ‌ബോംഗ് അഥവാ "സൺ‌റൈസ് പീക്ക്", ദ്വീപിന്‍റെ മധ്യഭാഗത്തെ പ്രധാന കൊടുമുടിയായ ഹല്ലാസൻ പർവ്വതം, സിയോംഗൂപ്പ് ഫോക്ക് വില്ലേജ്, ജെജു ടെഡി ബിയർ മ്യൂസിയം, ജെജു ലവ്‌ലാന്‍റ് ഒ'സുലോക്ക് ടീ മ്യൂസിയം, ജെജു മേസ് പാർക്ക് തുടങ്ങിയവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മറ്റേതു വിനോദസഞ്ചാര കേന്ദ്രത്തെയും പോലെത്തന്നെ അമിതമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന മലിനീകരണം ഇവിടെയുമുണ്ട്. കൂടാതെ, അമിത ഗതാഗതം, ഭൂഗർഭജലത്തിന്‍റെ അമിതോപയോഗം തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്. ഇതൊരു ഗുരുതര പ്രശ്നമായി കണക്കിലെടുത്ത് 2030 ഓടെ ദ്വീപ്‌ കാര്‍ബണ്‍ രഹിതമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഇതിന്‍റെ ഭാഗമായി ഇലക്ട്രിക് കാറുകള്‍ പോലെയുള്ള സുസ്ഥിര സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു

സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

ജെജു ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്.

എങ്ങനെ എത്തിച്ചേരാം

ജെജു സിറ്റിയിലെ ജെജു ഇന്റർനാഷണൽ എയര്‍പോര്‍ട്ട് വഴിയാണ് ഈ ദ്വീപിലേക്ക് എത്തിച്ചേരുന്നത് . സിയോൾ - ജെജു സിറ്റി എയർ റൂട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടാണ്, 2017-ൽ രണ്ട് നഗരങ്ങൾക്കിടയിൽ ഏകദേശം 13,400,000 പേരാണ് യാത്ര ചെയ്തത്. ഡേഗു, ബുസാൻ , ഗുൻസാൻ, ഗ്വാങ്ജു എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങള്‍ ഉണ്ട്. 

ബുസാനിൽ നിന്ന് ഫെറി വഴിയും ജെജുവിലേക്ക് എത്തിച്ചേരാം. ഇതിനു 3 മുതൽ 12 മണിക്കൂർ വരെ സമയമെടുക്കും. ദ്വീപിന് പൊതു ബസ് സംവിധാനമുണ്ടെങ്കിലും റെയിൽവേ ഇല്ല. കൊറിയ ട്രെയിൻ എക്‌സ്പ്രസ് ശൃംഖലയുമായി ബന്ധിപ്പിച്ച് ദ്വീപിലേക്ക് ഒരു റെയിൽ തുരങ്കം നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും പ്രാദേശികരുടെ എതിർപ്പു കാരണം ഇത് നടന്നില്ല.

English Summary: The Hawai of South Korea Jeju island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com