സാക്ഷിയായി നിങ്ങളുടെ പ്രിയ സെലിബ്രിറ്റികള്‍ വരും; വിവാഹം കഴിക്കാന്‍ തയാറാണോ?
Mail This Article
വിവാഹം അവിസ്മരണീയമായ അനുഭവമാക്കി മാറ്റാന്‍ ആഗ്രഹം ഇല്ലാത്ത ആരും ഉണ്ടാവില്ല. കാലങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ വിവാഹത്തിന്‍റെ ചടങ്ങുകളിലും രീതികളിലുമെല്ലാം പുതുമകള്‍ കടന്നു വരാറുണ്ട്. വിചിത്രമായ വിവാഹ ഫോട്ടോ ഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറല്‍ ആകാറുള്ള സംഗതിയാണ്.
യാത്രാപ്രേമികള്‍ക്ക് വിവാഹം കഴിക്കാന്‍ ഇപ്പോഴിതാ കിടിലനൊരു പുത്തന്‍ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ലാസ് വേഗസിലുള്ള മാഡം തുസാഡ്‌സ് മെഴുകു മ്യൂസിയം. ലോകപ്രശസ്തരായ ആളുകളുടെ മെഴുകു രൂപങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ മ്യൂസിയം. ഇപ്പോള്‍ ഇവിടെയെത്തുന്നവര്‍ക്ക് ഇഷ്ട സെലിബ്രിറ്റിയെ സാക്ഷിയാക്കി വിവാഹം കഴിക്കാം. ഒന്നല്ല, ഒരുപാടു പേരോട് ആരാധന ഉണ്ടെങ്കില്‍ അവരെ എല്ലാവരെയും നിങ്ങളുടെ വിവാഹത്തിന് ക്ഷണിക്കാം!
മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സെലിബ്രിറ്റി പ്രതിമകള്‍ക്ക് നടുവിലായാണ് വിവാഹം നടത്താനാവുക. ഇതിനായി രണ്ടു തരം പാക്കേജുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏകദേശം 15,010 രൂപ വിലവരുന്ന പാക്കേജ് ആണ് ആദ്യത്തേത്. മ്യൂസിയത്തിലെ ചെറിയ വൈറ്റ് ചാപ്പലിൽ നടക്കുന്ന വിവാഹത്തിന് സാക്ഷിയായി ജോർജ്ജ് ക്ലൂണിയുടെ മെഴുകു പ്രതിമ ഉണ്ടാകും. വിവാഹ സംഗീതം, വധൂവരന്മാർക്കുള്ള സാഷുകൾ, ഒരു മിനി ബോട്ടിൽ ഷാംപെയ്ൻ എന്നിവയും ഈ പാക്കേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ നിമിഷം എന്നെന്നും ഓര്‍മിച്ചു വയ്ക്കാനായി വിവാഹച്ചടങ്ങുകളുടെ ഡിജിറ്റല്‍ ഫോട്ടോകളും ലഭിക്കും.
ഏകദേശം 1876 രൂപ കൂടി അധികം കൊടുത്താല്‍ രണ്ടാമത്തെ പാക്കേജ് തിരഞ്ഞെടുക്കാം. ഈ "വിഐപി വാക്ക്-അപ്പ് വാക്സ് വെഡ്ഡിങ്" പാക്കേജില്‍ ജോര്‍ജ് ക്ലൂണിക്ക് പുറമേ, വധൂവരന്മാര്‍ക്ക് ഇഷ്ടമുള്ള സെലിബ്രിറ്റികളെ മുഴുവന്‍ അതിഥികളാക്കാം. നോര്‍മല്‍ പാക്കേജിലെ എല്ലാ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല, ചടങ്ങുകളുടെ അവസാനം വധുവിന്‍റെയും വരന്‍റെയും കോര്‍ത്തു പിടിച്ച കൈകളുടെ മെഴുകുപ്രതിമയും ലഭിക്കും.
വാക്സ് മ്യൂസിയം
വാക്സ് മ്യൂസിയത്തില്‍ വിവാഹം നടത്താന്‍ മാസങ്ങള്‍ക്ക് മുന്നേ ബുക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല. നേരെ ചെന്ന് വിവാഹം നടത്തിത്തരാന്‍ പറഞ്ഞാല്‍ ആവശ്യമായ പെയ്മെന്റുകള്‍ക്കും മറ്റു ക്രമീകരണങ്ങള്‍ക്കും ശേഷം പെട്ടെന്ന് വിവാഹം കഴിക്കാം എന്നൊരു സവിശേഷതയുമുണ്ട്.
1835-ൽ മെഴുക് ശിൽപിയായ മേരി തുസ്സാഡ് ലണ്ടനില്‍ നിര്‍മ്മിച്ചതാണ് ആദ്യത്തെ വാക്സ് മ്യൂസിയം. ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗാന്ധിജി, ഹൃത്വിക് റോഷൻ, ഷാറൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, നരേന്ദ്ര മോദി തുടങ്ങിയവരുടെയെല്ലാം മെഴുകു പ്രതിമകള്‍ ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തിലുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും മാഡം തുസാഡ്സ് മ്യൂസിയമുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മാഡം തുസാഡ്‌സ് മ്യൂസിയം 2017 ഡിസംബർ 1-ന് ന്യൂഡൽഹിയിൽ തുറന്നു. ആഞ്ജലീന ജോളി , ആശാ ഭോസ്ലെ , കപിൽ ദേവ്, മേരി കോം, ഗായിക അരിയാന ഗ്രാൻഡെ , അമിതാഭ് ബച്ചൻ , സൽമാൻ ഖാൻ , കത്രീന കൈഫ് , സച്ചിൻ ടെണ്ടുൽക്കർ , കിം കർദാഷിയാൻ , ടോം ക്രൂസ് , ലിയോനാർഡോ ഡികാപ്രിയോ , ജോഹാൻ തുടങ്ങി രാഷ്ട്രീയ, വിനോദ രംഗത്തെ പ്രമുഖരുടെ 50-ലധികം മെഴുക് പ്രതിമകള്‍ ഇന്ത്യയിലെ മ്യൂസിയത്തില്‍ ഉണ്ട്. 2020 ഡിസംബർ 30- ന്, ഡൽഹിയിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിന്‍റെ ഹോൾഡിംഗ് കമ്പനി മ്യൂസിയം താൽക്കാലികമായി അടച്ചുപൂട്ടുന്നതായി സ്ഥിരീകരിച്ചു. 2022-ൽ മ്യൂസിയം വീണ്ടും തുറക്കാൻ പദ്ധതിയുണ്ട്.
English Summary: Madame Tussauds Wax Museum in London