കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് വേണ്ട; ഇന്ത്യക്കാർക്ക് ഇൗ രാജ്യങ്ങളിലേക്ക് പോകാം
Mail This Article
സിംഗപ്പൂരില്‍ നിന്നുള്ള ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയുടെ സമീപകാല 'ഇന്ത്യ-ജെനസ് ട്രാവൽ' സർവേ പ്രകാരം, 39 ശതമാനം ഇന്ത്യക്കാരും 2022-ൽ രാജ്യാന്തര യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഓരോ രാജ്യത്തേക്കും പോകുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും ക്വാറന്റീൻ ആവശ്യകതകളും മനസ്സിലാക്കുക എന്നത് ഒരു വെല്ലുവിളിയായാണ് അവരില്‍ ഭൂരിഭാഗവും കരുതുന്നത് എന്നും സര്‍വേയില്‍ കണ്ടെത്തി.
പല രാജ്യങ്ങളും ഇപ്പോൾ അതിർത്തികൾ വീണ്ടും തുറക്കുന്നതിനും പ്രവേശന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള രാജ്യാന്തര വിനോദസഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്ന സമയമാണ്. ചില രാജ്യങ്ങളില്‍ ഇപ്പോള്‍ പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള നെഗറ്റീവ് ആർടി പിസിആർ ടെസ്റ്റ് റിപ്പോര്‍ട്ട് ആവശ്യകത എടുത്തു മാറ്റിയിട്ടുണ്ട്. അത്തരം ചില ലക്ഷ്യസ്ഥാനങ്ങള്‍ അറിയാം.
ഈജിപ്ത്
കോവിഷീല്‍ഡോ ആസ്ട്രസെനാക വാക്സിനോ എടുത്ത യാത്രക്കാർക്ക് ഇപ്പോൾ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടാതെ ഈജിപ്തിലേക്ക് പറക്കാം. ഇതിനായി ഒരു ഹെല്‍ത്ത് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതിയാകും. ഗിസയിലെ ഗ്രേറ്റ് പിരമിഡും മെഡിറ്ററേനിയൻ, ചെങ്കടലും പ്രശസ്തമായ ഖാൻ എൽ-ഖലീലി മാർക്കറ്റുമെല്ലാം വീണ്ടും സന്ദര്‍ശിക്കാം. ഫെലൂക്കയിൽ നൈൽ നദിയിലൂടെയുള്ള യാത്രയും ലക്സറിലെ ഹോട്ട് എയർ ബലൂൺ സവാരിയുമെല്ലാം വീണ്ടും ആസ്വദിക്കാം. ദേശീയോദ്യാനമായ സഹാറ എൽ ബേഡയും ഹർഗദയിലെ ജലവിനോദങ്ങളും കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയവുമെല്ലാം വിട്ടുപോകരുതാത്ത ഇടങ്ങളാണ്.
ബഹ്‌റൈൻ
പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് രാജ്യവും ഇപ്പോൾ വിനോദസഞ്ചാരികള്‍ക്ക് വാക്സിനേഷൻ കൂടാതെ പ്രവേശനം അനുവദിക്കുന്നു. ബഹ്‌റൈനിൽ യാത്രക്കാർക്ക് കാണാനും ചെയ്യാനുമായി ആവേശകരമായ നിരവധി കാര്യങ്ങളുണ്ട്.
ബഹ്‌റൈന്‍റെ സമ്പന്നമായ ചരിത്രവും നാഗരികതയും ആസ്വദിക്കാൻ പ്രശസ്തവും പുരാതനവുമായ അൽ ജസ്ര ഹൗസും അൽ ബഹ്‌റൈൻ സൈറ്റ് മ്യൂസിയവും സന്ദർശിക്കാം. സുഗന്ധവ്യഞ്ജനങ്ങൾ, സുവനീറുകൾ, സ്വാദിഷ്ടമായ മധുരപലഹാരങ്ങൾ എന്നിവയ്ക്കായി മനാമ സൂക്കിലൂടെ അലയാം, പരമ്പരാഗത ബഹ്‌റൈൻ ഭക്ഷണങ്ങള്‍ രുചിക്കാം. ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ തീം പാർക്കായ ഡൈവ് ബഹ്‌റൈനും നുറാന ദ്വീപുകളിലെ കയാക്കിംഗും വാട്ടർ സ്പോര്‍ട്സ് ഇനങ്ങളുമെല്ലാം പരീക്ഷിക്കാം.
ലെബനൻ
പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് യാത്ര ചെയ്യുന്നതിന് ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ ജാബ് ലഭിച്ചാൽ ലെബനന്‍ യാത്രക്ക് പ്രീ-ഡിപ്പാർച്ചർ പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. സഞ്ചാരികള്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താൽ മതിയാകും.
ഭൂമിശാസ്ത്രപരമായ വൈവിധ്യത്തോടൊപ്പം വിസ്മയിപ്പിക്കുന്ന അനുഭവങ്ങളും സമ്പന്നമായ ചരിത്രവും വാസ്തുവിദ്യയുമെല്ലാം ലെബനന്‍ യാത്ര അവിസ്മരണീയമാക്കും. പുരാതന ഗ്രീക്കോ-റോമൻ ക്ഷേത്രങ്ങളിലൊന്നായ ബാൽബെക്ക് – ബച്ചസിന്‍റെ ക്ഷേത്രം, ചൗഫിലെ പ്രശസ്ത ദേവദാരുകൾ, ബറൂക്ക് പർവതത്തിലെ, പതിനെട്ടാം നൂറ്റാണ്ടിൽ നിര്‍മ്മിച്ച ബെയ്റ്റെഡിൻ കൊട്ടാരം, ബൈബ്ലോസിലെ ബോട്ട് ടൂർ ഖാദിഷ താഴ്‌വര എന്നിവ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.
ഫ്രാൻസ്
വീഞ്ഞിന്‍റെയും പ്രണയത്തിന്‍റെയും നാടായ ഫ്രാന്‍സും ഫെബ്രുവരി 12 മുതൽ പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള ആർടി-പിസിആർ ടെസ്റ്റ് ആവശ്യകത എടുത്തു മാറ്റിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫ്രാന്‍സ്.
പ്രശസ്തമായ ഈഫൽ ടവർ കാണാനും, സീൻ നദിയിലൂടെ സഞ്ചരിക്കാനും മോണ്ട്-സെന്റ്-മൈക്കലിലേക്ക് തീർത്ഥാടനം നടത്താനും പാരീസിലെ പഴയ ക്വാർട്ടേഴ്‌സിൽ ചുറ്റിക്കറങ്ങാനുമെല്ലാമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇത്തരം സ്ഥിരം കാഴ്ചകള്‍ കൂടാതെ, പ്രോവെൻസിലെ ലാവെൻഡർ വയലുകളുടെ ഫ്രഞ്ച് ആൽപ്‌സിന് മുകളിലൂടെയുള്ള ഹെലികോപ്റ്റർ സവാരിയും ബർഗണ്ടിയിലെ മുന്തിരിത്തോട്ടങ്ങളും ഷാംപെയ്‌നിലെ വിശിഷ്ടമായ ഷാംപെയ്ൻ രുചിയും ലിയോൺ നഗരക്കാഴ്ചകളുമെല്ലാം ആസ്വദിക്കാം.
തുർക്കി
നാല് സീസണുകളുടെ നാടായ തുർക്കിയിലും സഞ്ചാരികളെ ആർടി-പിസിആർ ടെസ്റ്റ് കൂടാതെ സ്വാഗതം ചെയ്യുന്നു. യാത്രക്കാർ എത്തുന്നതിന് 72 മണിക്കൂർ മുമ്പ് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയാകും. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സാംസ്കാരിക സ്വാധീനവും മനോഹരമായ ഭൂപ്രകൃതിയുമെല്ലാം തുര്‍ക്കി യാത്ര അവിസ്മരണീയമാക്കും.
പാമുക്കലെ തടാകത്തിലെ തെർമൽ പൂളുകളും ബിസി മൂന്നാം സഹസ്രാബ്ദം മുതൽ ജനവാസമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ കോന്യയും തുർക്കിയിലെ സെൻട്രൽ അനറ്റോലിയ മേഖലയിലെ ഭൂഗർഭ നഗരമായ കെയ്മാക്ലിയും കപ്പഡോഷ്യയിലെ ഹോട്ട് എയർ ബലൂൺ സവാരിയുമെല്ലാം തുര്‍ക്കിയിലെ യാത്രയില്‍ അനുഭവിച്ചറിയേണ്ടതാണ്.
നോർവേ
യാത്രക്ക് ഒമ്പത് മാസത്തിനുള്ളിൽ വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് നോർവേയിൽ പ്രവേശിക്കാൻ ആര്‍ടി പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. അവസാന ഡോസിന്‍റെ കാലാവധി കവിഞ്ഞാൽ, ബൂസ്റ്റർ ഷോട്ട് എടുക്കാം.
ലോകപ്രശസ്തമായ നോർത്തേൺ ലൈറ്റ്സും ഗംഭീരമായ പർവതങ്ങൾ, ഹിമാനികൾ, മ്യൂസിയങ്ങൾ എന്നിവയും തീര്‍ച്ചയായും കാണണം. കൂടാതെ, 399 മീറ്റർ ഉയരമുള്ള മൗണ്ട് ഫ്ലോയൻ കൊടുമുടിയിലേക്ക് യാത്രക്കാർക്ക് കാൽനടയാത്ര നടത്താം, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഗീരാംഗർഫ്ജോർഡ് പ്രദേശം, ലോകത്തിലെ ഏറ്റവും ശക്തമായ ചുഴിയായ സാൾട്ട്‌സ്‌ട്രോമെൻ മെയിൽസ്‌ട്രോം എന്നിവയും സന്ദര്‍ശിക്കാം.
English Summary: Destinations Indians can travel to without an Rtpcr Test