'ഈ രാജ്യത്തോട് പ്രണയം'; ചിത്രം പങ്കിട്ട് രജീഷ വിജയൻ
Mail This Article
സ്പെയിന്റെ സൗന്ദര്യത്തിൽ മതിമറന്ന് നടി രജീഷ വിജയൻ. അവധിക്കാല യാത്രയുടെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. തിരക്കിന്റെ ലോകത്തിൽ നിന്നും റീലാക്സാകാനായി മിക്കവരും പുതിയ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുക പതിവാണ്. കാഴ്ച കണ്ടുള്ള മടക്കം കണ്ണുകൾക്ക് മാത്രമല്ല ശരീരത്തിനും മനസിനും പുത്തനുണർവാണ് പകർന്നു നൽകുന്നത്. യാത്രകളോടുള്ള ഇഷ്ടമാണ് പുതിയ കാഴ്ചകളിലേക്ക് ഒാരോത്തരെയും എത്തിക്കുന്നത്. രജീഷയ്ക്കും യാത്രകൾ പ്രിയമാണ്. ഇന്ത്യക്കകത്തുള്ള യാത്രകളുടെ ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഏറ്റവും പുതിയതായി സ്പെയ്നിൽ നിന്നുള്ള ചിത്രങ്ങളാണ് രജീഷ പങ്കുവച്ചിട്ടുള്ളത്. ഈ രാജ്യത്തോട് പ്രണയം എന്നു കുറിച്ചുകൊണ്ട് ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
യാത്രകളിലൂടെ കാഴ്ചകൾ ആസ്വദിക്കുന്നതിനപ്പുറം കൗതുകമുണർത്തുന്നവ കാണാനും അറിയാനും സാധിക്കുക എന്നതാണ് സഞ്ചാരികളിൽ മിക്കവർക്കും പ്രിയം. അങ്ങനെയൊരിടമാണ് സ്പെയിൻ. കൃത്യമായ പ്ലാനിങ്ങോടുകൂടി യാത്ര ചെയ്താൽ ചെലവ് ചുരുക്കി യാത്ര സാധ്യമാകുന്ന രാജ്യം കൂടിയാണ് സ്പെയിൻ.
ചെലവിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്പെയിൻ. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് താരതമ്യേന കുറവുള്ള രാജ്യമാണിത്. മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. സന്ദർശകർക്ക് കാണാനും സാഹസികവിനോദങ്ങളിൽ ഏർപ്പെടാനുമൊക്കെ ഇൗ മനോഹരയിടം മികച്ചതാണ്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു എയര്‍പോര്‍ട്ടുകളില്‍ നിന്നും സ്പെയിനിലെ മാഡ്രിഡ്, ബാര്‍സലോണ തുടങ്ങിയ നഗരങ്ങളിലേക്ക് നേരിട്ട് ഫ്ളൈറ്റ് സേവനങ്ങള്‍ ലഭ്യമാണ്. നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റ് ആണെങ്കില്‍ ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും മാഡ്രിഡിലെത്താന്‍ 9 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുക്കും.
ഒരിക്കല്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ നഗരം ചുറ്റിക്കാണാന്‍ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിക്കാം. ലോക്കല്‍ ബസുകള്‍, ട്രെയിനുകള്‍ മുതലായവ ലഭ്യമാണ്. നഗര സഞ്ചാരത്തിനായി ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം. മറ്റു വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എന്ന പോലെത്തന്നെ സ്പെയിനിലേക്ക് പോകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ടിക്കറ്റുകള്‍ നേരത്തേ തന്നെ ബുക്ക് ചെയ്തു വെക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്‌താല്‍ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ നിരക്കിൽ നല്ല വ്യത്യാസം ഉണ്ടാകും.
English Summary: Rajisha Vijayan Shares Pictures from Spain Travel