304 കിലോ ഭാരമുള്ള ആമയും പതിനായിരക്കണക്കിന് പക്ഷികളും; അതിസുന്ദരം ഈ പവിഴദ്വീപ്
Mail This Article
വിവിധ വര്‍ണ്ണങ്ങളിലും തരത്തിലുമുള്ള പക്ഷികള്‍ നിറഞ്ഞ ഒരു കൊച്ചുദ്വീപാണ് സീഷെൽസിലുള്ള ബേർഡ് ഐലൻഡ്. സഞ്ചാരികളുടെ ഇഷ്ടയിടം. നൂറിലധികം ദ്വീപുകളുള്ള സീഷെൽസ് ദ്വീപസമൂഹത്തിലെ വടക്കേ അറ്റത്തുള്ള ദ്വീപാണ് ഇത്. പ്രധാനനഗരമായ മാഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന, വെറും 0.94 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പവിഴദ്വീപ് കാണാന്‍ അതിമനോഹരവും ഒപ്പം തന്നെ ജൈവവൈവിധ്യത്തിന് പേരുകേട്ടതുമാണ്.
സൂട്ടി ടേണുകൾ , ഫെയറി ടെൺസ് , കോമൺ നോഡികൾ, പരുന്ത് തുടങ്ങിയ പക്ഷികളെ ഇവിടെ ധാരാളം കാണാം. ഇവ കൂടാതെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആമ മുത്തശ്ശന്‍മാരും തീരങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ ഫ്രീ റോമിംഗ് ആമ എസ്മെറാൾഡ ഈ ദ്വീപിലാണ് താമസിക്കുന്നത്. ഇതിന് 670 പൗണ്ടിലധികം (304 കിലോഗ്രാം) ഭാരമുണ്ട്, മാത്രമല്ല, 170 വർഷത്തോളം പ്രായവുമുണ്ട്! പ്രശസ്ത സസ്യശാസ്ത്രജ്ഞനും സുവോളജിസ്റ്റുമായ ലിയാൽ വാട്‌സണാണ് എസ്മെറാൾഡയ്ക്ക് പേര് നൽകിയത് .
ഏഴു വില്ലകളുള്ള ഒരു സ്വകാര്യ റിസോർട്ടാണ് ഇന്ന് ഈ ദ്വീപ്. കൂടാതെ, ഒരു ചെറിയ കാലാവസ്ഥാ സ്റ്റേഷനും ദ്വീപിനെ മാഹിയുമായി ബന്ധിപ്പിക്കുന്ന ഒരു ചെറിയ ലാൻഡിങ് സ്ട്രിപ്പ് ബേർഡ് ഐലൻഡ് എയർപോർട്ടും ഇവിടെയുണ്ട്.
ദ്വീപിനരികിലെ ജലത്തില്‍ വസിച്ചിരുന്ന ഡുഗോങ്ങുകൾ (കടൽ പശുക്കൾ) കാരണം, ദ്വീപ് "ഇലെ ഓക്സ് വാച്ചസ്" എന്നാണ് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. പക്ഷിമൃഗാദികളുടെ കാഷ്ഠം ശേഖരിച്ച് വളം ഉണ്ടാക്കുന്നത് വന്‍തോതിലുള്ള വ്യവസായമായിരുന്നു. 1896 നും 1906 നും ഇടയിൽ 17,000 ടൺ കാഷ്ഠം ഇങ്ങനെ ദ്വീപിൽ നിന്ന് നീക്കം ചെയ്യുകയും കൃഷിക്കുള്ള വളമായി മൗറീഷ്യസിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.
1775-ൽ, തന്‍റെ ‘ഈഗിൾ’ എന്ന കപ്പലില്‍ ലോകം ചുറ്റുകയായിരുന്ന ജെയിംസ് കുക്ക് ആണ് ഈ ദ്വീപിന് ബേര്‍ഡ് ഐലന്‍റ് അഥവാ പക്ഷിദ്വീപ് എന്നു പേരിട്ടത്. ഇവിടുത്തെ വിവിധ ഇനത്തില്‍പ്പെട്ട പക്ഷികളെയും കടല്‍പ്പശുക്കളേയും മറ്റും പറ്റി അദ്ദേഹം വിശദമായി വിവരിച്ചിരുന്നു.
ദ്വീപിൽ ഒരു വര്‍ഷം ഏകദേശം 700,000 ജോഡി സൂട്ടി ടേണുകള്‍ കൂടുകൂട്ടുന്നു. ഇവ മാർച്ച് അവസാനം മുതൽ ദ്വീപിലേക്ക് പറന്നെത്തുന്നു, മെയ് മാസത്തിൽ മുട്ടയിടുന്നു. ഒക്ടോബർ വരെ ഇവ ഇവിടെ കാണും. ഈ സമയത്ത് നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു.
English Summary: Bird Island in Seychelles