ഒറ്റക്കല്ലിൽ തീർത്ത വിസ്മയങ്ങൾ
Mail This Article
വിശ്വാസത്തിന്റെ കരുത്ത് കല്ലിൽ കൊത്തിയെടുത്ത മനോഹര നിർമിതികളാണ് എത്യോപ്യയിലെ ലാലിബേല ആരാധനാലയങ്ങൾ. കല്ലുകൊണ്ട് നിർമിച്ച ശിൽപഭംഗിയൊത്ത കോട്ടകളും ക്ഷേത്രങ്ങളും ഇന്ത്യയിലും വിദേശത്തും ഒട്ടേറെ കാണാം. ഗോഥിക് ശൈലിയിൽ കല്ലിൽ നിർമിച്ച ക്രൈസ്തവ ദേവാലയങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാൽ ആഫ്രിക്കയിലെ ചരിത്ര നഗരമായ ആഡിസ് അബാബയ്ക്കു സമീപം ലാലിബേലയിലെ 11 ക്രൈസ്തവ ദേവാലയങ്ങൾ ഒറ്റക്കല്ലില്‍ കൊത്തി എടുത്തവയാണ്. ഇവയുടെ നിർമിതിയിൽ കരിങ്കൽ ഖണ്ഡങ്ങളോ സിമന്റോ കോൺക്രീറ്റോ ഉപയോഗിച്ചിട്ടില്ല, അടി മുതൽ മുടിവരെ ഒറ്റ കല്ലിൽ ചെത്തി എടുത്തതാണ് ഓരോ പള്ളിയും.
ലാലിബേലയും മാലാഖമാരും
എത്യോപ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ പുണ്യനഗരമാണ് രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ലാലിബേല. എഡി 400 ൽ തന്നെ ക്രിസ്തുമത വിശ്വാസം പ്രചാരത്തിലായ രാജ്യമാണ് എത്യോപ്യ. എഡി 800 ൽ ഗബ്രി മെസ്കൽ ലാലിബേല എന്ന രാജാവ് 1600 മൈൽ അകലെയുള്ള ജറുസലേമിലേക്കു തീർഥാടനത്തിനു പോയി, അദ്ദേഹം മടങ്ങി എത്തിയതിനു പിന്നാലെ ഇസ്‌ലാമിക പടയോട്ടത്തിൽ ജറുസലേം കീഴടക്കപ്പെട്ടു എന്നറിഞ്ഞു. തുടർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കായി ഒരു പുതുജറുസലേം ഒരുക്കുക എന്നതായിരുന്നു ലാലിബേല രാജാവിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലാലിബേല പള്ളികൾക്കു സമീപം ഒഴുകുന്ന നദിയുടെ പേര് ജോർദാൻ നദി (പ്രാദേശിക ഭാഷയിൽ യോർദാനോസ്) എന്നു മാറ്റുകപോലും ചെയ്തു.
കരിങ്കല്ലിൽ കൊത്തിയെടുത്ത പള്ളികൾ ഉദ്ദേശം 200 എണ്ണമുണ്ട് എത്യോപ്യയിൽ ആകെ. എങ്കിലും ലാലിബേല പ്രദേശത്താണ് ഇത്രയധികം നിർമിതികൾ ഒരുമിച്ചുള്ളത്. എഡി 1200 ആണ് ഇവയുടെ നിർമാണ കാലഘട്ടം. മാലാഖമാരുടെ സഹായത്തോടെ 24 വർഷംകൊണ്ട് ലാലിബേല കൊത്തി എടുത്തതാണ് ഈ പള്ളികളെന്ന് കിങ് ഗബ്രി മെസ്കൽ ലാലിബേലയുടെ ജീവചരിത്രവും പ്രാദേശിക വിശ്വാസവും രേഖപ്പെടുത്തുന്നു. എങ്കിലും പുരാവസ്തു വിദഗ്ധർ നാലോ അഞ്ചോ ഘട്ടങ്ങളായിട്ടാണ് ഇവയുടെ നിർമാണം നടന്നിട്ടുള്ളത് എന്ന് അനുമാനിക്കുന്നു. പ്രാചീന എത്യോപ്യൻ വാസ്തു വിദ്യയായ അകുസ്മൈറ്റ് ശൈലിയോട് സാദൃശ്യം പുലർത്തുന്നതിനാൽ സാഗ്‌വി ജനങ്ങളാണ് ഈ പള്ളികളുടെ നിർമാണം നടത്തിയത് എന്നും പറയപ്പെടുന്നു.