നീല വ്യാളി രൂപം; വൈറലായി നദിയുടെ കാഴ്ച: സന്ദർശകരുടെ തിരക്കിൽ ബ്ലൂ ഡ്രാഗണ്‍ റിവര്‍
Mail This Article
വ്യത്യസ്തവും സുന്ദരവുമായ കാഴ്ചകളാല്‍ സമ്പന്നമാണ് നമ്മുടെ ഭൂമി. അതിലൊന്നാണ് പ്രകൃതി ഒരുക്കിയ ഒരു അപൂര്‍വ വിസ്മയമായ പോര്‍ച്ചുഗലിലെ ഒഡലെയ്റ്റ് നദി. ആകാശക്കാഴ്ചയില്‍ നീല നിറത്തിലുള്ള ഒരു വ്യാളിയെപ്പോലെ തോന്നിപ്പിക്കും ഈ നദി. അതുകൊണ്ടുതന്നെ ‘ബ്ലൂ ഡ്രാഗണ്‍ റിവര്‍’ എന്നൊരു വിളിപ്പേരും ഈ നദിക്കുണ്ട്.
തെളിഞ്ഞ ജലവും വളഞ്ഞുപുളഞ്ഞ ആകൃതിയുമാണ് ഗ്വാഡിയാന നദിയുടെ കൈവഴിയായ ഈ നദിക്ക് അപൂര്‍വ രൂപഭംഗി നല്‍കുന്നത്. പോര്‍ച്ചുഗലിലെ കാസ്‌ട്രോ മറിയം മുനിസിപ്പാലിറ്റിയിലൂടെ ഒഴുകുന്ന ഭാഗത്താണ് ഒഡലെയ്റ്റ് നദിക്ക് വ്യാളിയുടെ രൂപം കൈവരുന്നത്. സെറാ ഡൊ കാല്‍ഡെയ്‌റാവോ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയില്‍ ഇതേപേരില്‍ ഒരു ഡാമും നിര്‍മിച്ചിട്ടുണ്ട്.
നീല വ്യാളിയെന്ന പേരില്‍ ഈ നദി പ്രസിദ്ധമാവാന്‍ കാരണം സ്റ്റീവ് റിച്ചാഡ്‌സ് എന്ന ഫൊട്ടോഗ്രഫറാണ്. ഒരിക്കല്‍ ഒഡലെയ്റ്റ് നദിക്ക് മുകളിലൂടെ വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന സ്റ്റീവ് താഴെ വ്യാളിയുടെ രൂപത്തിൽ ഒഴുകുന്ന നദി കണ്ടു. ദൃശ്യം ക്യാമറയിലാക്കുകയും സമൂഹമാധ്യമങ്ങളിൽ ഇടുകയും ചെയ്തു. സ്റ്റീവിന്റെ ഒഡലെയ്റ്റ് നദിയുടെ ചിത്രം ബ്ലൂ ഡ്രാഗണ്‍ റിവര്‍ എന്ന പേരില്‍ വൈറലാവുകയായിരുന്നു.
വ്യാളീ രൂപത്തിലെ നദി
ചൈനീസ് വ്യാളീ രൂപത്തിനോടു സാദൃശ്യമുള്ള രൂപമാണ് ഒഡലെയ്റ്റ് നദിക്കുള്ളത്. ചൈനീസ് വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രമായ ഒന്നായാണ് വ്യാളിയെ കണക്കാക്കപ്പെടുന്നത്. ശക്തിയുടേയും കരുത്തിന്റേയും പ്രതിരൂപമാണ് വ്യാളി. ചിത്രം വൈറലായതോടെ ഒഡലെയ്റ്റ് നദി കാണാനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇതില്‍ വലിയൊരു വിഭാഗം ചൈനീസ് സഞ്ചാരികളാണ്.
പോര്‍ച്ചുഗലിലെ ഒരു ചെറിയ പട്ടണത്തിന്റെ പേരും ഒഡലെയ്റ്റ് എന്നാണ്. ഇവിടെ 1534ല്‍ നിര്‍മിച്ച പള്ളിയും പ്രസിദ്ധമാണ്. റോമന്‍ പുരാവസ്തു ശേഷിപ്പുകള്‍ ലഭിച്ചിട്ടുള്ള ഇവിടം കാറ്റാടികള്‍ക്കും പ്രസിദ്ധമാണ്. 142 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒഡലെയ്റ്റില്‍ 2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യ 763 മാത്രമാണ്.
English Summary: Visit The Blue Dragon River in Portugal