ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാവുന്ന മനോഹരദ്വീപുകള്
Mail This Article
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പലരും മടിക്കുന്നതിന്‍റെ ഒരു കാരണം, വീസ എടുക്കാനുള്ള ബുദ്ധിമുട്ടാണ്. കയ്യില്‍ പണം ഉണ്ടായാല്‍പ്പോലും നൂലാമാലകള്‍ കാരണം പലരും മടിക്കും. എന്നാല്‍ വീസയില്ലാതെ സന്ദര്‍ശിക്കാവുന്ന നിരവധി മനോഹര ദ്വീപുകളുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടാം.
സമോവ
ദക്ഷിണ ശാന്ത സമുദ്രത്തിലെ അതിമനോഹരമായ ദ്വീപസമൂഹമാണ് സമോവ. പോളിനേഷ്യൻ മേഖലയിൽ ഹവായിക്കും ന്യൂസീലൻഡിനും ഇടയിലായാണ് ഇതിന്‍റെ സ്ഥാനം. ഇന്ത്യക്കാര്‍ക്ക് സമോവയില്‍ എത്തുമ്പോൾ പ്രവേശന പെർമിറ്റ് ലഭിക്കും. ഇതിന് 60 ദിവസം വരെ കാലാവധിയുണ്ട്.
മൗറീഷ്യസ്
ലോകത്തിലെ ഏറ്റവും പ്രകൃതിരമണീയമായ രാജ്യങ്ങളിലൊന്നാണ് മൗറീഷ്യസ്. പഞ്ചാരമണൽ നിറഞ്ഞ് വെട്ടിത്തിളങ്ങുന്ന കടൽത്തീരങ്ങളും ഹൈക്കിങ് നടത്താന്‍ പറ്റിയ പാതകളും മനോഹരമായ മഴക്കാടുകളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുമെല്ലാം കൊണ്ട് അനുഗൃഹീതമായ രാജ്യമാണിത്.
ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ വീസ ഓൺ അറൈവൽ ലഭിക്കും. അത് 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം.
ഫിജി
ഇന്ത്യൻ പൗരന്മാർക്ക് ഫിജി സന്ദർശിക്കാൻ വീസ ആവശ്യമില്ല. നാലു മാസം വരെ ഫിജിയില്‍ വീസയില്ലാതെ തങ്ങാം. മടക്കയാത്രാ ടിക്കറ്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, താമസത്തിന്‍റെ തെളിവ്, എത്തിച്ചേരുന്ന തീയതിക്കു ശേഷം ആറു മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് എന്നിവ നൽകിയാൽ മതി.
തുവാലു
ശാന്തസമുദ്രത്തിലെ ഒൻപതു ദ്വീപുകളുടെ സമൂഹമാണ് തുവാലു. ഇവിടെയുള്ള ഫുനാഫുട്ടി സംരക്ഷണ മേഖലയിലെ ഇക്കോടൂറിസം പ്രസിദ്ധമാണ്. ഇന്ത്യയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് തുവാലുവിലേക്ക് പോകുമ്പോള്‍ മുന്‍കൂട്ടി വീസ എടുക്കേണ്ടതില്ല. ഇവിടെ എത്തിച്ചേരുമ്പോള്‍ ഒരു മാസത്തേക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കും. മതിയായ പണം, താമസിക്കുന്ന സ്ഥലത്തിന്‍റെ വിവരങ്ങളും പണമടച്ച തെളിവും, എത്തിച്ചേരുന്ന തീയതി മുതൽ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് എന്നിവ കയ്യില്‍ കരുതണം.
സീഷെൽസ്
മനോഹരമായ നിരവധി ബീച്ചുകളും പ്രകൃതിദത്ത റിസർവുകളും കൊണ്ട് നിറഞ്ഞ സീഷെൽസ് ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും സന്ദർശിക്കേണ്ട സ്ഥലമാണ്. ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിച്ചേരുമ്പോള്‍ത്തന്നെ സന്ദർശക പെർമിറ്റ് ലഭിക്കും. റിട്ടേൺ ടിക്കറ്റിന്‍റെ തെളിവ് ഹാജരാക്കിയാൽ മൂന്നു മാസം അവിടെ ചെലവഴിക്കാം.
നിയുവെ
ദക്ഷിണ പസഫിക്കിലെ മറഞ്ഞിരിക്കുന്ന രത്നങ്ങളിൽ ഒന്നാണിത്. ‘പോളിനേഷ്യയിലെ പാറ’ എന്ന ഓമനപ്പേരിലാണ് നിയുവെ അറിയപ്പെടുന്നത്. ന്യൂസീലൻഡിന്റെ 2,400 കിലോമീറ്റർ വടക്ക് കിഴക്കായി, ടോംഗ, സമോവ, കുക്ക് ഐലന്റ്സ് എന്നീ ദ്വീപുകള്‍ ചേര്‍ന്നുണ്ടാകുന്ന ത്രികോണത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും പോളിനേഷ്യൻ വംശജരാണ്. ഈ സ്ഥലത്തേക്കുള്ള സന്ദർശനം 30 ദിവസത്തിൽ താഴെയാണെങ്കിൽ വീസയെടുക്കേണ്ട ആവശ്യമില്ല. മതിയായ ഫണ്ട്, റിട്ടേൺ ടിക്കറ്റ് എന്നിവ കയ്യില്‍ വേണം.
English Summary: Gorgeous islands Indians can travel to without a visa