ADVERTISEMENT

നൈലയോടു വർത്തമാനം പറഞ്ഞാൽ പൊരിവെയിലത്തു നിന്നു പെരുമഴയിലേക്ക് ഓടിയിറങ്ങിയ പോലെ തോന്നും.

സംസാരം യാത്രകളെക്കുറിച്ചാണെങ്കിൽ ഞാറ്റുവേല പോലെ കഥകൾ പെയ്തിറങ്ങും. ദുബായ് നഗരത്തിനടുത്ത് മരുഭൂമിയിലെ ടെന്റിലിരുന്ന് അടുത്തിടെ നടത്തിയ തുർക്കി ട്രിപ്പിനെക്കുറിച്ച് പറഞ്ഞപ്പോഴും മധുരമുള്ള ഓർമകളുടെ ആലിപ്പഴങ്ങൾ പൊഴിഞ്ഞു. ചുരുൾ നിവർന്നു ചുമലിലേക്കുതിർന്ന മുടിയിഴകളെ തഴുകാനെത്തിയ തണുത്ത കാറ്റിനൊപ്പംനൈല പതുക്കെ പറഞ്ഞു;

nyla-usha

‘‘It was nice, It was beautiful...’’ പതിനെട്ടു വർഷമായി ദുബായിയിലെ ഒരു എഫ്എം റേഡിയോയിൽ അവതാരകയാണ് നൈല ഉഷ. ജീവിതകാലം മുഴുവൻ ദുബായ് നഗരത്തിൽ ജീവിക്കണമെന്നാണ് നൈലയുടെ ആഗ്രഹം. സ്വപ്നങ്ങളിലേക്കു കൈപിടിച്ചു നടത്തിയ രാജ്യത്തിന്റെ മനോഹാരിതയെ കുറിച്ചു ചോദിച്ചാൽ നൈലയുടെ മനസ്സ് കുട്ടിക്കാലത്തേക്കു വിമാനം കയറും. അബുദാബിയിലെ അൽ അയ്നിലെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കു പറിച്ചു നടപ്പെട്ട ബാല്യകാല ദൃശ്യങ്ങൾ അപ്പോൾ ചിറകടിച്ചെത്തും.

nyla-usha

‘‘ഞാൻ ജനിച്ചത് തിരുവനന്തപുരത്താണ്. അച്ഛന് അൽഅയ്നിലായിരുന്നു ജോലി. അബുദാബിയിലെ െചറിയ ദ്വീപാണ് അൽഅയ്ൻ. ഏഴാം ക്ലാസ് വരെ അവിടെയാണ് ഞാൻ പഠിച്ചത്. മുഴുനീളൻ വസ്ത്രങ്ങളും ഹാജാബും ധരിച്ചാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. എനിക്ക് ഖുർആൻ പാരായണം ചെയ്യാനറിയാം. വീട്ടിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയോടൊപ്പം നാട്ടിലേക്കു മടങ്ങേണ്ടി വന്നു’’ – വസന്തകാലത്തിനു മുൻപുള്ള മൂടൽമഞ്ഞ് നീങ്ങിയ പോലെ നൈലഓർമകളിലേക്ക് നടന്നു.

തിരുവനന്തപുരത്തു ഹോളി ഏയ്ഞ്ചൽ കോൺവന്റിലായിരുന്നു സ്കൂൾ– കോളെജ് വിദ്യാഭ്യാസം. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ടൂർ പോയത്. ആ യാത്ര കന്യാകുമാരിയിലേക്കായിരുന്നു. കൂട്ടുകാരികളോടൊപ്പംബീച്ചിൽ ഓടിയത് ഇന്നലെയെന്ന പോലെ ഓർക്കുന്നു. അവിടെ നിന്നു മടങ്ങുംവഴി പദ്മനാഭപുരം കൊട്ടാരത്തിൽ പോയി. മണിച്ചിത്രത്താഴ് റിലീസ് ചെയ്ത സമയമായിരുന്നു അത്. നാഗവല്ലിയായി ശോഭന നൃത്തം ചെയ്ത മണ്ഡപം അന്ന് അദ്ഭുതത്തോടെ നോക്കി നിന്നു.

nyla-usha-trip

അക്കാലത്ത് ഇംഗ്ലിഷ് ലിറ്ററേച്ചറിന് അഡ്മിഷൻ കിട്ടാത്തവർ തിരഞ്ഞെടുക്കുന്ന ബിരുദമായിരുന്നു കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്. ഞാൻ അതാണു പഠിച്ചത്. അന്നൊക്കെകോളെജിലെ മറ്റു ഡിപ്പാർട്മെന്റിൽ നിന്നുള്ള വിദ്യാർഥികളോടൊപ്പംടൂർ പോകാൻ അധ്യാപകർ മുന്നോട്ടു വരുമായിരുന്നു. എന്നാൽ, ഞങ്ങൾ ‘സ്പെഷ്യൽ ഇംഗ്ലിഷ്’പഠിക്കുന്നവരോടൊപ്പം വിനോദയാത്രയ്ക്ക് കൂടെ വരാൻ അധ്യാപകരെ തിരഞ്ഞു നടക്കേണ്ട അവസ്ഥയായിരുന്നു. ഞങ്ങളോടൊപ്പം ഗാർഡിയനായി വരാൻ തയാറായത് പ്രിൻസിപ്പാളിന്റെ ഓഫിസ് സ്റ്റാഫിൽ ഒരാളും ഒരു ഒരു കന്യാസ്ത്രീയുമായിരുന്നു.

പാവം കന്യാസ്ത്രീയോടൊപ്പം ഞങ്ങൾ മൂന്നാറിൽ പോയി. കൂട്ടുകാരിയുടെ ജീൻസ് അടിച്ചു മാറ്റി മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ കറങ്ങിയതൊക്കെ കോളെജ് കാലത്തെ രസകരമായ കുസൃതികളാണ്. കോളെജിൽ പഠിക്കുന്ന സമയത്ത് ടിവി ചാനലിൽ അവതാരകയായി പാർട് ടൈം ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ‘ആങ്കർ’ ചെയ്യാൻ അവസരം കിട്ടി. ദുബായിയിൽ നാൽപ്പത്തൊന്നു ദിവസം ഡ്യൂട്ടി ഉണ്ടായിരുന്നു. അറേബ്യൻ റേഡിയോയുടെ ഓഫിസിന്റെ മുന്നിലൂടെയാണ് രാവിലെ നടന്നു പോയിരുന്നത്. എല്ലാ ദിവസവും കൊതിയോടെ ആ ഓഫിസിലേക്ക് നോക്കുമായിരുന്നു. ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു. നാട്ടിലേക്കു തിരിച്ചപ്പോൾ കുറേ കരഞ്ഞു. ദുബായിയിൽ നിൽക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു സങ്കടം.

നാട്ടിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ലാൻഡ് ഫോണിലേക്ക് ഒരു വിളിവന്നു. അറേബ്യൻ ന്യൂസ് പുതുതായി മലയാളം എഫ്എം റേഡിയോ ആരംഭിക്കുന്നുണ്ടെന്നും റേഡിയോ ജോക്കികളെ ആവശ്യമുണ്ടെന്നും അറിയിക്കാൻ ആ സ്ഥാപനത്തിന്റെ മാനേജരാണു വിളിച്ചത്. സുഹൃത്തുക്കൾ എന്നെ കളിയാക്കാൻ ഒപ്പിച്ച പരിപാടിയാണെന്ന് ആദ്യം കരുതി. പക്ഷേ, അദ്ദേഹം വീണ്ടും വിളിച്ചു. 2004 ഏപ്രിലിൽ എആർഎൻ 6.7 എഫ്എം റേഡിയോയിൽ അവതാരകയായി ദുബായിയിൽ തിരിച്ചെത്തി.

പണ്ട് കൊതിയോടെ നോക്കി നിന്ന ഓഫിസിൽ, ഞാൻ ഏറെ മോഹിച്ച ജോലിയിൽ ഇപ്പോൾ പതിനെട്ടു വർഷം പൂർത്തിയാകുന്നു. ജോലിയാരംഭിച്ച ദിവസം മുതൽ ഇന്നു വരെ പുലർച്ചെ അഞ്ചിന് ഉറക്കമുണരും. ആറു മണിക്ക്പ്രോഗ്രാം തുടങ്ങും. പിന്നെ നാട്ടുവിശേഷങ്ങളും ലോകകാര്യങ്ങളുമായി പ്രേക്ഷകരരോടൊപ്പം സുഖം, സ്വസ്ഥം. ഈ ജന്മം മുഴുവൻ ഇവിടെ, ഇങ്ങനെ, ഇതേപോലെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com