കടലിനടിയില്‍ താമസം; മായകാഴ്ചകൾ തീർത്ത് അണ്ടര്‍വാട്ടര്‍ ഹോട്ടലുകള്‍
Mail This Article
സഞ്ചാരികള്‍ക്കിടയില്‍ ഇപ്പോള്‍ വളരെയധികം ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന ഒന്നാണ് അണ്ടര്‍വാട്ടര്‍ ഹോട്ടലുകള്‍. വെള്ളത്തിനടിയിലുള്ള മനോഹരമായ ലോകമാണ് ഇത്തരം ഇടങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. അണ്ടർവാട്ടർ റൂമുകൾ, ക്ലബ്ബുകൾ, സ്പാകൾ മുതൽ റസ്റ്ററന്റുകൾ വരെ ഇത്തരം ഹോട്ടലുകളില്‍ കാണും. ലോകത്തിലെ ഏറ്റവും മികച്ച ചില അണ്ടർവാട്ടർ ഹോട്ടലുകള്‍ പരിചയപ്പെടാം.
മാന്ത റിസോർട്ട്, സാൻസിബാർ
സാന്‍സിബാറിലെ പെംബ ദ്വീപിലാണ് മാന്ത റിസോര്‍ട്ട് എന്ന റൊമാന്റിക് അണ്ടര്‍വാട്ടര്‍ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. ജലനിരപ്പില്‍ നിന്നും 3 അടി താഴെയായി, മൂന്ന് നിലകളുള്ള ഹോട്ടലാണിത്.
ബോട്ട് വഴി മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാവൂ. താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലാണ്. ഏറ്റവും മുകള്‍വശത്ത് സണ്‍ബാത്ത് ചെയ്യാനുള്ള ഡെക്ക് ഒരുക്കിയിട്ടുണ്ട്. 360 ഡിഗ്രിയില്‍, ജലത്തിനടിയിലെ ജീവിതം നേരിട്ട് കാണാനുള്ള അവസരമൊരുക്കുന്നു എന്നതാണ് റിസോര്‍ട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
അറ്റ്ലാന്റിസ് ദി പാം, ദുബായ്
ഈന്തപ്പനയുടെ ആകൃതിയിലുള്ള ഒരു ദീപാണ് ദുബായിലെ പാം ജുമൈറ. ഇവിടുത്തെ അറ്റ്ലാന്റിസ് ആഡംബര ഹോട്ടലിലെ ഓരോ മുറിയും അങ്ങേയറ്റം മനോഹരമാണ്.
ഇവിടെയുള്ള രണ്ട് അണ്ടർവാട്ടർ സ്യൂട്ടുകൾ ഏറെ ശ്രദ്ധേയമാണ്. ഫ്ലോർ ടു സീലിങ് ജനലുകളുള്ള ഈ അണ്ടർവാട്ടർ റൂമുകളില്‍ നിന്ന് നോക്കിയാല്‍ “നഷ്‌ടപ്പെട്ട അറ്റ്‌ലാന്റിസ് നഗരത്തിന്‍റെ” കാഴ്ചകൾ കാണാം. എല്ലാ മുറികളിലും സ്വകാര്യ ബട്ട്‌ലറിന്‍റെ സേവനം ലഭിക്കും.
കോൺറാഡ് രംഗാലി ദ്വീപ്, മാലദ്വീപ്
കാജല്‍ അഗര്‍വാള്‍ ഹണിമൂണ്‍ ആഘോഷിച്ചത് കോൺറാഡ് രംഗാലി ദ്വീപിലായിരുന്നു. ഇതൊരു മൂന്ന് ബെഡ്‌റൂം വില്ലയാണ്. മുരക എന്നു പേരുള്ള കിടപ്പുമുറി മാത്രമല്ല, അണ്ടർവാട്ടർ റസ്റ്ററന്റായ ഇത്തായും വിസ്മയകരമാണ്. ഉപരിതലത്തിൽ നിന്ന് 16 അടി താഴെയാണ് റസ്റ്ററന്‍റ് സ്ഥിതി ചെയ്യുന്നത്. രുചികരവും പ്രാദേശികമായി ലഭിക്കുന്നതുമായ സമുദ്രവിഭവങ്ങൾ വിളമ്പുന്ന ഈയിടം, ആദ്യത്തെ "ഓൾ-ഗ്ലാസ് അണ്ടർസീ റെസ്റ്റോറന്റ്" എന്നറിയപ്പെടുന്നു.
ഇന്റർകോണ്ടിനെന്റൽ ഷാങ്ഹായ് വണ്ടർലൻഡ്, ചൈന
ചൈനയിലെ ഷാങ്ഹായിൽ നിന്ന് 30 മൈൽ അകലെയുള്ള ഒരു ആഡംബര റിസോർട്ടാണ് ഇന്റർകോണ്ടിനെന്റൽ ഷാങ്ഹായ് വണ്ടർലാൻഡ്. ഉപേക്ഷിക്കപ്പെട്ട ഒരു ക്വാറിക്കുള്ളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രണ്ട് അണ്ടർവാട്ടർ നിലകളാണ് ഹോട്ടലിനുള്ളത്. വെള്ളത്തിനടിയിലായി മിസ്റ്റർ ഫിഷർ എന്നു പേരുള്ള ഒരു റസ്റ്ററന്റും ഉണ്ട്. മുറി ബുക്ക് ചെയ്യാത്തവര്‍ക്കും ഇവിടെ വന്ന് ഭക്ഷണം കഴിക്കാം.
ഹുവാഫെൻ ഫുഷി മാലദ്വീപ്
വെള്ളത്തിനടിയിലുള്ള മറ്റൊരു മാലദ്വീപ് ഹോട്ടലാണ് ഹുവാഫെൻ ഫുഷി. ഇവിടെ താമസത്തിനുള്ള റൂമുകളല്ല ഉള്ളത്, പകരം അണ്ടർവാട്ടർ ട്രീറ്റ്മെന്റ് റൂമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവിടെ നല്‍കുന്ന അണ്ടർവാട്ടർ സ്പാ മാത്രമല്ല, ഒരു സ്വകാര്യ വൈറ്റ് സാൻഡ് ബീച്ച്, ഇൻഫിനിറ്റി പൂൾ, പ്രീമിയർ സ്നോർക്കലിങ് സ്പോട്ടുകൾ എന്നിവയും ഹുവാഫെൻ ഫുഷിയില്‍ ആസ്വദിക്കാം.
ജൂൾസ് അണ്ടർസീ ലോഡ്ജ്, ഫ്ലോറിഡ
ഫ്ലോറിഡയിലെ ജൂൾസ് അണ്ടർസീ ലോഡ്ജില്‍ താമസിക്കാൻ ഒരു നിബന്ധനയുണ്ട്, ഇവിടേക്ക് എത്താനായി 21 അടി താഴേക്ക് സ്കൂബ ഡൈവ് ചെയ്യണം. സംഗീതം, സിനിമകൾ, പുസ്തകങ്ങൾ പോലെയുള്ള വിനോദാനുഭവങ്ങളും ഒപ്പം സമുദ്രത്തിന്റെയും സമുദ്രജീവികളുടെയും മികച്ച കാഴ്ചകളും ഇവിടെയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
English Summary: Best Underwater Hotels in the World