ഇവിടം സന്ദർശിച്ചത് 9 പേർ മാത്രം; തിരമാലകള്‍ കുഴിച്ചെടുത്ത നിഗൂഢ ഗുഹ!
Mail This Article
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ വിൽസൺ പ്രൊമോണ്ടറിയുടെ തെക്ക് -പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ചെറിയ ഗ്രാനൈറ്റ് ദ്വീപാണ് സ്‌കൾ റോക്ക് എന്നും അറിയപ്പെടുന്ന ക്ലെഫ്റ്റ് ദ്വീപ്. വിൽസൺ പ്രൊമോണ്ടറി മറൈൻ നാഷണൽ പാർക്കിനുള്ളിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ കടൽപ്പക്ഷികളുടെ പ്രജനനത്തിനുള്ള ഒരു പ്രധാന ഇടമാണ് ഇവിടം.
ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ വാതുറന്നു പിടിച്ചു നില്‍ക്കുന്ന ഒരു ഭീമാകാരനായ ജീവിയെപ്പോലെയാണ് പാറയുടെ കാഴ്ച അനുഭവപ്പെടുക. പണ്ടുകാലം മുതല്‍ക്കേ തിരമാലകള്‍ മൂലം ഉണ്ടാകുന്ന അപരദന പ്രവര്‍ത്തനത്താല്‍ പാറ തുരന്നു വലിയൊരു ഗുഹയായി മാറി. ഇപ്പോള്‍, 130 മീറ്റർ വീതിയും 60 മീറ്റർ ഉയരവുമുള്ള ഒരു ഗുഹ ഇവിടെ കാണാം.
ആഴമേറിയതും സുരക്ഷിതവുമായ ഗുഹയ്ക്കുള്ളിൽ കൂടുകൂട്ടുന്ന കടൽപ്പക്ഷികളുടെ എണ്ണം കാരണം ഈ ദ്വീപ് പ്രകൃതിദത്ത പ്രാധാന്യമുള്ള ഒരു സൈറ്റ് കൂടിയാണ്. ഇവിടെയും അടുത്തുള്ള ദ്വീപുകളിലുമായി വലിയ ഫര്‍ സീലുകളുടെ കോളനിയും ഉണ്ട്. ബാസ് കടലിടുക്കിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഈ ദ്വീപ്, ഓസ്‌ട്രേലിയയിലെ ഏറ്റവും രസകരമായ പ്രകൃതിദത്ത രൂപീകരണങ്ങളിലൊന്നാണ്.
ഇന്നേവരെ വെറും ഒന്‍പതുപേര്‍ മാത്രമാണ് ഈ ഗുഹ സന്ദര്‍ശിച്ചിട്ടുള്ളത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. അപകടകരമായ വഴുവഴുപ്പുള്ള പാറക്കെട്ടുകളും ചുറ്റും ആര്‍ത്തലയ്ക്കുന്ന തിരമാലകളും കാരണം, പാറയ്ക്ക് മുകളിലേക്ക് കയറുന്നത് ആത്മഹത്യാപരമാണ്. സ്കോട്ടിഷ് ടെലിവിഷൻ അവതാരകനായ നീൽ ഒലിവർ ഉൾപ്പെട്ട സംഘം ഈയിടെ ഹെലികോപ്റ്ററിൽ ദ്വീപിൽ വന്നിറങ്ങിയിരുന്നു. ജീർണിച്ച പീരങ്കികളുടെ പഴയകാല അവശിഷ്ടങ്ങള്‍ അവര്‍ ഗുഹയില്‍ കണ്ടെത്തി. മുന്‍കാലങ്ങളില്‍ ഓസ്‌ട്രേലിയൻ പ്രതിരോധ സേന ഈ ഗുഹ ടാർഗെറ്റ് പരിശീലനത്തിനായി ഉപയോഗിച്ചിരുന്നതിന്‍റെ ബാക്കിപത്രമാവാം ഇതെന്ന് കരുതുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കമാൻഡോ പരിശീലന മേഖലയായി വിൽസൺ പ്രൊമോണ്ടറി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട കമാൻഡോകളുടെ സ്മാരകം ഇവിടെയുള്ള ടൈഡൽ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്‍റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗുഹ ഉള്‍ക്കൊള്ളുന്ന വിൽസൺസ് പ്രൊമോണ്ടറി നാഷണല്‍ പാര്‍ക്ക്. മെൽബണിൽ നിന്നും ഏകദേശം 157 കിലോമീറ്റർ തെക്കുകിഴക്ക് സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഏകദേശം 50,500 ഹെക്‌ടർ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്ക് പ്രകൃതിസ്നേഹികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ടൈഡൽ നദിയുടെ അഴിമുഖത്തിനു സമീപത്തായുള്ള ക്യാംപിങ് മേഖലയിൽ സന്ദര്‍ശകര്‍ക്കായുള്ള ലോഡ്ജുകളും സർവീസ്ഡ് ക്യാംപിങ് മേഖലകളും ധാരാളമുണ്ട്.
English Summary: Skull Rock Cleft Island Wilsons Promontory, Australia