പിസയിലെ ചെരിഞ്ഞ ഗോപുരത്തെ ഓർമിപ്പിച്ച് ഇൗ ക്ഷേത്രം
Mail This Article
പിസയിലെ ചെരിഞ്ഞ ഗോപുരത്തെപ്പറ്റി കേൾക്കാത്തവർ കാണില്ല. അതുപോലെ അദ്ഭുതകരമായ ചെരിവോടുകൂടിയ ക്ഷേത്രമുണ്ട് കിഴക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ. ഒഡിഷയിലെ വലിയ നഗരങ്ങളിലൊന്നായ സംബാൽപുരിന് 23 കിലോ മീറ്റർ തെക്ക്, മഹാനദിയുടെ തീരത്തുള്ള ഹുമ ഗ്രാമത്തിലാണ് വിസ്മയിപ്പിക്കുന്ന ഈ നിർമിതി. ശ്രീകോവിൽ ശിഖരം 15 ഡിഗ്രിയോളം ചെരിഞ്ഞാണ് കാണുന്നത്. വിമലേശ്വർ ക്ഷേത്ര പരിസരത്തിന്റെ വിശേഷത അവിെട തീരുന്നില്ല. പ്രധാന ശ്രീകോവില്‍ ചെരിഞ്ഞിരിക്കുന്നതിന് എതിർ വശത്തേക്കു ചെരിവുള്ള ഉപക്ഷേത്രങ്ങൾ കാണികളെ കൂടുതൽ വിസ്മയിപ്പിക്കുന്നു.
ചെരിച്ചു നിർമിച്ചതോ ചെരിയുന്നതോ?
പാറക്കെട്ടുകൾ നിറഞ്ഞ മഹാനദിക്കരയിൽ, നദിയിലേക്ക് ഇറങ്ങിയെന്നോണം സ്ഥിതി ചെയ്യുന്ന വിമലേശ്വർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗം സ്വയംഭൂവാണെന്നു വിശ്വസിക്കുന്നു. കലിംഗ നിർമാണശൈലിയിൽ ഉയരമേറിയ ശിഖരത്തോടുകൂടിയാണ് ക്ഷേത്ര ശ്രീകോവിൽ. 1500കളിൽ നിർമിതമായ വിമലേശ്വർ ക്ഷേത്രം സംബാൽപുരിലെ ആദ്യരാജാവായ ബൽറാം ദിയോ പണികഴിപ്പിച്ചതാണെന്നു വിശ്വസിക്കുന്നു. എന്നാൽ പ്രധാന ശ്രീകോവിൽ കെട്ടിടത്തിന് ഇപ്പോഴുള്ള ചെരിവ് അക്കാലത്തുണ്ടായിരുന്നോ, അത് ഡിസൈന്റെ ഭാഗമാണോ, ഇപ്പോഴും ചെരിഞ്ഞുകൊണ്ടിരിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. എങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിൽ ഈ ചെരിവു കാര്യമായി വർധിച്ചിട്ടില്ലത്രേ!
അടി നീളവും 120 അടി വീതിയുമുള്ള ഒരു കരിങ്കൽ കെട്ടിലാണ് ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്. വിശാലമായ ഈ അടിസ്ഥാനവും ഏറെ താഴ്ന്ന നിലയിലുള്ള സെന്റർ ഓഫ് ഗ്രാവിറ്റി പോയിന്റും ആകാം ചെരിഞ്ഞ സ്ഥിതിയിലും ക്ഷേത്രത്തെ നിലനിർത്തുന്നത് എന്നു കരുതുന്നു. വർഷകാലത്ത് മഹാനദിയിലെ അതിശക്തമായ ഒഴുക്കിൽ നിന്ന് ക്ഷേത്രത്തിനു സംരക്ഷണമേകാൻ ബോധപൂർവം ചെരിവു നൽകിയതാണ് എന്നു വിശ്വസിക്കുന്നവരുണ്ട്. പ്രധാന ശ്രീകോവിലിന്റെ ചെരിവ് വടക്കു കിഴക്ക് ദിശയിൽ നദിയുടെ വശത്തേക്കും മറ്റു നിർമിതികൾക്ക് നദിയിൽ നിന്ന് അകന്നു നിൽക്കും വിധവും ആയതിനു കാരണം ഇതാണെന്ന് ഇക്കൂട്ടർ അവകാശപ്പെടുന്നു. നദിയിലെ ഒഴുക്കും മണ്ണിന്റെ ഘടനയിൽ ഉണ്ടായ മാറ്റങ്ങളും കാരണം കാലങ്ങൾകൊണ്ട് രൂപപ്പെട്ടതാണ് ചെരിവ് എന്നു കരുതുന്നവരും ഉണ്ട്.
മഹാനദിയിലെ കാഴ്ചകൾ
സംബാൽപുർ പ്രദേശത്തെ ഒരു പ്രധാന തീർഥാടനകേന്ദ്രം കൂടിയാണ് വിമലേശ്വർ ക്ഷേത്രം. ഭൈരവി ക്ഷേത്രം, ഭുവനേശ്വർ ക്ഷേത്രം, അരുണസ്തംഭ, കപിലേശ്വർ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നീ ഉപക്ഷേത്രങ്ങളും ഈ സമുച്ചയത്തിലുണ്ട്. ഈ പ്രദേശത്തെ 8 പ്രധാന ശിവക്ഷേത്രങ്ങളിലൊന്നായിട്ടാണ് വിമലേശ്വർ ക്ഷേത്രത്തെ കണക്കാക്കുന്നത്.