ADVERTISEMENT

നയാഗ്രയുടെ സൗന്ദര്യത്തെ ആദ്യം ‘കേരളത്തിലെത്തിച്ചത്’ ഐ.വി. ശശിയാണ്, ‘ഏഴാം കടലിനക്കരെ’ എന്ന ചിത്രത്തിലൂടെ, ‘സുര ലോക ജലധാര ഒഴുകി..ഒഴുകി’ എന്ന ഗാനത്തിലൂടെ നയാഗ്രയുടെ മോഹിപ്പിക്കുന്ന സൗന്ദര്യം മലയാളികൾ ഒന്നടങ്കം കണ്ടു. വർഷങ്ങൾക്കു ശേഷം ‘ടു കൺട്രീസ്‌’ എന്ന ദിലീപ് ചിത്രത്തിലും നയാഗ്രയുടെ സൗന്ദര്യം കാണിച്ചിട്ടുണ്ട്.

സുന്ദരവും വന്യവുമായ ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഇപ്പോൾ പങ്കുവയ്ക്കുന്നത് കോതമംഗലം സ്വദേശികളായ ആലീസും ജോയിയുമാണ്. കാനഡയിലുള്ള മകളുടെ അടുത്തേയ്ക്ക് എത്തിയതായിരുന്നു ഇവര്‍. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടവും ആകാശത്തു തെളിഞ്ഞുനിൽക്കുന്ന മനോഹരമായ മഴവില്ലുമൊക്കെ വിഡിയോയിലുണ്ട്. പകലത്തെക്കാൾ അതിസുന്ദരിയാണ് രാത്രിയിൽ നയാഗ്ര വെള്ളച്ചാട്ടം. 

അദ്ഭുതം ഇൗ കാഴ്ച

ഏഴ് ലോകാദ്ഭുതങ്ങളിൽ ഒന്നായ നയാഗ്ര, യുഎസിന്റെയും കാനഡയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളിൽ നിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാം. ഹോഴ്സ് ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വിൽ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് നയാഗ്ര. ആറ് ദശലക്ഷം ക്യൂബിക് ഫീറ്റ് ജലമാണ് ഓരോ മിനിറ്റിലും താഴേക്കു പതിച്ചുകൊണ്ടിരിക്കുന്നത്.  ലോകത്തിൽ  ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയും ഈ വെള്ളച്ചാട്ടത്തിലാണ്.

visit-niagara-falls1
Image: Aji k Eldhose

165 അടി ഉയരത്തിൽ നിന്നാണ് ജലം താഴേക്കു പതിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ഇരമ്പലുമുണ്ട്. പുകപോലെ ജലം മുകളിലേക്ക് ഉയരുന്ന കാഴ്ച കൗതുകം ജനിപ്പിക്കും. അമേരിക്കയിൽനിന്ന് ഒഴുകിയെത്തുന്ന ജലം കാനഡയിലേക്കാണ് പതിക്കുന്നത്. 

മെയ്ഡ് ഓഫ് ദ് മിസ്റ്റ്

'മെയ്ഡ് ഓഫ് ദ് മിസ്റ്റ്' എന്ന ബോട്ട് യാത്ര ആരെയും ആകർഷിക്കും. സഞ്ചാരികളെ വലിയ ബോട്ടില്‍ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തു കൊണ്ടുപോകുന്നതാണ് 'മെയ്ഡ് ഓഫ് ദ് മിസ്റ്റ്. അതിശയകരമായ അനുഭവമാണത്. വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തുമ്പോൾ വസ്ത്രങ്ങൾ നനയാതിരിക്കാനായി യാത്രക്കാർക്ക് റെയിൻകോട്ടും നൽകും. 

visit-niagara-falls
Image: Aji k Eldhose

സന്ദർശനം എപ്പോൾ

നയാഗ്ര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം  ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ്. ശൈത്യകാലത്തും വെള്ളച്ചാട്ടം സന്ദർശിക്കാം, എന്നാൽ മെയ്ഡ് ഓഫ് ദ് മിസ്റ്റ് ബോട്ട് റൈഡ് പോലുള്ള പ്രധാന പ്രവർത്തനങ്ങൾ ആസ്വദിക്കാനാവില്ല.

English Summary: Niagara Falls in Canada: A Guide To A Majestic Waterfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com