ഒരൊറ്റ വീസയില്‍ 26 രാജ്യങ്ങൾ; ഷെങ്കന്‍ വീസ എളുപ്പത്തില്‍ ലഭിക്കുന്ന രാജ്യങ്ങള്‍
Mail This Article
ഫ്രാൻസ്, ജർമനി, ഗ്രീസ്, നോര്‍വേ, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങി യൂറോപ്പിലെ 26 രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്കന്‍ പ്രദേശം എന്നത്. ഈ രാജ്യങ്ങളുടെ അതിർത്തികളിൽ യാതൊരു നിയന്ത്രണങ്ങളും നിലവിലില്ല. അതായത്, ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതു പോലെ അടുത്തടുത്ത രാജ്യങ്ങളിലേക്ക് പോകാം. ഈ 26 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിനുള്ള ഒരൊറ്റ വീസയാണ് ഷെങ്കന്‍ വീസ. വീസ ഉടമയ്ക്ക് 6 മാസത്തിനുള്ളിൽ 90 ദിവസം വരെ ഷെങ്കന്‍ ഏരിയയിലെ ഏത് രാജ്യത്തും താമസിക്കാം. ഓരോ വര്‍ഷവും 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നു എന്നാണ് കണക്ക്. ഷെങ്കന്‍ വീസ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങള്‍ പരിചയപ്പെടാം.
സ്വിറ്റ്സർലൻഡ്
ലോകത്തില്‍ ഏറ്റവും കൂടുതൽ സഞ്ചാരികളുടെ സ്വപ്നമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്. സ്വിസ് ആൽപ്സിനും അതിമനോഹരമായ ഭൂപ്രകൃതിക്കും പേരുകേട്ട സ്വിറ്റ്സർലൻഡിലേക്കുള്ള വെക്കേഷന്‍ അധികം ബുദ്ധിമുട്ടാതെതന്നെ തരമാക്കാം. ഇവിടെ ഷെങ്കന്‍ വീസയ്ക്കുള്ള അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് പൊതുവേ കുറവാണ്. അപേക്ഷിക്കുന്ന മിക്ക ആളുകള്‍ക്കും വീസ ലഭിക്കാറുണ്ട്.
ഐസ്‌ലന്‍ഡ്
ന്യൂഡൽഹി കോൺസുലേറ്റിൽനിന്ന് വീസയ്ക്ക് അപേക്ഷിക്കുന്ന നൂറുപേരില്‍ 88 പേര്‍ക്കും ഐസ്‌ലന്‍ഡ് ടൂറിസ്റ്റ് വീസ ലഭിക്കും. ഇവിടേക്ക് ലഭിക്കുന്ന വീസ അപേക്ഷകള്‍ പൊതുവേ കുറവായതിനാല്‍ മിക്കവാറും എല്ലാ അപേക്ഷകളും സ്വീകരിക്കാറുണ്ട്.
എസ്റ്റോണിയ
വീസ ലഭിക്കാൻ എളുപ്പമുള്ള ഒരു ബാൾട്ടിക് രാജ്യമാണ് എസ്റ്റോണിയ. 2018 ലെ കണക്ക് അനുസരിച്ച്, വിദേശത്തുള്ള എസ്റ്റോണിയൻ എംബസികളിൽ സമർപ്പിച്ച അപേക്ഷകളിൽ 1.6% മാത്രമാണ് നിരസിക്കപ്പെട്ടത്. ബാക്കിയുള്ളവർക്ക് ഷെങ്കന്‍ ഏരിയയിലേക്കുള്ള ഹ്രസ്വകാല വിസയിൽ പ്രവേശനം അനുവദിച്ചു. കൂടാതെ, വീസ അപേക്ഷകൾ ലഭിക്കുന്നത് കുറവായതിനാൽ, എംബസികളിൽ സാധാരണയായി തിരക്ക് കുറവാണ്.
ലക്സംബർഗ്
ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള മറ്റൊരു എളുപ്പമേറിയ ഓപ്ഷനാണ് ലക്സംബര്‍ഗ്. വെറും 3.7% മാത്രമാണ് അപേക്ഷകളുടെ നിരസിക്കൽ നിരക്ക്. ഏറ്റവും കുറവ് അപേക്ഷകൾ ലഭിക്കുന്ന രാജ്യം കൂടിയാണിത്.
ബെൽജിയം
ബെല്‍ജിയം വീസ അപേക്ഷകള്‍ക്ക് 5.55% ആണ് നിരസിക്കൽ നിരക്ക്. ഭക്ഷണവിഭവങ്ങളുടെ രുചിക്ക് വളരെയധികം പേരുകേട്ടതാണ് ബെല്‍ജിയം. ചോക്ലേറ്റുകൾ, ബെൽജിയം വാഫിൾസ്, ബീയർ എന്നിവ ലോകമെമ്പാടുമുള്ള ടൺ കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ജർമനി, നെതർലൻഡ്‌സ്, ഫ്രാൻസ്, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഈ രാജ്യം, സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പ്രശസ്തമാണ്. മനോഹരമായ നിരവധി ചരിത്ര നഗരങ്ങൾ ഇവിടെയുണ്ട്.
ലിത്വാനിയ
ഷെങ്കൻ വീസ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള രാജ്യമാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 98.7% അപേക്ഷകർക്കും ഉദ്യോഗസ്ഥർ വീസ നൽകുന്നു. ഫ്രാൻസ്, ജർമനി എന്നിവ പോലെയുള്ള മറ്റ് ജനപ്രിയ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ലിത്വാനിയയ്ക്ക് പൊതുവേ അപേക്ഷകര്‍ കുറവാണ്.
English Summary: Easiest Countries to Get a Schengen Visa